കാലവർഷത്തിൽ പച്ചക്കറി-നെല്ല് ഉൽപാദന മേഖല തകർന്നു; നഷ്ടം 1.21 കോടി ആലപ്പുഴ: കാലവർഷത്തിൽ ജില്ലയിലെ പച്ചക്കറി-നെല്ല് ഉൽപാദന മേഖല തകർന്നു. കൃഷിവകുപ്പ് ദുരന്ത നിവാരണ അതോറിറ്റിക്ക് സമർപ്പിച്ച കണക്ക് പ്രകാരം 1.21 കോടിയുടെ നഷ്ടമാണ് ഈ രംഗത്ത് രേഖപ്പെടുത്തിയിരിക്കുന്നത്. നെല്ല് ഉൽപാദന മേഖലയിലാണ് കനത്ത നാശം സംഭവിച്ചിരിക്കുന്നത്. ചേപ്പാട്, വള്ളികുന്നം പ്രദേശങ്ങളിൽ കൊയ്യാറായ 58 ഹെക്ടറിലെ നെല്ല് പൂർണമായും വെള്ളത്തിനടിയിലായി. കർഷക കലണ്ടർ പ്രകാരം കൃഷി വൈകിയതാണ് വിളവെടുപ്പ് നീളാൻ കാരണമെന്ന് പ്രിൻസിപ്പൽ കൃഷി ഓഫിസ് അധികൃതർ പറഞ്ഞു. തകഴി പഞ്ചായത്തിലെ ഐവേലിക്കാട്, പുറക്കാട് നാലുതുറ വെസ്റ്റ്, നാലുതുറ നോർത്ത് എന്നിവിടങ്ങളിൽ 100 ഹെക്ടർ പാടത്ത് ചൊവ്വാഴ്ച ബണ്ട് പൊട്ടി മടവീണ് രണ്ടുദിവസമായ കൃഷി പൂർണമായും നശിച്ചു. പാട്ടത്തിനെടുത്ത് കൃഷിചെയ്യുന്നവരെയാണ് കൂടുതലും ബാധിച്ചിരിക്കുന്നത്. സംഭവത്തെത്തുടർന്ന് കലക്ടർ എസ്. സുഹാസിെൻറ നിർദേശപ്രകാരം ഉദ്യോഗസ്ഥർ ഇരുപ്രദേശങ്ങളും സന്ദർശിച്ചു. ശക്തമായ കാറ്റിൽ മരം കടപുഴകി വീണും ഏഴ് ഹെക്ടറിലെ പച്ചക്കറികൾ പൂർണമായും നശിച്ചു. കൂടാതെ 525 റബർ, 25 തെങ്ങ് എന്നിവയും നഷ്ടപ്പെട്ടു. രണ്ടുമാസം പ്രായമുള്ള 10 ഹെക്ടറിലെ കപ്പ, 10,000 കുലച്ച വാഴകൾ, 3000 തൈകൾ എന്നിങ്ങനെയാണ് മറ്റ് നാശനഷ്ടങ്ങളുടെ പട്ടിക. കുട്ടനാട്, തലവടി ഭാഗങ്ങളിൽ രണ്ട് ഹെക്ടർ വാഴയും വെളിയനാട് ഭാഗത്ത് ഒരു ഹെക്ടർ വാഴയും വള്ളികുന്നത്ത് 400 റബറും ഒരു ഏക്കർ വാഴയും ഒരു ഹെക്ടർ കപ്പയും പൂർണമായി നശിച്ചു. പാലമേൽ പഞ്ചായത്തിൽ ഒരുഹെക്ടർ പ്രദേശത്തെ പച്ചക്കറി, ഒരു ഏക്കറിലെ വാഴ, 100 റബർ, രണ്ട് ഹെക്ടറിൽ കപ്പ എന്നിവ വെള്ളക്കെട്ടിൽ നശിച്ചു. സമീപകാലങ്ങളിൽവെച്ച് ഏറ്റവും വലിയ കൃഷിനാശമാണ് ഉണ്ടായത്. കഴിഞ്ഞ വർഷം 1.15 കോടിയുടെ നഷ്ടമാണുണ്ടായത്. മഴ വീണ്ടും ശക്തിപ്രാപിച്ചാൽ കൃഷിനാശത്തിെൻറ തോത് ഉയരും. അതേസമയം, മുഴുവൻ കർഷകർക്കും നഷ്ടപരിഹാരം നൽകാൻ കഴിയില്ലെന്നാണ് കൃഷി വകുപ്പ് പറയുന്നത്. കൃഷി നഷ്ടപ്പെട്ട കർഷകരുടെ കണക്ക് അധികൃതർ ശേഖരിച്ച് വരുന്നതേയുള്ളു. പുറക്കാട് മടവീഴ്ച; താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിൽ അമ്പലപ്പുഴ: കിഴക്കൻ വെള്ളത്തിെൻറ വരവ് ശക്തമായതോടെ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിലായി. കൃഷികളും വീടുകളും മുങ്ങി. അടുത്തദിവസം കൃഷിചെയ്യാനിരുന്ന പുറക്കാട് പഞ്ചായത്ത് തോട്ടപ്പള്ളിയിലെ നൂറേക്കറുള്ള നാലുചിറ വടക്ക് പാടശേഖരത്താണ് മട വീണത്. പാടത്തിെൻറ തെക്കേപുറം ബണ്ടിൽ തൂമ്പ് തള്ളിപ്പോയതാണ് മടവീഴ്ചയുണ്ടാകാൻ കാരണം. പുറക്കാട് പഞ്ചായത്തിൽ ഏറ്റവുമധികം തുക ചെലവഴിച്ച് പുറംബണ്ട് നിർമിച്ച ഈ പാടശേഖരത്ത് മട വീണതോടെ കർഷകരുടെ ആഴ്ചകൾ നീണ്ട അധ്വാനമാണ് പാഴായത്. സമീപത്തുള്ള 120 ഏക്കറുള്ള നാലുചിറ വടക്ക്, 175 ഏക്കറുള്ള കൃഷിത്തോട്ടം എന്നീ പാടശേഖരങ്ങളും മടവീഴ്ച ഭീഷണിയിലാണ്. മടവീഴ്ചയിൽ ഉൾനാടൻ മത്സ്യത്തൊഴിലാളിയായ അഖിൽ ഭവനത്തിൽ അശോകെൻറ വള്ളവും നീട്ടുവലയും തകർന്നു. ഏകദേശം ഒരുലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. കൊട്ടാരവളവ്, സി. കേശവൻ പാലം, ചീപ്പ് പാലം, പുളിക്കൽത്തറ പ്രദേശങ്ങൾ വെള്ളപ്പൊക്ക ഭീഷണിയിലാണ്. നൂറുകണക്കിന് വീടുകളിൽ വെള്ളം കയറി ജനജീവിതം ദുസ്സഹമായി. ഈ പ്രദേശങ്ങളിൽ കരകൃഷിയും വെള്ളത്തിലായി. തോട്ടപ്പള്ളി പൊഴി മുറിക്കൽ ആരംഭിച്ചെങ്കിലും കിഴക്കൻ പ്രദേശങ്ങളിലെ വെള്ളപ്പൊക്കത്തിന് അറുതിവന്നിട്ടില്ല. ഒരാഴ്ച മുമ്പാണ് തോട്ടപ്പള്ളി പൊഴിമുറിക്കൽ ആരംഭിച്ചത്. എങ്കിലും നീരൊഴുക്ക് സുഗമമായിട്ടില്ല. ഇത് കണക്കിലെടുത്ത് പൊഴി പൂർണമായും മുറിച്ചുമാറ്റി നീരൊഴുക്ക് ശക്തിപ്പെടുത്താൻ ശ്രമം ആരംഭിച്ചു. വെള്ളപ്പൊക്ക ഭീഷണിയുള്ള പ്രദേശങ്ങളിൽ ദുരിതാശ്വാസ ക്യാമ്പ് ആരംഭിക്കണമെന്നും ആവശ്യമുയർന്നിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.