എടത്തല: എടത്തല കുഞ്ചാട്ടുകരയിൽ ചൊവ്വാഴ്ച വൈകീട്ട് ബൈക്കും പൊലീസുകാർ സഞ്ചരിച്ച സ്വകാര്യ കാറും തമ്മിൽ ഉരസിയതിനെച്ചൊല്ലിയുണ്ടായ തർക്കത്തെത്തുടർന്ന് ബൈക്ക് യാത്രികനായ ഉസ്മാനെ പൊലീസ് മർദിച്ചതിൽ വ്യാപക പ്രതിഷേധം. വിവിധ സംഘടനകളുടെ ആഭിമുഖ്യത്തിൽ എടത്തല പൊലീസ് സ്റ്റേഷനിലേക്ക് ബുധനാഴ്ച നടന്ന ബഹുജന മാർച്ചിലും റോഡ് ഉപരോധത്തിലും പ്രതിഷേധം ഇരമ്പി. ചുണങ്ങംവേലിയിൽ നിന്ന് ആരംഭിച്ച പ്രകടനം പൊലീസ് സ്റ്റേഷന് സമീപം റോഡ് ഉപരോധത്തോടെയാണ് സമാപിച്ചത്. ബുധനാഴ്ച രാവിലെ ഒരു മണിക്കൂറോളം ആലുവ-പെരുമ്പാവൂർ റോഡിൽ നാലാംമൈലിനുസമീപം പ്രതിഷേധക്കാർ റോഡ് ഉപരോധിച്ചു. ഇതോടെ ഗതാഗതം സ്തംഭിച്ചു. ഡി.സി.സി വൈസ് പ്രസിഡൻറ് മുഹമ്മദ് ഷിയാസ് പ്രതിഷേധയോഗം ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ് നേതാക്കളായ എം.കെ.എ. ലത്തീഫ്, സി.യു. യൂസഫ്, തോപ്പിൽ അബു, ബാബു പുത്തനങ്ങാടി, എം.ജെ. ടോമി, മുംതാസ് ടീച്ചർ, സാജിത അബ്ബാസ്, എ.എ. മായിൻ, ഉസ്മാൻ തോലക്കര, ടി.എ. ബഷീർ, പി.കെ.എ. ജബ്ബാർ, പി.കെ. മൂസ, അഷ്റഫ് വാളൂരാൻ, വി.കെ. ഷൗക്കത്ത്, ദിനിൽ ദിനേശ് എന്നിവർ സംസാരിച്ചു. കോൺഗ്രസ്, എസ്.ഡി.പി.ഐ, യുവമോർച്ച തുടങ്ങിയ സംഘടനകളാണ് പ്രതിഷേധത്തിൽ പങ്കെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.