പറവൂർ: പ്രവർത്തനം നിലച്ച എടയാറിലെ ബിനാനി സിങ്കിൽ രാസപദാർഥങ്ങളടങ്ങിയ ടാങ്കുകളുടെ സ്ഥിതി ശോച്യാവസ്ഥയിലാണെന്ന് പൊല്യൂഷൻ കൺട്രോൾ ബോർഡ് എൻവയൺമെൻറൽ എൻജിനീയർ. ടാങ്കുകൾ തകർന്നാൽ രാസവസ്തുക്കൾ പെരിയാറിലേക്ക് ഒഴുകി ഭീകരമായ പരിസ്ഥിതി പ്രശ്നങ്ങൾക്ക് കാരണമായേക്കുമെന്നും എൻവയൺമെൻറൽ എൻജിനീയർ താലൂക്ക് വികസന സമിതി യോഗത്തെ അറിയിച്ചു. ഗുരുതരാവസ്ഥ കമ്പനി പ്രതിനിധികളെ അറിയിച്ചെങ്കിലും രാസവസ്തുക്കൾ നീക്കുന്നതിന് നടപടി ഉണ്ടായില്ല. ഇക്കാര്യം ജില്ല കലക്ടറെയും ബിനാനി സിങ്കിെൻറ കോർപറേറ്റ് ഓഫിസിനെയും അറിയിച്ചിട്ടുണ്ടെന്നും എൻജിനീയർ വെളിപ്പെടുത്തി. വിഷയത്തിൽ 18 ന് കലക്ടർ യോഗം വിളിച്ചിട്ടുണ്ട്. കഴിഞ്ഞ മാസം ചേർന്ന താലൂക്ക് വികസന സമിതി യോഗത്തിൽ പെരിയാറിൽ വൻതോതിൽ വ്യവസായ സ്ഥാപനങ്ങളും സ്വകാര്യ വ്യക്തികളും മാലിന്യം തള്ളുന്നതിനെക്കുറിച്ച് പരാതി ഉയർന്നിരുന്നു. ഇതിെൻറ അടിസ്ഥാനത്തിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥരും താലൂക്ക് വികസന സമിതിയംഗങ്ങളും കഴിഞ്ഞ 29ന് പെരിയാറിൽ ബോട്ടിൽ സഞ്ചരിച്ച് പരിശോധന നടത്തിയിരുന്നു. സംയുക്ത പരിശോധന റിപ്പോർട്ട് ജില്ല കലക്ടർക്ക് നൽകുമെന്ന് ഡെപ്യൂട്ടി തഹസിൽദാർ ടി.എഫ്. ജോസഫ് യോഗത്തെ അറിയിച്ചു. നഗരത്തിൽ കെ.എം.കെ കവല, പെരുമ്പടന്ന, വെടിമറ കവല എന്നിവിടങ്ങളിൽ വാഹനാപകടങ്ങൾ വർധിച്ചതിലും അപകട മരണങ്ങളിലും യോഗം ആശങ്ക പ്രകടിപ്പിച്ചു. ഇവിടെ അടിയന്തരമായി ട്രാഫിക് സിഗ്നൽ സ്ഥാപിക്കണമെന്ന് നിദേശിച്ചു. ഇതിന് പ്രത്യേകയോഗം വിളിക്കാൻ തീരുമാനിച്ചു. മഴക്കാലത്ത് സാംക്രമികരോഗങ്ങൾ പടരാൻ സാധ്യതയുള്ളതിനാൽ ബന്ധപ്പെട്ട വകുപ്പുകൾ അതിജാഗ്രത പുലർത്തണമെന്ന് യോഗം ആവശ്യപ്പെട്ടു. രോഗപ്രതിരോധ നടപടി സ്വീകരിക്കാൻ ബോധവത്കരണ നടപടികളെടുക്കണം. പറവൂരിൽ ഗവ. കോളജ് വേണമെന്ന ആവശ്യത്തിൽ നടപടി ഉണ്ടാകാത്തതിൽ യോഗം പ്രതിഷേധിച്ചു. വിഷയം എം.എൽ.എ മുഖേന വിദ്യാഭ്യാസമന്ത്രിയെ ധരിപ്പിക്കും. സംസ്ഥാനത്തെ ഏറ്റവും നല്ല പഞ്ചായത്ത് പ്രസിഡൻറായി തെരഞ്ഞെടുത്ത കുന്നുകര പഞ്ചായത്ത് പ്രസിഡൻറ് ഫ്രാൻസിസ് തറയിലിനെ യോഗം അഭിനന്ദിച്ചു. യുവാക്കളുടെ മയക്കുമരുന്ന് ഉപയോഗവും മറ്റും തടയാൻ പൊലീസ്, എക്സൈസ് അധികാരികൾ ജാഗ്രത പുലർത്തണമെന്ന് നിർദേശിച്ചു. കളമശ്ശേരി മെഡിക്കൽ കോളജിലേക്ക് അഞ്ച് മുതൽ ബസ് സർവിസ് ആരംഭിക്കുമെന്ന് കെ.എസ്.ആർ.ടി.സി ഉദ്യോഗസ്ഥർ അറിയിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് യേശുദാസ് പറപ്പിള്ളി യോഗത്തിൽ അധ്യക്ഷത വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.