കൊച്ചി: ചുവരെഴുത്തിെൻറ പേരിൽ മഹാരാജാസ് കോളജിലുണ്ടായ സംഘർഷം ആസൂത്രിതമായിരുന്നെന്നും കൂടുതൽ എസ്.എഫ്.ഐക്കാരെ ലക്ഷ്യമിട്ടിരുന്നെന്നും വിവരം. ചുവരെഴുത്തുകൾ മാറ്റിയെഴുതാനും കാമ്പസ് ഫ്രണ്ടിെൻറ എഴുത്തുകൾ മായ്ച്ചവരെ പാഠം പഠിപ്പിക്കാനുമായിരുന്നു ലഭിച്ച നിർദേശമെന്ന് അറസ്റ്റിലായ പ്രതികൾ വെളിപ്പെടുത്തിയതായാണ് അന്വേഷണ സംഘം നൽകുന്ന വിവരം. അക്രമികളെ സഹായിച്ചവരെ ഉൾപ്പെടെ പ്രതിചേർക്കുമെന്നും പൊലീസ് പറഞ്ഞു. അതേസമയം, സംഭവം നടന്ന് ഒരാഴ്ചയാകുമ്പോഴും മുഖ്യപ്രതി ആരെന്നതുൾപ്പെടെ നിർണായക വിവരങ്ങൾ കണ്ടെത്താൻ പൊലീസിന് കഴിഞ്ഞിട്ടില്ല. കേസിൽ ആദ്യം അറസ്റ്റിലായ കോട്ടയം കങ്ങഴ സ്വദേശി ബിലാൽ, ഫോർട്ട്കൊച്ചി കൽവത്തി സ്വദേശി റിയാസ്, പത്തനംതിട്ട കളത്തൂർ സ്വദേശി ഫാറൂഖ് എന്നിവരെ ചോദ്യം ചെയ്തതിൽനിന്നാണ് സുപ്രധാന വിവരങ്ങൾ പൊലീസിന് ലഭിച്ചത്. ചുവരെഴുത്തിനെച്ചൊല്ലി മനഃപൂർവം സംഘർഷമുണ്ടാക്കാനായിരുന്നു ലഭിച്ച നിർദേശം. അതിനിടെ പരമാവധി എസ്.എഫ്.ഐ പ്രവർത്തകരെ ആക്രമിക്കുകയായിരുന്നു ലക്ഷ്യം. അതിനായാണ് മാരകായുധങ്ങളുമായി എത്തിയതെന്നും പ്രതികൾ പറഞ്ഞു. അതിനിടെ, ശനിയാഴ്ച അറസ്റ്റിലായ നവാസ്, ജെഫ്രി എന്നിവരെ റിമാൻഡ് ചെയ്തു. അക്രമി സംഘത്തിലുള്ളവരെ രക്ഷപ്പെടാൻ സഹായിച്ചവരാണ് ഇരുവരും. ഇവരുടെ മൊഴിയുടെ അടിസ്ഥാനത്തിൽ കൂടുതൽപേരെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്യുന്നുണ്ട്. അഭിമന്യുവിനെ കുത്തിയ ആളെയും ഇവരെ കോളജിലേക്കയച്ച സംഘത്തെയും തിരിച്ചറിഞ്ഞെന്നാണ് അന്വേഷണ സംഘം നൽകുന്ന വിവരം. കോളജിലെ മൂന്നാംവര്‍ഷ വിദ്യാര്‍ഥി മുഹമ്മദാണ് മുഖ്യ പ്രതിസ്ഥാനത്തുള്ളത്. എന്നാൽ, മുഹമ്മദും കുടുംബവും മറ്റു പ്രതികളും അവരെ സഹായിച്ചവരുമൊക്കെ മറ്റു സംസ്ഥാനങ്ങളിലേക്ക് കടന്നതായാണ് സൂചന. മൊബൈൽ ഫോണുകൾ ഉപേക്ഷിച്ചതിനാൽ അത് പിന്തുടർന്നുള്ള അന്വേഷണം സാധ്യമല്ല. വിദേശത്തേക്കു കടക്കാനുള്ള സാധ്യത കണക്കിലെടുത്ത് വിമാനത്താവളത്തിൽ ഉൾപ്പെടെ ജാഗ്രത നിർദേശം നൽകി. ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കാനും ശ്രമമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.