ചെങ്ങന്നൂർ: ആരെയും കാണുവാൻ കഴിയാത്ത എെൻറ ഫോട്ടോ എന്തിനാണ് നിങ്ങൾ എടുക്കുന്നത്?. അതുകൊണ്ടെന്ത് പ്രയോജനം? -മിഥുനമാസത്തിലെ വിശാഖം നാൾ കൂടി കഴിഞ്ഞതോടെ 107െൻറ നിറവിലെത്തിയ നാണിക്കുട്ടിയമ്മ ചോദിക്കുന്നു. ശാരീരിക അവശതകൾക്കിടയിലും സജീവമായിരിക്കാൻ ശ്രമിക്കുന്ന ഇൗ മുതുമുത്തശ്ശിയെ പ്രധാനമായും അലട്ടുന്നത് മുട്ടുവേദനയും കാഴ്ചക്കുറമാണ്. ബുധനൂർ പെരിങ്ങിലിപ്പുറം ഉളുന്തി എട്ടാം വാർഡ് ശങ്കരവിലാസത്തിൽ പരേതനായ പി. വാസുദേവൻ പിള്ളയുടെ ഭാര്യയാണ് പി. നാണിക്കുട്ടിയമ്മ. കായംകുളം പുല്ലുകുളങ്ങര എലയിക്കൽ കുടുംബാംഗമാണ്. നെല്ല്, കരിമ്പ്, കന്നുകാലി വളർത്തൽ, കരകൃഷി ഉൾെപ്പടെ കാർഷികവൃത്തികളിൽ വ്യാപൃതമായിരുന്ന ശങ്കരവിലാസത്തിലേക്ക് വിവാഹം കഴിച്ചെത്തിയ അന്ന് മുതൽ ഈ ജോലികളുമായി പൊരുത്തപ്പെട്ടും സഹായികളെ കൂടാതെ ഗൃഹഭരണം നടത്തിയുമായിരുന്നു ജീവിതം. രണ്ട് മക്കളെ വളർത്തി വീട്ടിലും പറമ്പിലുമുള്ള മറ്റ് േജാലികൾ രാപകൽ ഭേദമന്യേ ചെയ്തിരുന്നു. 75കാരനായ മകൻ ശിവാനന്ദൻ പിള്ളയും ഭാര്യ ചെട്ടികുളങ്ങര പേളമംഗലശ്ശേരിൽ മഞ്ചാടിത്തറ കുടുംബാംഗമായ ചന്ദ്രികദേവി, മസ്കത്തിൽ ഇലക്ട്രീഷ്യനായ ഇളയ മകൻ എസ്.എസ്. വിശാഖിെൻറ ഭാര്യയും കോഴഞ്ചേരി താലൂക്ക് സർക്കാർ ആശുപത്രിയിലെ നഴ്സുമായ സൗമ്യയും ഒരുമയോടെയാണ് അമ്മയെ പരിചരിക്കുന്നത്. നാണിക്കുട്ടിയമ്മയുടെ മകൾ കോമളകുമാരിയമ്മ തിരുവൻവണ്ടൂരിലാണ് താമസം. പഴയ ചിട്ടയായ ചൂടുവെള്ളത്തിൽത്തന്നെ കുളിക്കാനാണ് ഇഷ്ടം. പകൽ സമയം കൂടുതലും ഉറക്കമാണ്. രാവിലത്തെ പലഹാരംതന്നെയാണ് രാത്രിയിലും. അല്ലെങ്കിൽ ബിസ്കറ്റ് നൽകും. ദഹനക്കുറവിന് സാധ്യത ഏറെയായതിനാൽ ഉച്ചക്ക് ഭക്ഷണം നൽകാറില്ല. എപ്പോഴും വെള്ളം കുടിക്കും. പ്രഭാതത്തിൽ കിഴക്ക് സൂര്യെൻറ ഉദയവും വൈകീട്ട് പടിഞ്ഞാറ് അസ്തമയവും ദർശിച്ച് പ്രാർഥിക്കുന്നത് ശീലമായിരുന്നു. കട്ടിലിൽനിന്ന് എഴുന്നേറ്റ് വടിയിലും മുകളിൽ കെട്ടിയിരിക്കുന്ന കയറിലുമായി ഇരുകരങ്ങളും പിടിച്ചശേഷം വിളിക്കും. വാതിൽ ഭാഗത്ത് കട്ടിലിട്ട് കിടക്കുന്ന മകൻ എഴുന്നേൽക്കും. അടുത്ത മുറിയിൽനിന്ന് ഭാര്യയും കൂടി എത്തിയാണ് പുറത്തേക്കിറക്കുന്നത്. പ്രാഥമിക ആവശ്യങ്ങൾ നിറവേറ്റിയശേഷം അകത്തേക്ക് കയറും. ഓർമക്കുറവുണ്ടെങ്കിലും സംസാരം ആരംഭിച്ചാൽ എല്ലാ കാര്യങ്ങളും ചോദിച്ചറിയാൻ ആവേശമാണ്. സർക്കാർ സർവിസിൽനിന്ന് വിരമിച്ച ഡോ. ബാബു ഗോപാലകൃഷ്ണെൻറ ഉപദേശ നിർദേശങ്ങളാണ് ആരോഗ്യകാര്യങ്ങളിൽ സ്വീകരിക്കുന്നത്. -എം.ബി. സനൽകുമാരപ്പണിക്കർ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.