അപ്രഖ്യാപിത വൈദ്യുതി മുടക്കം; വികസനസമിതിയില്‍ വിമര്‍ശനം

മൂവാറ്റുപുഴ: അപ്രഖ്യാപിത വൈദ്യുതി മുടക്കത്തിനെതിരെ താലൂക്ക് വികസനസമിതി യോഗത്തില്‍ വിമര്‍ശനം. മൂവാറ്റുപുഴയിലും സമീപ പഞ്ചായത്തുകളിലും തുടര്‍ച്ചയായി ഉണ്ടാകുന്ന വൈദ്യുതി മുടക്കത്തിനെതിരെയാണ് കെ.എസ്.ഇ.ബിക്കെതിരെ ജനപ്രതിനിധികള്‍ രംഗത്തെത്തിയത്. മൂവാറ്റുപുഴ നഗരസഭാ ചെയര്‍പേഴ്‌സണ്‍ ഉഷ ശശീധരനും ആരക്കുഴ പഞ്ചായത്ത് പ്രസിഡൻറ് വള്ളമറ്റം കുഞ്ഞുമാണ് വിഷയം താലൂക്ക് വികസന സമിതി യോഗത്തില്‍ ഉന്നയിച്ചത്. നഗരസഭയിലെ 27, 28 വാര്‍ഡുകളില്‍ വഴിവിളക്കുകൾ സ്ഥാപിക്കാന്‍ കെ.എസ്.ഇ.ബിയില്‍ പണമടച്ചിട്ടും നടപടി സ്വീകരിച്ചിട്ടില്ല. നഗരത്തിലെ വഴിവിളക്കുകളിൽ മീറ്റര്‍ സ്ഥാപിക്കാന്‍ നഗരസഭ 5.5 ലക്ഷം അടച്ച് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും നടപടിയില്ലെന്നും ചെയര്‍പേഴ്‌സണ്‍ ആരോപിച്ചു. വിഷയത്തില്‍ അടിയന്തര ഇടപെടല്‍ നടത്താന്‍ യോഗം കെ.എസ്.ഇ.ബി.യോടാവശ്യപ്പെട്ടു. മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്തിന് സമീപം ഇലക്ട്രിക് പോസ്റ്റ് മാറ്റിസ്ഥാപിക്കണമെന്നും ബ്ലോക്ക് പഞ്ചായത്ത് പരിസരത്ത് നൈറ്റ് പെട്രോളിങ് നടത്തണമെന്നും പോലീസിനോടാവശ്യപ്പെട്ടു. കല്ലൂര്‍ക്കാട് ആശുപത്രിയില്‍ ലാബ് ടെക്‌നിഷന്‍ ട്രെയിനിങ്ങിന് പോകുന്നതിനാല്‍ താല്‍ക്കാലിക ലാബ് അസിസ്റ്റൻറിനെ നിയമിക്കണമെന്നും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ജോസി ജോളി ആവശ്യപ്പെട്ടു. കാലവര്‍ഷം ആരംഭിക്കുന്നതിന് മുന്നോടിയായി റോഡരികിലെ അപകടകരമായ മരങ്ങള്‍ മുറിച്ചുമാറ്റുന്നതിന് അനുമതി നല്‍കണമെന്ന് പാലക്കുഴ പഞ്ചായത്ത് പ്രസിഡൻറ് ജോഷി സ്‌കറിയയും വാളകം പഞ്ചായത്ത് പ്രസിഡൻറ് ലീല ബാബുവും ആവശ്യപ്പെട്ടു. മരങ്ങള്‍ മുറിച്ചുമാറ്റുന്നതിന് ഫോറസ്റ്റ് അനുമതി വൈകുന്നതും മരങ്ങള്‍ക്ക് അമിത വിലയിടുന്നതും മരം മുറിച്ച് മാറ്റുന്നതിന് തടസ്സമാവുകയാണെന്ന് ജോഷി സ്‌കറിയ യോഗത്തില്‍ ഉന്നയിച്ചു. മഴക്കാലപൂർവ ശുചീകരണം കാര്യക്ഷമമാക്കണമെന്ന് ജില്ലാ പഞ്ചായത്ത് അംഗം എന്‍. അരുണ്‍ ആവശ്യപ്പെട്ടു. പായിപ്ര മിച്ചഭൂമി വിഷയത്തില്‍ അടിയന്തര ഇടപെടല്‍ വേണമെന്ന് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് പായിപ്ര കൃഷ്ണന്‍ ആവശ്യപ്പെട്ടു. എം.സി റോഡിലെ വാഴപ്പിള്ളി ജങ്ഷനിലെ വെള്ളക്കെട്ടിന് പരിഹാരം കാണണമെന്ന് പൗരസമിതി സെക്രട്ടറി മുസ്തഫ കൊല്ലംകുടി അഭിപ്രായപ്പെട്ടു. എല്‍ദോ എബ്രഹാം എം.എല്‍.എ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പര്‍ എന്‍. അരുണ്‍, നഗരസഭാ ചെയര്‍പേഴ്‌സണ്‍ ഉഷ ശശീധരന്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ജോസി ജോളി, വൈസ് പ്രസിഡൻറ് പായിപ്ര കൃഷ്ണന്‍, തഹസില്‍ദാര്‍ റെജി .പി. ജോസഫ്, പഞ്ചായത്ത് അംഗങ്ങളായ വള്ളമറ്റം കുഞ്ഞ്, ജോഷി സ്‌കറിയ, ലീല ബാബു എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.