ആലപ്പുഴ: കടലിൽ പ്ലാസ്റ്റിക് മാലിന്യങ്ങൾ വർധിക്കുന്നത് ജീവജാലങ്ങളുടെ നിലനിൽപിനെ ബാധിക്കുന്നതായി റിപ്പോർട്ട്. നിലവിൽ 80 മുതൽ 90 ശതമാനം പ്ലാസ്റ്റിക് ഉൽപന്നങ്ങൾ കടലിലുണ്ടെന്നാണ് പഠനങ്ങൾ തെളിയിക്കുന്നതെന്ന് കൊച്ചിൻ സർവകലാശാല മറൈൻ ബയോളജി വിഭാഗം പ്രഫസർ ഡോ. എസ്. ബിജോയി നന്ദൻ വ്യക്തമാക്കി. കടലിൽനിന്ന് പിടച്ചെടുത്ത ചെറിയ മത്സ്യങ്ങളിൽപോലും പ്ലാസ്റ്റിക്കിെൻറ സാന്നിധ്യം തിരിച്ചറിഞ്ഞിട്ടുണ്ട്. മുമ്പ് കൂടെക്കൂടെ പ്രത്യക്ഷപ്പെട്ടിരുന്ന ചാകര പ്രതിഭാസം ഇല്ലാതായികൊണ്ടിരിക്കുകയാണ്. തീരമേഖലകളിൽ മത്സ്യങ്ങൾ കിട്ടാത്ത സ്ഥിതിയിലേക്ക് എത്തിക്കഴിഞ്ഞു. പ്രകൃതിക്കും മനുഷ്യനും ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുന്ന വിവിധ രാസപദാർഥങ്ങൾ അടങ്ങുന്ന പ്ലാസ്റ്റിക്കുകളാണ് ഇപ്പോൾ കടലിൽനിന്നും ലഭിക്കുന്നത്. വലിയ കപ്പൽ മുതൽ ഇടത്തരം ജലയാനങ്ങൾ ഒരുവർഷം അഞ്ച് ലക്ഷം ടൺ പ്ലാസ്റ്റിക് മാലിന്യം തള്ളുന്നുണ്ട്. കെട്ടിക്കിടക്കുന്ന മാലിന്യങ്ങൾ കുഴമ്പ് രൂപത്തിലുള്ള സൂപ്പുകളായി മാറിരിക്കുകയാണ്. പ്ലാസ്റ്റിക്കിെൻറ ഉപയോഗം കുറച്ചാൽ മാത്രമേ കടൽസമ്പത്ത് കാത്തുസൂക്ഷിക്കാൻ കഴിയൂ. ഇത്തരം മത്സ്യങ്ങൾ ഉപയോഗിച്ചാൽ വലിയ ആരോഗ്യ പ്രശ്നങ്ങൾക്ക് സാധ്യത പതിന്മടങ്ങാണ്. അർബുദ രോഗികളുടെ എണ്ണം വർധിക്കുന്നതിന് പ്ലാസ്റ്റിക് മുഖ്യകാരണമായി ഗവേഷകർ ചൂണ്ടിക്കാട്ടുന്നുണ്ട്. പ്ലാസ്റ്റിക്കിെൻറ ഘടനകൾ മാറുന്നതിനനുസരിച്ച് അതിെൻറ പരിസ്ഥിതിക ആഘാതങ്ങൾ ഉയരും. കൊച്ചിൻ സർവകലാശാല കടലാമകളിൽ നടത്തിയ മറ്റൊരു പഠനത്തിൽ കടലാമകളിൽനിന്ന് ലഭിച്ച പ്ലാസ്റ്റിക് മാലിന്യങ്ങളുടെ എണ്ണം അദ്ഭുതപ്പെടുത്തുന്നതായിരുന്നു. പ്ലാസ്റ്റിക് കടലാമകൾക്ക് വൻനാശമാണ് ഉണ്ടാക്കിയിരിക്കുന്നത്. ഇപ്പോൾ ഉള്ളവയും