''നാട്ടുകാർ ഇടപെട്ടില്ലായിരുന്നെങ്കിൽ ഉസ്മാന് ശ്രീജിത്തി​െൻറ ഗതി വരുമായിരുന്നു''

ആലുവ: ''നാട്ടുകാർ ഇടപെട്ടില്ലായിരുന്നെങ്കിൽ ഉസ്മാന് ശ്രീജിത്തി​െൻറ ഗതി വരുമായിരുന്നു''... ഇക്കാര്യം പറയുമ്പോൾ ഉസ്മാ​െൻറ സഹോദരൻ സിദ്ദീഖിന് സങ്കടവും ജീവൻ തിരിച്ചുകിട്ടിയതിൽ ആശ്വാസവും. നോമ്പുതുറക്കുള്ള സാധനങ്ങൾ വാങ്ങാൻ പോയതാണ് ഉസ്മാൻ. ഇതിനിെടയാണ് കുഞ്ചാട്ടുകരയിൽ െവച്ച് സ്വകാര്യ കാർ ബൈക്കിൽ ഇടിച്ചത്. ഇതിനെതിരെ പ്രതികരിച്ചതോടെ കാർ ഓടിച്ചിരുന്നയാൾ അസഭ്യം പറയുകയും മർദിക്കുകയുമായിരുന്നു. ഗുണ്ടാസംഘത്തെപ്പോലെ ഇയാൾ പെരുമാറിയതിനാൽ ഉസ്മാൻ പ്രതിരോധിക്കാൻ ശ്രമിച്ചു. ഇതോടെയാണ് കാറിലുണ്ടായിരുന്ന മറ്റുള്ളവർ മർദിച്ചതും കാറിലേക്ക് വലിച്ചുകയറ്റിയതും. ഗുണ്ടാസംഘം തട്ടിക്കൊണ്ടുപോകുന്നെന്ന പ്രതീതിയാണ് നാട്ടുകാർക്ക് തോന്നിയത്. അതിനാൽ ചിലർ ഉടൻ തന്നെ ഉസ്മാനെ ആരോ തട്ടിക്കൊണ്ടുപോയതായി വിളിച്ച് അറിയിച്ചെന്ന് സിദ്ദീഖ് പറയുന്നു. ഉടൻ മറ്റ് സഹോദരന്മാരെയും കൂട്ടി പരാതി നൽകാൻ എടത്തല സ്‌റ്റേഷനിൽ ചെല്ലുമ്പോൾ ഹൃദയം തകർക്കുന്ന കാഴ്ചയാണ് കാണാൻ കഴിഞ്ഞത്. അവിടെ പൊലീസുകാർ ചേർന്ന് ഉസ്മാനെ ക്രൂരമായി മർദിക്കുകയായിരുന്നു. ഇതിനെതിരെ പ്രതികരിച്ച തങ്ങളോട് വളരെ മോശമായാണ് പെരുമാറിയത്. ജമാൽ എന്ന പൊലീസുകാരൻ അവഹേളിച്ചു. നോമ്പുതുറക്കാൻ വെള്ളം കൊടുക്കാൻപോലും തയാറായില്ല. അകത്ത് കയറാൻ ശ്രമിച്ച സഹോദരങ്ങളെ തള്ളി പുറത്താക്കി. ഇതിനിടെ നാട്ടുകാർ സംഘടിച്ചെത്തിയപ്പോൾ മാത്രമാണ് പൊലീസ് അയഞ്ഞത്. എങ്കിലും ജമാൽ എന്ന പൊലീസുകാരൻ അവരെയും വെല്ലുവിളിക്കുന്നുണ്ടായിരുന്നു. താൻ യൂനിഫോമില്ലാതെ കുഞ്ചാട്ടുകരയിൽ വരാമെന്ന് പറഞ്ഞായിരുന്നു ആ പൊലീസുകാര​െൻറ വെല്ലുവിളി. തന്നെ പെറ്റിക്കേസിൽ കുടുക്കി ശരിയാക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും സിദ്ദീഖ് പറയുന്നു. ഉസ്മാന് ദേഹമാസകലം മർദനമേറ്റിട്ടുണ്ട്. ബൂട്ടുകൊണ്ട് ചവിട്ടിയിരുന്നു. ഇതിനിെട ഉസ്മാനെ കുടുക്കാൻ പഴയ ചില കേസുകൾ കുത്തിപ്പൊക്കുകയാണെന്നും സിദ്ദീഖ് ആരോപിക്കുന്നു. വർഷങ്ങൾക്കുമുമ്പ് കൊച്ചിൻ ബാങ്ക് പരിസരത്ത് കുഞ്ചാട്ടുകരയിലെ ഒരു സ്ത്രീ അപകടത്തിൽ മരിച്ചതറിഞ്ഞാണ് ഉസ്മാനടക്കമുള്ള നാട്ടുകാർ അവിടേക്ക് പോയത്. എന്നാൽ, സംഭവശേഷം പൊലീസ് എത്താൻ വൈകിയതിനാൽ അപകടം നടന്ന പ്രദേശത്തെ നാട്ടുകാർ പ്രതിഷേധം നടത്തി. ഇത് വിഡിയോയിൽ പകർത്തി കണ്ടാലറിയാവുന്ന നൂറ്റമ്പതോളം പേർക്കെതിരെ പൊലീസ് കേസെടുത്തതിലാണ് ഉസ്മാൻ ഉൾപ്പെട്ടത്. ഇതി​െൻറ മറവിൽ ഉസ്മാനെ വലിയ കുറ്റവാളിയാക്കാനുമാണ് പൊലീസ് ശ്രമിക്കുന്നതെന്നും സിദ്ദീഖ് ആരോപിച്ചു. -യാസർ അഹമ്മദ്
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.