കാലാവസ്ഥ വ്യതിയാനം സംഭവിക്കുന്ന കർക്കടകം ശരീരത്തിെൻറ രോഗ പ്രതിരോധശേഷി കുറയുന്ന കാലം കൂടിയാണ്. അതുകൊണ്ടു തന്നെ മലയാളികൾക്കെല്ലാം ആയുർവേദ ചികിത്സകളുടെയും ഔഷധസേവയുടെയും മാസം കൂടിയാണ് കർക്കടകം. വിവിധ ചികിത്സാവിധികൾക്കൊപ്പം തന്നെ രോഗികളായവരും രോഗമില്ലാത്തവരും കർക്കടക ചികിത്സ ചെയ്ത് ശരീരത്തിൽ നിന്നുള്ള വിഷാംശം പുറന്തള്ളി ശരീരത്തിനും മനസ്സിനും സ്വാസ്ഥ്യം ഉണ്ടാകാൻ ശ്രമിക്കുന്നത് പുരാതന കാലം മുതൽ കേരളത്തിൽ നിലനിന്നുപോന്ന ആരോഗ്യ സംരക്ഷണ രീതികളിൽ പ്രധാനമാണെന്ന് കാണാൻ കഴിയും. വൈവിധ്യമാർന്ന ചികിത്സാരീതികൾ ഈ കാലയളവിൽ പിന്തുടർന്നു വരുന്നതാണ് മലയാളികളുടെ സമ്പ്രദായം. ഇതിൽ പഞ്ചകർമം, പിഴിച്ചിൽ, ധാര, ഞവരക്കിഴി, വിരേചനം, നസ്യം, തർപ്പണം, വസ്തി, രസായന ചികിത്സ, തുടങ്ങിയ നിരവധി ചികിത്സ ഉപാധികൾ ആയുർവേദ ഡോക്ടർമാരുടെ നിർദേശ പ്രകാരം ചെയ്യാവുന്നതാണ്. കർക്കടകമാസത്തിൽ പ്രായഭേദമന്യേ ഏവർക്കും ചെയ്യാവുന്ന ആരോഗ്യ സംരക്ഷണ സുഖ ചികിത്സയാണ് 'തേച്ചുകുളി' ഔഷധസേവ ശരീരത്തിനുള്ളിൽ നടത്തുമ്പോൾ തേച്ചു കുളി ബാഹ്യ ചികിത്സയുടെ ഭാഗമായിട്ടാണ് നടത്തുന്നത്. ഔഷധ എണ്ണയും കുഴമ്പും തൈലവുമൊക്കെ തേച്ച് ഉഴിച്ചിലും പിഴിച്ചിലുമൊക്കെ നടത്തുന്നത് ഞരമ്പുകളിൽ രക്തചംക്രമണം വർധിപ്പിക്കാൻ സഹായിക്കും. ഇത് ആരോഗ്യ രക്ഷക്ക് ഉത്തമമാണെന്ന് ആയുർവേദം പറയുന്നു. കർപ്പൂരാദി, ധന്വന്തരം, സഹചാദി, കൊട്ടൻ ചുക്കാദി, നാൽപാമരം തുടങ്ങിയുള്ള തൈലങ്ങളും മറ്റും തേച്ചു കുളിക്കാൻ ഉപയോഗിക്കാവുന്നതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.