പ്ലാസ്​റ്റിക്കിന്​ പകരക്കാരനുമായി ദന്തഡോക്​ടർ

കൊച്ചി: മഹാവിപത്തായി മാറിയ പ്ലാസ്റ്റിക്കിന് പകരക്കാരനെ അവതരിപ്പിക്കുകയാണ് ഇവിടെയൊരു ദന്തഡോക്ടർ. മണ്ണിനും മനുഷ്യനും ഒരു തരത്തിലുമുള്ള വിഷാംശവും പകരാത്ത കേന്ദ്ര സർക്കാർ അംഗീകൃതമായ ജൈവ ഉൽപന്നമാണ് 'ഗ്രീൻ കമ്പോസ്റ്റ്' എന്ന പേരിൽ ഡോ. വസുന്ധര മേനോൻ അവതരിപ്പിക്കുന്നത്. പൂർണമായും മണ്ണിൽ അലിഞ്ഞുചേരുന്നതും ജൈവവളമായി ഉപയോഗപ്പെടുത്താൻ കഴിയുന്നതുമാണ് ഉൽപന്നം. ഇന്ത്യൻ ഡ​െൻറൽ അസോസിയേഷൻ വനിത വിഭാഗം ബ്രാഞ്ച് പ്രസിഡൻറായിരിക്കെ നടത്തിവന്ന സന്നദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായാണ് പ്ലാസ്റ്റിക്കിനെ തുടച്ച് നീക്കാൻ കഴിയുന്ന ബദൽ മാർഗത്തെക്കുറിച്ച് ഡോ. വസുന്ധര ആലോചിക്കുന്നത്. തുടർന്ന് ഇതുമായി ബന്ധപ്പെട്ട് നിരവധി പഠനങ്ങൾ നടത്തി. അങ്ങനെയാണ് കേന്ദ്ര സർക്കാർ 2016ൽ അംഗീകരിച്ച ഗ്രീ കമ്പോസ്റ്റിനെക്കുറിച്ച് മനസ്സിലാക്കുന്നത്. ഐ.എസ്.ഒ അംഗീകാരം ലഭിച്ച ഉൽപന്നമാണിത്. 90 മുതൽ 180 ദിവസം കൊണ്ട് പൂർണമായും കമ്പോസ്റ്റ് ആയി മാറുന്നു എന്നതാണ് ഇതി​െൻറ പ്രത്യേകത. ഇവ കത്തിച്ചാൽ ഒരു തരത്തിലുമുള്ള രാസ വാതകങ്ങളും വായുവിൽ പരക്കില്ല. ചൂടുള്ള ഭക്ഷണ പദാർഥങ്ങൾ പോലുള്ളവ ഇവയിൽ പൊതിഞ്ഞാലും ദോഷകരമായി മാറില്ല എന്നതും പ്രത്യേകതയാണ്. പാൽ കവറുകൾ, എണ്ണ കവറുകൾ, കൈബാഗുകൾ, പച്ചക്കറികളും പല വ്യഞ്ജനങ്ങൾക്കും വേണ്ടിയുള്ള കവറുകൾ തുടങ്ങിയവയാണ് ഇവർ അവതരിപ്പിക്കുന്നത്. പുനഃസംസ്കരിച്ച് ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് എന്ന പേരിൽ വിൽപനക്കെത്തുന്നതും വ്യാജമാണെന്ന് ഇവർ പറയുന്നു. തുണി സഞ്ചി എന്ന പേരിൽ വിൽക്കുന്ന കൂടുകൾ പരിശോധനക്ക് വിധേയമാക്കിയിരുന്നു. എന്നാൽ, ഇത് 98 ശതമാനം പോളി പ്രൊപ്പിലീൻ അടങ്ങിയതാണെന്ന ഞെട്ടിക്കുന്ന വിവരമാണ് ലഭിച്ചത്. ഇത് പ്ലാസ്റ്റിക്കിനെക്കാളും ഗുരുതര പ്രശ്നങ്ങൾ ഉണ്ടാക്കുന്നതാണ്. 180 രാജ്യങ്ങൾ ഇത് നിരോധിച്ചിട്ടുണ്ട്. ഒരു രീതിയിലും പ്ലാസ്റ്റിക് ഭൂമുഖത്ത് അവശേഷിക്കരുതെന്നതാണ് ത​െൻറ ലക്ഷ്യമെന്നും അവർ കൂട്ടിച്ചേർത്തു. നിലവിൽ പ്ലാസ്റ്റിക് ഉൽപാദിപ്പിക്കുന്ന ഫാക്ടറികൾക്ക് അതേ മെഷീനറിയിൽ തന്നെ ഗ്രീൻ കേമ്പാസ്റ്റിലേക്ക് മാറാൻ കഴിയുമെന്നും അവർ പറഞ്ഞു. തൃപ്പൂണിത്തുറ കേന്ദ്രമാക്കിയാണ് ഇവരുടെ പ്രവർത്തനം. സ്കൂളുകൾ, ഓഫിസുകൾ തുടങ്ങിയവ കേന്ദ്രീകരിച്ച് ബോധവത്കരണവും നടത്തുന്നുണ്ട്. ഷംനാസ് കാലായി
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.