ആലപ്പുഴ: പൊതുമരാമത്ത് മന്ത്രി റോഡിലിറങ്ങി കുഴിയെണ്ണിത്തുടങ്ങിയപ്പോൾ മഴക്കാലമായിട്ടും എണ്ണിയ കുഴികളൊക്കെ അടഞ്ഞുതുടങ്ങി. യാത്രക്കാരും ആശ്വാസത്തിൽ. മന്ത്രി കണ്ണുരുട്ടിയാൽ കാര്യം നടക്കും എന്ന് മനസ്സിലാക്കി തങ്ങളുടെ പ്രദേശത്തെ റോഡുകളിലെ കുഴിയെണ്ണി മന്ത്രിയെ വിവരം അറിയിക്കാനുള്ള തയാറെടുപ്പിലാണ് നാട്ടുകാർ. യാത്രക്കാരുടെ നിരന്തര പരാതിയെത്തുടർന്ന് കഴിഞ്ഞദിവസം പൊതുമരാമത്ത് മന്ത്രി ജി. സുധാകരൻ എ.സി റോഡിൽ സഞ്ചരിച്ച് 2200 കുഴി എണ്ണിത്തിട്ടപ്പെടുത്തിയിരുന്നു. തുടർന്ന് എക്സിക്യൂട്ടിവ് എൻജിനീയറെ സസ്പെൻഡ് ചെയ്തു. മറ്റു ജീവനക്കാരെയും വിളിച്ച് കാര്യമായി ശകാരിച്ചതിനെത്തുടർന്ന് അതുവരെ തിരിഞ്ഞുനോക്കാെത കിടന്ന എ.സി റോഡിൽ മണിക്കൂറുകൾക്കകം പണി തുടങ്ങി. ആലപ്പുഴ-ചങ്ങനാശ്ശേരി റോഡിൽ മനക്കപ്പടിക്കുസമീപം റോഡ് അറ്റകുറ്റപ്പണി ആരംഭിച്ചു. കൃത്യമായ അറ്റകുറ്റപ്പണി നടത്താതിരുന്നതാണ് എ.സി റോഡ് വേഗം കുഴികളാൽ നിറയാൻ കാരണം. റോഡ് നിർമാണ കരാർ പ്രകാരം പണിപൂർത്തിയാക്കി 2019 വരെ കരാറുകാരൻതന്നെ അറ്റകുറ്റപ്പണി പൂർത്തിയാക്കണം എന്നാണ് വ്യവസ്ഥ. കരാറുകാരെകൊണ്ട് അറ്റകുറ്റപ്പണി െചയ്യിക്കുന്നതിൽ കെ.എസ്.ടി.പിയുടെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായതിനെത്തുടർന്നാണ് എക്സി. എൻജിനീയറെ സസ്പെൻഡ് ചെയ്തത്. വരും ദിവസങ്ങളിൽ കൂടുതൽ പണിക്കാരെ എത്തിച്ച് റോഡിലെ കുഴികൾ പൂർണമായും അടക്കുമെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ അറിയിച്ചു. എ.സി റോഡിലെ കുഴികൾ മന്ത്രി എണ്ണിയ വാർത്ത പുറത്തുവന്നപ്പോൾതന്നെ തങ്ങളുടെ പ്രദേശങ്ങളിലെ പ്രധാന റോഡുകളുടെ കുഴി എണ്ണുന്ന തിരക്കിലാണ് നാട്ടുകാർ. ചേർത്തല-തണ്ണീർമുക്കം-മുഹമ്മ റോഡിൽ നാനൂറിലേറെ കുഴികളുണ്ടെന്നാണ് ഇതുവഴി സ്ഥിരം യാത്ര െചയ്യുന്നവർ പറയുന്നത്. ചേർത്തല, ആലപ്പുഴ ഭാഗങ്ങളിൽനിന്ന് വേഗം കോട്ടയം ജില്ലയിലേക്ക് കടക്കാനുള്ള റോഡ്കൂടിയാണിത്. ആയിരക്കണക്കിന് വാഹനങ്ങൾ ദിനേന കടന്നുപോകുന്ന റോഡിൽ അധികൃതരുടെ ശ്രദ്ധ പതിയുന്നില്ലെന്നാണ് ആക്ഷേപം. ആലപ്പുഴ തെക്കൻപ്രദേശങ്ങളിലെ റോഡുകളുടെയും തീരദേശ റോഡിെൻറയും അവസ്ഥ ഇതുതന്നെയാണ്. ഇവിടങ്ങളിലെ റോഡിലെ കുഴികൾ എണ്ണിയാൽ തീരാത്തതുകൊണ്ടാണ് അതിന് മുതിരാത്തത് എന്നാണ് നാട്ടുകാർ പറയുന്നത്. ഏതാനും നാൾ മുമ്പ് നടന്ന 'മന്ത്രിയെ ഫോണിൽ വിളിക്കാം' പരിപാടിയിൽ, ക്രമക്കേട് കാണിക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ നാട്ടുകാർ പരാതി കൊടുക്കണമെന്നും മന്ത്രി സുധാകരൻ ആവശ്യപ്പെട്ടിരുന്നു. നടപടി ഭയന്ന് പൊതുമരാമത്ത് ഉദ്യോഗസ്ഥർ സജീവമായി രംഗത്തിറങ്ങിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.