നാശത്തിെൻറ വക്കിലാണ്. ജലാശയങ്ങളിൽ പ്ലാസ്റ്റിക് ചെറിയ കണങ്ങളായി മാറിയാൽ വലിയ വിപത്തിന് കാരണമാകുമെന്ന് ഡോ. എസ്. ബിജോയി നന്ദൻ പറഞ്ഞു. ജീവജാലങ്ങളിൽ ഇവ ഉണ്ടാക്കുന്ന മാറ്റങ്ങൾ പ്രവചനാതീതമാണ്. പ്ലാസ്റ്റിക് വിപത്ത് എങ്ങനെ കുറക്കാമെന്നാണ് പരിസ്ഥിതി ദിനത്തിൽ ചിന്തിക്കേണ്ടത്. സർക്കാറും ജില്ല ഭരണകൂടവും വിവിധ പദ്ധതികൾ ആവിഷ്കരിക്കുന്നുണ്ടെങ്കിലും കരയിലും ജലത്തിലും പ്ലാസ്റ്റിക് വർധിക്കുകയാണ്. ശാസ്ത്രീയമായി പ്ലാസ്റ്റിക് ഉപയോഗം കുറക്കുന്ന രീതികൾ അവലംബിച്ചാൽ ജലാശയങ്ങളെ വിഷമയമാകുന്നതിൽനിന്ന് രക്ഷപ്പെടുത്താൻ കഴിയും. പ്ലാസ്റ്റിക് റോഡ് ആശയവും പാളി ആലപ്പുഴ: പ്ലാസ്റ്റിക് ഒഴിവാക്കുന്നതിനായി തദ്ദേശ സ്ഥാപനങ്ങൾ ആവിഷ്കരിച്ച നിർമാർജന രീതികളും ഫലവത്താകുന്നില്ല. പ്ലാസ്റ്റിക് പൊടിച്ച് ടാറിെൻറ കൂടെ ചേർത്ത് റോഡ് നിർമിക്കാനാണ് ഉപയോഗിക്കുന്നത്. ഇതിന് പഞ്ചായത്തുതലങ്ങളിൽ നിരവധി ഷെഡിങ് യൂനിറ്റുകൾ ഉണ്ട്. എന്നാൽ, ശാസ്ത്രീയമായി കൊച്ചിൻ സർവകലാശാല നടത്തിയ ഗവേഷണത്തിൽ, പൊടിച്ച് ഉരുക്കിയെടുക്കുന്ന പ്ലാസ്റ്റിക് ടാറിൽ കലരാത്ത സ്ഥിതിയാണെന്ന് കണ്ടെത്തി. ഈ പ്രശ്നം റോഡ് നിർമാണ എൻജിനീയർമാരും ചൂണ്ടിക്കാട്ടിയിട്ടുണ്ടെന്ന് സർവകലാശാല അധികൃതർ പറഞ്ഞു. ടാറുകൾ പാഴായിപ്പോകുന്നത് പതിവായതോടെ പ്ലാസ്റ്റിക് മാലിന്യം ഉപയോഗിച്ചുള്ള റോഡ് നിർമാണത്തിന് വലിയ പ്രചാരം ലഭിക്കുന്നില്ല. ദൈർഘ്യം കുറഞ്ഞ ചെറിയ റോഡ് നിർമാണത്തിന് മാത്രമാണ് പ്ലാസ്റ്റിക്കുകൾ ഉപയോഗിച്ചുവരുന്നത്. ടാറിനൊപ്പം യോജിക്കാതെ കിടക്കുന്ന പ്ലാസ്റ്റിക്കുകൾ ഭൂമിയിലേക്കിറങ്ങി വലിയ പാരിസ്ഥിതിക പ്രശ്നങ്ങൾ സൃഷ്ടിക്കും. ഇത് ജലാശയങ്ങളിൽ ഒഴുകിച്ചെന്നാൽ വലിയ ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.