ഉളിയന്നൂരിൽ വൻ ചീട്ടുകളി സംഘം വിലസുന്നതായി ആക്ഷേപം

ആലുവ: ഉളിയന്നൂർ, കുഞ്ഞുണ്ണിക്കര പ്രദേശങ്ങളിൽ ചീട്ടുകളി ശല്യം വർധിച്ചതായി ആക്ഷേപം. വൻ ചീട്ടുകളി സംഘമാണ് ഇവിടെ വിലസുന്നതെന്ന് പ്രദേശവാസികൾ പറയുന്നു. വിവിധ ഭാഗങ്ങളിൽ നിന്നുമാണ് ചീട്ടുകളിക്കാൻ ആളുകൾ വരുന്നത്. ദിവസവും ലക്ഷക്കണക്കിന് രൂപക്ക് കളികൾ നടക്കുന്നതായി നാട്ടുകാർ ആരോപിക്കുന്നു. പണം തീർന്നുപോയാൽ പലിശക്ക് പണം കൊടുത്ത് സഹായിക്കാൻ കളി സ്‌ഥലങ്ങളിൽ തന്നെ ആളുകളുമുണ്ട്. ഇതോടൊപ്പം മദ്യം, സിഗരറ്റ്, പാൻപരാഗ് എന്നിവയും കളിസ്‌ഥലത്ത് സുലഭമാണ്. ആലുവ മേഖലയിലെ ചില പ്രമുഖ ക്ലബുകൾ കേന്ദ്രീകരിച്ച് വൻകിട കളികൾ നടന്നിരുന്നു. സമൂഹത്തിൽ ഉന്നതരായവരും ധനികരുമാണ് ഇവിടങ്ങളിൽ കളിച്ചിരുന്നത്. പൊലീസ് അടക്കമുള്ള അധികാരികളുടെ ഒത്താശ ക്ലബുകൾക്കും കളിക്കാർക്കും ലഭിച്ചിരുന്നു. എന്നാൽ, കുറച്ച് നാൾ മുമ്പ് എസ്.പിയുടെ നേതൃത്വത്തിൽ മിന്നൽ പരിശോധനകൾ നടത്തി ഇക്കൂട്ടരെ പിടികൂടുകയായിരുന്നു. ഇതേ തുടർന്ന് ഇത്തരം സ്‌ഥലങ്ങൾ സുരക്ഷിതമല്ലാതായി. ഇതോടെയാണ് നഗരത്തോട് ചേർന്ന ഗ്രാമ പ്രദേശങ്ങളിലേക്ക് കളിക്കാർ ചേക്കേറിയിരിക്കുന്നത്. ഇവിടെയും പൊലീസി​െൻറ ഒത്താശയുള്ളതായി ആരോപണമുണ്ട്. ഉളിയന്നൂർ കേന്ദ്രീകരിച്ചാണ് കളി കൂടുതലായും നടക്കുന്നത്. പരിശോധനകളിൽനിന്ന് രക്ഷനേടാൻ റോഡിൽ കാവലിന് ആളുകളെയും നിർത്തിയിട്ടുണ്ട്. ദിവസക്കൂലി നൽകിയാണ് ഇത്തരം സഹായികളെ ഏർപ്പാടാക്കിയിരിക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.