കൊച്ചി: റഷ്യൻ ലോകകപ്പ് ജേതാക്കളെ പ്രവചിച്ച് 21കാരൻ. സൈക്കോളജിക്കൽ ഇല്യൂഷനിസ്റ്റായ അർജുൻ ഗുരുവാണ് ലോകകപ്പ്, വ്യക്തിഗത ജേതാക്കളുടെ പേരുകൾ എഴുതി ലോക്കറിൽ സൂക്ഷിച്ചത്. സെമി ഫൈനലിലും ഫൈനലിലും എത്തുന്ന ടീമുകൾ, ഗോളുകളുടെ എണ്ണം, ജേതാക്കൾ, ഗോൾഡൻ ബൂട്ട്, ബാൾ, ഗ്ലൗവ് സുവർണപാദുകം നേടുന്ന താരങ്ങൾ എന്നിവരെയാണ് പ്രവചിച്ചത്. ഹൈബി ഈഡൻ എം.എൽ.എ, നടൻ ശരൺ പുതുമന, മാധ്യമപ്രവർത്തകർ എന്നിവരുടെ സാന്നിധ്യത്തിൽ പേരുകൾ എഴുതിയ കടലാസ് പ്രത്യേക കവറിലാക്കി സീൽ ചെയ്തു. ഇവ പ്രത്യേക സേഫിനുള്ളിലാക്കി. ഹൈബി ഈഡനും ശരണും പിൻകോഡ് നൽകി അടച്ച ഇലക്ട്രോണിക് സേഫ് കൊച്ചി സെൻറർ സ്ക്വയർ മാളിലെ വലിയ ലോക്കറിലേക്ക് മാറ്റി. 24 മണിക്കൂർ പ്രവർത്തിക്കുന്ന കാമറയും ഇതോടൊപ്പമുണ്ട്. കവർ സീൽ ചെയ്തതുമുതൽ പുറത്തെടുത്ത് പ്രദർശിപ്പിക്കുന്നതുവരെ കാര്യങ്ങൾ കാമറയിൽ പതിയും. ലോകകപ്പ് ഫൈനലിനുശേഷം ക്ഷണിക്കപ്പെട്ട സദസ്സിന് മുന്നിലാകും കവറുകൾ തുറക്കുക. കടുത്ത ഫുട്ബാൾ ആരാധകനല്ലെങ്കിലും ലോകകപ്പ് പ്രവചനാതീതമായ ആവേശത്തിലേക്ക് കടന്നതാണ് ഇത്തരമൊരു ആശയവുമായി മുന്നോട്ടുവരാൻ കാരണമെന്ന് അർജുൻ ഗുരു പറഞ്ഞു. കൊച്ചി സ്വദേശിയായ അർജുൻ പഠിച്ചതും വളർന്നതും വിദേശത്താണ്. ലണ്ടൻ സ്‌കൂൾ ഓഫ് ഇക്കണോമിക്‌സിൽനിന്ന് ബിരുദം പൂർത്തിയാക്കിയ അർജുൻ ഇന്ത്യക്കകത്തും പുറത്തുമായി നിരവധി സൈക്കോളജിക്കൽ ഇല്യൂഷൻസ് പരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.