നിമിഷ വധം: മോഷണം ആസൂത്രണം ചെയ്തത്​

കൊച്ചി: കൃത്യമായി ആസൂത്രണം ചെയ്തശേഷമാണ് പ്രതി ബിജു നിമിഷയുടെ വീട്ടിൽ മോഷണത്തിനെത്തിയതെന്നാണ് പ്രാഥമിക നിഗമനം. നിമിഷയുടെ പിതാവ് തമ്പി രാവിലെ ഓട്ടോ ഓടിക്കാൻ വാഴക്കുളത്തേക്കു പോകും. അമ്മ സലോമി അടുത്തുള്ള കാർട്ടർ പാക്കിങ് സ്ഥാപനത്തിൽ ജോലിക്കുപോകും. നിമിഷയും അനുജത്തി അന്നയും പഠിക്കാനായും പൊയ്ക്കഴിഞ്ഞാൽ 80 പിന്നിട്ട മുത്തശ്ശി മറിയാമ്മ വീട്ടിൽ തനിച്ചായിരിക്കുമെന്ന അറിവാണ് പ്രതിയെ പകൽതന്നെ മോഷണത്തിന് പ്രേരിപ്പിച്ചത്. സ്വകാര്യ കമ്പനിയിൽ ജോലി ചെയ്തിരുന്ന ബിജു സാമ്പത്തികമായി വളരെ ബുദ്ധിമുട്ടിലായിരുന്നു. എങ്ങനെയെങ്കിലും പൈസ കണ്ടെത്താനുള്ള അന്വേഷണത്തിനിടെയാണ് തമ്പിയുടെ വീട് ശ്രദ്ധയിൽപെടുന്നത്. സമീപത്ത് വാടകക്ക് താമസിച്ചിരുന്ന പ്രതി വീട്ടിലെ കാര്യങ്ങൾ മനസ്സിലാക്കി. വീടിനുമുന്നിലെ വഴിയിലൂടെ പോകുമ്പോഴെല്ലാം മറിയാമ്മ തനിയെ വീട്ടിലിരിക്കുന്നത് ഇയാൾ ശ്രദ്ധിച്ചിട്ടുണ്ടാകണം. അങ്ങനെയാണ് ഇവരുടെ കഴുത്തിലെ മാല ശ്രദ്ധയിൽപെടുന്നത്. കാഴ്ചയും കേൾവിയും കുറഞ്ഞ് ഇടക്കിടെ മറവിയുമുള്ള മറിയാമ്മയെ കീഴ്പ്പെടുത്തി മാല കൈവശപ്പെടുത്താമെന്ന ധാരണയിലാകണം പ്രതി ആളൊഴിഞ്ഞ സമയം കാത്തിരുന്നത്. സ്വകാര്യ കമ്പനികളിൽ ആളുകൾ ജോലിക്ക് കയറുന്ന സമയമാണ് മോഷണത്തിന് തെരഞ്ഞെടുത്തത്. മുറിക്കുള്ളിലേക്ക് കടന്നുചെന്ന് മാല മോഷ്ടിച്ച് കടന്നുകളയുകയായിരുന്നു ലക്ഷ്യം. എന്നാൽ, തിങ്കളാഴ്ച ക്ലാസില്ലാതിരുന്നതിനാൽ നിമിഷ കോളജിൽ പോയിരുന്നില്ല. നിമിഷ ഒച്ചവെച്ചതോടെ പിടിക്കപ്പെടുമെന്ന് മനസ്സിലായതോടെയാണ് ശബ്ദം വെളിയിൽ വരാത്തവിധം ഇയാൾ കഴുത്തറത്ത് കൊലപ്പെടുത്തിയത്. നിമിഷയുടെ കൈയിലിരുന്ന കത്തി ഉപയോഗിച്ചായിരുന്നു കൃത്യം നടത്തിയത്. ശബ്ദം കേട്ട് എത്തിയ തമ്പിയുടെ ജ്യേഷ്ഠൻ ഏലിയാസിനെയും കുത്തി. അയൽവാസി അബ്ബാസ് ഇയാളെ മുറിയിലേക്ക് മറിച്ചിട്ടെങ്കിലും വാതിലിന് പൂട്ടില്ലാതിരുന്നതിനാൽ ഇയാൾ കടന്നുകളയുകയായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.