നെടുമ്പാശ്ശേരി: സിയാൽ സുരക്ഷാ വിഭാഗത്തിലെ സ്ക്രീനർമാരുടെ ജാഗ്രതയോടെയുള്ള പ്രവർത്തനമാണ്10.86 കോടി രൂപയുടെ വിദേശ കറൻസി പിടികൂടാൻ സഹായകമായത്. കറൻസി വേട്ടയ്ക്ക് വഴിയൊരുക്കിയ സിയാൽ സുരക്ഷവിഭാഗത്തെ കസ്റ്റംസ് വകുപ്പ് അഭിനന്ദിക്കുകയും ചെയ്തു. വിമാനത്തിലേക്കുള്ള എല്ലാ ചെക്ക്്- ഇൻ ബാഗേജുകളും സ്ക്രീനിങ് ചെയ്യാനുള്ള ചുമതല സിയാൽ സെക്യൂരിറ്റി വിഭാഗത്തിനാണ്. ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റിയിൽനിന്ന്(ബി.സി.എ.എസ്.) പ്രത്യേക അനുമതി ലഭിച്ചിട്ടുള്ള സ്ക്രീനർമാരാണ് ഇവ സ്ക്രീൻ ചെയ്യുന്നത്. നാല് ഘട്ടങ്ങളിലായാണ് പരിശോധന. ആദ്യ ഘട്ടം മുതൽ മുഴുവൻ ബാഗേജും ത്രിമാന സ്കാനിങ് നടത്തുന്നത് ഇന്ത്യയിൽ സിയാലിെൻറ അന്താരാഷ്ട്ര ടെർമിനലിൽ മാത്രമാണ്. ബാഗേജിെൻറ വിശദമായ ത്രിമാന രൂപം ഒന്നാംഘട്ടത്തിലെ സ്ക്രീനർമാരുടെ കമ്പ്യൂട്ടർ സ്ക്രീനിൽ തെളിയും. വെറും 20 സെക്കൻഡിനുള്ളിൽ ഒന്നാംഘട്ട സ്ക്രീനിങ് പൂർത്തിയാക്കണം. ബുധനാഴ്ച പുലർച്ച 3.10ന് അഫ്ഗാൻ സ്വദേശി യൂസുഫ് മുഹമ്മദ് സിദ്ദീഖിയുടെ ബാഗിെൻറ പ്രതിബിംബം സിയാൽ സെക്യൂരിറ്റീസ് സീനിയർ അസിസ്റ്റൻറ് എം.ശ്രീകാന്തിെൻറ കമ്പ്യൂട്ടർ മോണിറ്ററിലെത്തി. വസ്ത്രങ്ങൾ, റൈസ് കുക്കർ തുടങ്ങിയവയാണ് ബാഗിൽ ഉണ്ടായിരുന്നതെങ്കിലും ഇവയ്ക്കുള്ളിലെ ചില ഭാഗങ്ങളിലെ സൂക്ഷ്മമായ നിറവ്യത്യാസം ശ്രീകാന്തിെൻറ ശ്രദ്ധയിൽപ്പെടുകയും വിശദപരിശോധനയ്ക്കായി രണ്ടാംഘട്ടത്തിലേക്ക് അയക്കുകയും ചെയ്തു. ഈ തീരുമാനമാണ് നിർണായകമായത്. സീനിയർ അസിസ്റ്റൻറ് കെ.എം.വിപിൻ വീണ്ടും ബാഗ് സ്ക്രീൻ ചെയ്തതോടെ സംശയം ബലപ്പെട്ടു. തുടർന്ന് ബാഗ് കൺവെയർ സംവിധാനത്തിൽനിന്ന് മാറ്റി എക്സ്റേ പരിശോധന നടത്തുകയായിരുന്നു. ബാഗിൽ അനധികൃതമായി എന്തോ ഉണ്ടെന്ന് ഇതോടെ വ്യക്തമായി. തുടർന്ന് നാലാംഘട്ടമായി, യാത്രക്കാരനെ വിളിച്ചുവരുത്തി ബാഗ് തുറപ്പിച്ചതോടെ റൈസ് കുക്കറിനുള്ളിലും വസ്ത്രങ്ങളിലും വിദഗ്ധമായി ഒളിപ്പിച്ച കറൻസി നോട്ടുകൾ കണ്ടെത്തുകയായിരുന്നു. സെക്യൂരിറ്റീസ് സൂപ്രണ്ടുമാരായ പി.ടി.മുഹമ്മദ് മുസ്തഫ, ടി.ജി. ബിജു,സീനിയർ അസിസ്റ്റൻറ് എ.പി.ബിജു, അസിസ്റ്റൻറ് മാനേജർ എസ്.കെ.രാജു എന്നിവരാണ് തുടർ ഘട്ടങ്ങളിൽ പരിശോധന നടത്തിയത്. ബാഗിൽ കറൻസി ഉണ്ടെന്ന് തെളിഞ്ഞതോടെ സിയാൽ ചീഫ് സെക്യൂരിറ്റി ഓഫിസർ സോണി ഉമ്മൻ കോശിയുടെ നിർദേശ പ്രകാരം കസ്റ്റംസ് വിഭാഗത്തെ അറിയിക്കുകയും സൂപ്രണ്ട് കാർത്തികേയെൻറ നേതൃത്വത്തിലുള്ള സംഘം തുടർ നടപടികൾ സ്വീകരിക്കുകയും ചെയ്തു. ഒരുദിവസം ഇരുപതിനായിരത്തോളം ബാഗേജുകളാണ് സിയാൽ സുരക്ഷവിഭാഗം പരിശോധിക്കുന്നത്. ഭൂരിഭാഗം വിമാനത്താവളങ്ങളിലും ആദ്യഘട്ടത്തിൽ സ്ക്രീനിങ് നടത്തുന്നത് എക്സ്റേ മെഷീൻ ഉപയോഗിച്ചാണ്. സിയാൽ ടെർമിനൽ -3യിൽ അത്യാധുനിക സി.ടി. സ്കാനർ ഉള്ളതിനാൽ തുടക്കംമുതൽ തന്നെ ഓരോ ബാഗിെൻറയും ത്രിമാന പ്രതിബിംബം ലഭിക്കും. ബാഗേജ് പരിശോധനയിൽ മികവ് കാണിച്ച സിയാൽ സുരക്ഷാ സ്ക്രീനർമാരെ കസ്റ്റംസ് ചീഫ് കമീഷണർ പുല്ലേല നാഗേശ്വര റാവു, കമീഷണർ സുമിത് കുമാർ എന്നിവർ അഭിനന്ദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.