പ്ലാസ്​റ്റിക്, ഇ-മാലിന്യങ്ങൾക്കെതിരെ ബോധവത്കരണം ആവശ്യം

കൊച്ചി: ഒരു മഴപെയ്താൽ കുളമാകും എറണാകുളം. ഒഴുക്കുനിലച്ച ഓടകളും തോടുകളുമൊക്കെ കവിഞ്ഞൊഴുകി വെള്ളം നിരത്തുകളിലൊഴുകുന്നതും കടുത്ത വെള്ളക്കെട്ടും കൊതുകുശല്യവുമാണ് അനന്തരഫലം. പ്രധാന നഗരങ്ങളിലെ വെള്ളക്കെട്ടിന് കാരണമായി മെട്രോമാൻ ഇ. ശ്രീധരൻ ചൂണ്ടിക്കാണിച്ചത് നീരൊഴുക്കില്ലാത്ത കനാലുകളും അഴുക്കടിഞ്ഞ ഓടകളുമാണ്. പ്ലാസ്റ്റിക് മാലിന്യങ്ങൾ നിറഞ്ഞാണ് പലയിടത്തും ഓടകളും കനാലുകളും നീരൊഴുക്കു നിലക്കാൻ കാരണം. ചെറിയ പ്ലാസ്റ്റിക് കൂട് മുതൽ കുപ്പിയും ഉപയോഗശൂന്യമായ ഉൽപന്നങ്ങളുമൊക്കെ ഇവയിലുണ്ട്. പ്ലാസ്റ്റിക് മാലിന്യം ശേഖരിക്കാനും സംസ്കരിക്കാനും പ്രത്യേക പ്ലാൻറ് ഉൾപ്പെടെയുള്ള ജില്ലയിലാണ് ഈ ദുരവസ്ഥ. ഇലക്ട്രോണിക് മാലിന്യങ്ങളാണ് (ഇ-മാലിന്യം) ജില്ലയുടെ മറ്റൊരു ശാപം. കമ്പ്യൂട്ടറുകളും ടെലിവിഷന്‍ സെറ്റുകളും സെല്‍ഫോണുകളും സി.എഫ്.എല്‍ ബള്‍ബുകളും തുടങ്ങി കളിപ്പാട്ടങ്ങള്‍ വരെ ഇതില്‍പെടും. കുറച്ചൊക്കെ ആക്രി കച്ചവടക്കാര്‍ കൊണ്ടുപോകുമെങ്കിലും ഖരമാലിന്യങ്ങള്‍ക്കൊപ്പം മണ്ണില്‍തന്നെയാണ് ഭൂരിഭാഗം ഇ-മാലിന്യങ്ങളും അടിഞ്ഞുകൂടുന്നത്. കാലക്രമത്തിൽ ഇവയിലെ രാസസംയുക്തങ്ങള്‍ മണ്ണില്‍ അലിഞ്ഞുചേരും. ചൊറിച്ചില്‍ മുതല്‍ കാന്‍സര്‍പോലുള്ള മാരകരോഗങ്ങള്‍ക്കുവരെ ഇത് കാരണമാകും. പ്ലാസ്റ്റിക് സംസ്കരണത്തിൽ ജില്ല മുന്നിൽ -എസ്. ശ്രീലാൽ (അസി. മാനേജർ, ക്ലീൻ കേരള, എറണാകുളം) പരിസ്ഥിതിക്കു ഹാനികരമാകുന്ന പ്ലാസ്റ്റിക് മാലിന്യം ശേഖരിച്ച് പുനരുപയോഗത്തിനു പാകമാക്കുന്നതിൽ എറണാകുളം ഏറെ മുന്നിലാണ്. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ പ്ലാസ്റ്റിക് ശേഖരിച്ച് ഷ്രെഡ് ചെയ്തുനൽകിയ ജില്ലയും ഇതുതന്നെ. ഹരിത കർമസേന പ്രവർത്തകർ ശേഖരിക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ ബ്രഹ്മപുരം പ്ലാൻറിലെത്തിച്ച് വിഘടിച്ചശേഷമാണ് മറ്റാവശ്യങ്ങൾക്കായി ഉപയോഗിക്കുന്നത്. സംസ്കരിക്കാൻ കഴിയാത്തവ റോഡ് നിർമാണത്തിനാണ് ഉപയോഗപ്പെടുത്തുന്നത്. 50 മൈക്രോണിനു താഴെയുള്ള തെർമോസെറ്റിങ് പ്ലാസ്റ്റിക്കുകൾ റോഡ് ടാറിങ്ങിന് ഉപയോഗിക്കും. 50 മൈക്രോണിനു താഴെയുള്ളവ സംസ്കരിച്ച് പുതിയ ഉൽപന്ന നിർമാണത്തിനും നൽകുന്നുണ്ട്. ഇ-മാലിന്യങ്ങളും നിശ്ചിത തുക നൽകിയാണ് ശേഖരിക്കുന്നത്. ഇവ കൂട്ടത്തോടെ കഞ്ചിക്കോടുള്ള സംസ്കരണ യൂനിറ്റിൽ സംസ്കരിച്ച് ലോഹങ്ങളും മറ്റും വേർതിരിച്ചശേഷം ഹൈദരാബാദിലെ കമ്പനിക്കാണ് കൈമാറുന്നത്. ഐ.ടി ഹബ്ബെന്ന നിലയിൽ ജില്ലയിൽ ഇ-മാലിന്യങ്ങള്‍ വര്‍ധിക്കാൻ സാഹചര്യമുണ്ട്. അതനുസരിച്ചുള്ള പ്രവർത്തനങ്ങളാണ് ക്ലീൻ കേരള ലക്ഷ്യമിടുന്നത്. ഇ-മാലിന്യമുക്ത നഗരത്തിനായി കൊച്ചി നഗരസഭയുമായി ചേർന്ന് പദ്ധതി നടപ്പാക്കുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.