കോലഞ്ചേരി: പഴന്തോട്ടത്തെ മരമുത്തശ്ശന്മാർക്ക് പറയും കാൽ നൂറ്റാണ്ട് കാലത്തെ അതിജീവന കഥ. ഐക്കരനാട് പഞ്ചായത്തിലെ പുളിഞ്ചോട്, പഴന്തോട്ടം പ്രദേശങ്ങളിലെ റോഡരികിലെ മരങ്ങളാണ് മഴുത്തുമ്പുകളെ അതിജീവിച്ച് തലയുയർത്തി നിൽക്കുന്നത്. പരിസ്ഥിതി സ്നേഹിയും ഗാന്ധിയനുമായ ടി.എം. വർഗീസെന്ന അധ്യാപകെൻറയും സുഹൃത്തുക്കളുടെയും പരിശ്രമവും ഈ അതിജീവനത്തിന് പിന്നിലുണ്ട്. 1994 നവംബർ 24 ലെ സായാഹ്നം. പുത്തൻകുരിശ് എം.ജി.എം ഹൈസ്കൂളിലെ സാമൂഹിക ശാസ്ത്ര അധ്യാപകനായ ടി.എം. വർഗീസ് ക്ലാസ് കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയാണ്. പഴന്തോട്ടം പുളിച്ചുവട് ജങ്ഷൻ അടുക്കാറായപ്പോൾ സമീപത്തെ വീട്ടിൽ ആൾക്കൂട്ടം. വിവരം തിരക്കിയപ്പോഴാണ് റോഡരികിലെ മരങ്ങളെല്ലാം പി.ഡബ്യു.ഡി അധികൃതർ ലേലം ചെയ്യുന്നതിെൻറ തിരക്കാണെന്ന് അറിഞ്ഞത്. ആൽ, നാട്ടുമാവ്, പ്ലാവ് എന്നിവയടക്കം നിരവധി മരങ്ങൾ ഇക്കൂട്ടത്തിലുണ്ട്. ഉണങ്ങിയ മരങ്ങൾ ഭീഷണിയാണെന്ന് പറഞ്ഞാണ് ഒരു ചില്ലപോലും ഉണങ്ങാത്ത മരങ്ങളും ലേലം ചെയ്യാൻ തീരുമാനിച്ചത്. ഇതിന് പിന്നിൽ അധികൃതരുടെയും മരക്കച്ചവടക്കാരുടെയും ഒത്തുകളിയാണെന്നാണ് ഇന്നും വർഗീസ് മാഷ് പറയുന്നു. ഒന്നും ചിന്തിക്കാതെ ആൾക്കൂട്ടത്തിനിടയിലേക്ക് കയറി മരങ്ങൾ ഒരു കാരണവശാലും വെട്ടാൻ അനുവദിക്കില്ലെന്ന് വിളിച്ചുപറഞ്ഞു. പി.ഡബ്യു.ഡി ഉദ്യോഗസ്ഥരെയും മരം ലേലം ചെയ്യാനെത്തിയ കച്ചവടക്കാരെയും നിയമപരമായ അപകടങ്ങൾ ചൂണ്ടിക്കാട്ടി ഇദ്ദേഹം പിന്തിരിപ്പിച്ചു. തുടർന്ന് മരങ്ങളുടെ സംരക്ഷണം ആവശ്യപ്പെട്ട് അദ്ദേഹവും സുഹൃത്തുക്കളും ചേർന്ന് പ്രദേശത്ത് പ്രചാരണം ആരംഭിച്ചു. ലഘുലേഖ വിതരണം, ഗൃഹ സന്ദർശനം എന്നിവക്ക് പുറമെ ഇടപ്പള്ളിയിലെ ഫോറസ്റ്റ് കൺസർവേറ്റർ ഓഫിസിന് മുന്നിൽ ധർണയും നടത്തി. പ്രതിഷേധം ശക്തമായതോടെ മരങ്ങൾ വെട്ടാനുള്ള നീക്കത്തിൽനിന്ന് അധികൃതർ പിന്മാറി. അന്നു മുതൽ എല്ലാ വർഷവും നവംബറിൽ ഇവർ വൃക്ഷമിത്ര ദിനമായി ആചരിക്കുന്നു. പരിസ്ഥിതി സംരക്ഷണം ജീവിത സപര്യയാക്കിയ വർഗീസ് മാഷ് 2014ൽ അധ്യാപക വൃത്തിയിൽനിന്ന് വിരമിച്ചു. ആ വർഷം തന്നെ മികച്ച അധ്യാപകനുള്ള രാഷ്ട്രപതിയുടെ അവാർഡും അദ്ദേഹത്തെ തേടിയെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.