വിഴിഞ്ഞം കരാർ: കൂട്ടായ തീരുമാനത്തിൽ വ്യക്തികളെ കുറ്റക്കാരായി കാണാനാവില്ലെന്ന്​ കമീഷൻ

കൊച്ചി: വിഴിഞ്ഞം തുറമുഖ നിർമാണത്തിനുള്ള കരാർ നടപടികൾ കേന്ദ്ര നിർദേശങ്ങളുടെയും സർക്കാറി​െൻറ കൂട്ടായ തീരുമാനത്തി​െൻറയും അടിസ്ഥാനത്തിലായിരുന്നതിനാൽ വ്യക്തികളെ കുറ്റക്കാരായി കാണാനാവില്ലെന്ന് അന്വേഷണ കമീഷൻ. ബുധനാഴ്ചത്തെ സിറ്റിങ്ങിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ വാദം കേൾക്കുന്നതിനിടെയായിരുന്നു കമീഷൻ നിരീക്ഷണം. കേന്ദ്രനിർദേശങ്ങളും നിയമോപദേശവും പാലിച്ചാണ് മുൻ സർക്കാർ കരാർ നൽകിയതെന്നാണ് രേഖകൾ വ്യക്തമാക്കുന്നത്. ചീഫ് സെക്രട്ടറി, വിവിധ വകുപ്പ് മേധാവികൾ ഉൾപ്പെടുന്ന ഉന്നതാധികാര സമിതി തീരുമാനത്തിൽ മുൻ മുഖ്യമന്ത്രി ഉൾപ്പെടെ വ്യക്തികളെ കുറ്റക്കാരായി കാണാനാവിെല്ലന്നും കമീഷൻ പറഞ്ഞു. കേന്ദ്ര നിർദേശങ്ങൾ പാലിക്കുന്ന കരാർ വ്യവസ്ഥകളിൽ പിന്നീടെപ്പോഴെങ്കിലും മാറ്റം വരുത്തിയിട്ടുണ്ടോയെന്ന് കമീഷൻ അധ്യക്ഷൻ ജസ്റ്റിസ് സി.എൻ. രാമചന്ദ്രൻ നായർ ആരാഞ്ഞു. കേന്ദ്ര ആസൂത്രണ കമീഷൻ, ധനകാര്യമന്ത്രാലയം, കേന്ദ്ര വിജിലൻസ് കമീഷൻ എന്നിവരുടെ നിർദേശങ്ങൾ പാലിക്കുന്ന പൊതു-സ്വകാര്യ പങ്കാളിത്ത മാതൃകയിലായിരുന്നു െടൻഡർ നടപടികളെന്ന് ഉമ്മൻ ചാണ്ടിയുടെ അഭിഭാഷകൻ മറുപടി നൽകി. പലതവണ നടക്കാതെപോയ പദ്ധതിയുമായി സർക്കാർ മുന്നോട്ടുപോകുകയായിരുന്നു. വ്യവസ്ഥകൾ പാലിച്ചാണ് ടെൻഡറിലേക്ക് യോഗ്യതപത്രവും നിർദേശപത്രവും സമർപ്പിക്കാൻ കമ്പനികളെ ക്ഷണിച്ചത്. മൂന്നു കമ്പനികൾ താൽപര്യപത്രം നൽകിയിരുന്നെങ്കിലും ടെൻഡർ സമർപ്പിച്ചില്ല. മുഖ്യമന്ത്രിയെന്ന നിലയിൽ കമ്പനിയുമായി സംസാരിച്ചിരുന്നു. എന്നാൽ, ഏതെങ്കിലും കമ്പനിക്ക് അനുകൂലമായി വ്യവസ്ഥകൾ മാറ്റിയിട്ടില്ല. വ്യവസ്ഥകളിലുണ്ടായ മാറ്റം മറ്റ് കമ്പനികളെയും യഥാസമയം അറിയിച്ചു. ടെൻഡറുമായി അദാനി ഗ്രൂപ് മാത്രമെത്തിയപ്പോഴും വിദഗ്ധോപദേശവും വ്യവസ്ഥകളും പാലിച്ചിരുന്നു. വിഴിഞ്ഞം തുറമുഖം സാമ്പത്തികമായി നിലനിൽക്കുന്നതല്ലെന്ന് 2010ൽ സർക്കാർ നിയോഗിച്ച വിദഗ്ധ സമിതി റിപ്പോർട്ട് നൽകിയിരുന്നു. എന്നാൽ, തുടർന്നുവന്ന സർക്കാറും ഉന്നതാധികാര സമിതിയും ഉദ്യോഗസ്ഥരും പദ്ധതിയുമായി മുന്നോട്ടുപോകാൻ താൽപര്യപ്പെട്ടു. ഏതെങ്കിലും വിധത്തിലുള്ള അഴിമതിയോ സാമ്പത്തിക ക്രമക്കേടോ നടന്നെന്ന് വിശ്വസിക്കുന്നപക്ഷം സർക്കാറിന് പദ്ധതി റദ്ദാക്കാനുള്ള അവകാശമുണ്ട്. പദ്ധതിയുമായി മുന്നോട്ടുപോകുകയും അന്വേഷണ കമീഷനെ നിയോഗിക്കുകയും ചെയ്തത് സർക്കാറി​െൻറ ഇരട്ടത്താപ്പാണെന്നും ഉമ്മൻ ചാണ്ടിയുടെ അഭിഭാഷകൻ ചൂണ്ടിക്കാട്ടി. സിറ്റിങ് ഇന്നും തുടരും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.