ചെങ്ങന്നൂർ: ഒരിക്കൽ ചെമ്പുപാത്രനിർമാണത്തിലൂടെ മാന്നാറിെൻറ ലോഹമഹിമ ലോകമെമ്പാടുമെത്തിച്ച വിശ്വകർമജ സമൂഹം മാറിയ കാലത്തിനനുസരിച്ച് കരവിരുതും കലാമനസ്സും തിരുത്തി സജീവമാകുന്നു. ഭാരവും വിലയും കുറഞ്ഞ അലുമിനിയം അലോയ് ഉൽപന്നങ്ങളുടെ വരവോടെ ചെമ്പുതകിടുകൾ ഉപയോഗിച്ചുള്ള നിത്യോപയോഗ പാത്രങ്ങളുടെ നിർമാണം മന്ദീഭവിച്ചിരുന്നു. ഇതോടെ മങ്ങിയ ചെമ്പ് നിർമാണ മേഖലയാണ് വീണ്ടും സജീവമാകുന്നത്. വിവിധ വലുപ്പത്തിലും അളവിലുമുള്ള ചെമ്പ് തകിട് വെട്ടിയെടുത്ത് പലതരം പാത്രങ്ങൾ നിർമിക്കുന്നതിൽ അതിവിദഗ്ധരായിരുന്നു മാന്നാറിലെ വിശ്വകർമജർ. നവസാരം ഉപയോഗിച്ചുള്ള വിളക്കലും (കൂട്ടിയോജിപ്പിക്കൽ) ഈയം പൂശലും നിർമാണത്തിലേർപ്പെട്ടിരുന്നവരെ ആസ്ത്മ ബാധിതരാക്കി. ഒന്നര പതിറ്റാണ്ട് മുമ്പുവരെ കുരട്ടിക്കാട്, മാന്നാർ പ്രദേശങ്ങളിലെ വീടുകളിലും കടകളിലുമായി ഇരുന്നൂറോളം തൊഴിലാളികൾ പണിയെടുത്തിരുന്നു. വഴിയാത്രക്കാർക്ക് കാണുംവിധത്തിൽ വ്യാപാര സ്ഥാപനങ്ങളോടുചേർന്നാണ് ആലകൾ എന്ന പണിശാലകൾ പ്രവർത്തിച്ചിരുന്നത്. അക്കാലത്ത് മാന്നാറിലെ ചെമ്പ് പാത്രങ്ങൾക്കും ആവശ്യക്കാർ ഏറെയായിരുന്നു. കുടം, കലം, കഷായം തയാർ ചെയ്യുന്ന 100 മുതൽ 500 ലിറ്റർ വരെയുള്ള വലിയ കലങ്ങൾ, മൊന്ത, ചെമ്പ്, ചരുവം, നെല്ല് പുഴുങ്ങാനുപയോഗിക്കുന്ന കുട്ടകം, വട്ടച്ചെമ്പ് തുടങ്ങി വീട്ടാവശ്യങ്ങൾക്കുള്ളവയെല്ലാം ചെമ്പുതകിടിൽ അക്കാലത്ത് നിർമിച്ചിരുന്നു. വർത്തമാനകാലത്ത് ചെമ്പുപാത്രങ്ങൾക്ക് വേണ്ടത്ര പ്രചാരമില്ലെങ്കിലും ക്ഷേത്രസംബന്ധമായ ആവശ്യങ്ങൾക്ക് ധാരാളമായി ഉപയോഗിച്ചുവരുന്നു. സ്തൂപിക അല്ലെങ്കിൽ താഴികക്കുടങ്ങൾ, കലശക്കുടങ്ങൾ എന്നിവ ചെമ്പ് ഉപയോഗിച്ച് നിർമിക്കുന്നതിലും മാന്നാറിലെ വിശ്വകർമജർ അഗ്രഗണ്യരാണ്. വിദേശരാജ്യങ്ങളിൽവരെ മാന്നാറുകാർ ഇതിൽ വൈദഗ്ധ്യം തെളിയിച്ചിട്ടുണ്ട്. നൂറിൽപരം ആളുകൾ ഈ വേലകളിൽ വ്യാപൃതരാണ്. ചെമ്പ് ഷീറ്റുകളിൽ മനോഹരമായ കൊത്തുപണികൾ നടത്തി പഞ്ചനക്ഷത്ര ഹോട്ടലുകളിെലയും കല്യാണ മണ്ഡപങ്ങളുടേയും തൂണുകൾ ചെമ്പുതകിട് ഉപയോഗിച്ച് മനോഹരമായ രീതിയിൽ കവറിങ് ചെയ്യാനും മാന്നാറിൽ വിദഗ്ധ തൊഴിലാളികളുണ്ട്. ചെമ്പ് നിർമാണമേഖല വീണ്ടും ഉണർന്നതോടെ മറ്റ് മേഖലകളിലേക്ക് തിരിഞ്ഞവർ മടങ്ങിയെത്തുെമന്നാണ് കരുതുന്നത്. കരകൗശലമേഖലയിൽ ആറന്മുളക്കണ്ണാടിക്കും ആലപ്പുഴ കയറിനും ലഭിച്ച ഭൂമിശാസ്ത്ര സൂചകോൽപന്നങ്ങളിൽ ഇടംപിടിക്കാൻ മാന്നാർ ചെമ്പുപാത്ര നിർമാണത്തിനും അർഹതയുണ്ട്. എം. ബി. സനൽകുമാരപ്പണിക്കർ
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.