ചേർത്തല: കടക്കരപ്പള്ളി പത്മനിവാസിൽ ബിന്ദു പത്മനാഭെൻറ തിരോധാനവുമായി സെബാസ്റ്റ്യന് ബന്ധമില്ലെന്നാണ് ചോദ്യം ചെയ്യലിൽനിന്ന് വ്യക്തമാകുന്നതെന്ന് പൊലീസ്. അതേസമയം വ്യാജ മുക്ത്യാർ ചമച്ച് ബിന്ദുവിെൻറ വസ്തു വിൽപന നടത്തിയ കേസിൽ ഞായറാഴ്ച ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി. തിങ്കളാഴ്ച കോടതിയിൽ ഹാജരാക്കും. നാല് ആഴ്ചയോളമായി ഒളിവിലായിരുന്ന സെബാസ്റ്റ്യനെ ശനിയാഴ്ച രാവിലെ എറണാകുളം കോടതിയിൽ കീഴടങ്ങാനെത്തിയപ്പോഴാണ് അറസ്റ്റ് ചെയ്തത്. ശനിയാഴ്ച വൈകീട്ട് മുതൽ ഞായർ പുലർച്ച വരെ നീണ്ട ചോദ്യംചെയ്യലിലൂടെയാണ് ബിന്ദുവിെൻറ തിരോധാനത്തിൽ നേരിട്ട് പങ്കില്ലെന്ന നിഗമനത്തിൽ അന്വേഷണ ഉദ്യോഗസ്ഥർ എത്തിയത്. ബിന്ദുവും സെബാസ്റ്റ്യനുമായി പരിചയമുണ്ടായിരുന്നു. ഇടപ്പള്ളിയിലെ 11 സെൻറ് വസ്തു ബിന്ദുവും സെബാസ്റ്റ്യനും ചേർന്ന് 2007ൽ 14 ലക്ഷം രൂപക്കാണ് വാങ്ങിയത്. ഇരുവരും ഏഴ് ലക്ഷം രൂപ വീതം നൽകി. എന്നാൽ, ബിന്ദുവിെൻറ പേരിലാണ് പ്രമാണം ചെയ്തത്. പിന്നീട് വിൽപന നടത്താൻ സെബാസ്റ്റ്യൻ പലതവണ ആവശ്യപ്പെട്ടിട്ടും ബിന്ദു തയാറായില്ല. തുടർന്നാണ് ആധാരം നഷ്ടപ്പെട്ടതായി പത്രപരസ്യം നൽകിയശേഷം വ്യാജമുക്ത്യാർ ചമച്ച് മറ്റൊരാൾക്ക് വിൽപന നടത്തിയത്. പ്രമാണം ചെയ്യുന്നതിന് മുമ്പ് രണ്ടുപേർക്ക് വസ്തു വിൽക്കാനുള്ള കരാറും ഉണ്ടാക്കിയിരുന്നു. സെൻറിന് 13 ലക്ഷം പ്രകാരം 1.43 കോടി രൂപക്കാണ് വസ്തു വിറ്റത്. പിന്നീട് ബിന്ദു വന്നപ്പോൾ 44 ലക്ഷം രൂപ കൊടുത്തു. ഇത് പോരെന്നും പകുതി വേണമെന്നും ബിന്ദു ആവശ്യപ്പെട്ടെങ്കിലും പിന്നീട് തരാമെന്ന് പറഞ്ഞു. പിന്നീട് ബിന്ദു പലതവണ വന്നിട്ടും ബാക്കി പണം കൊടുത്തില്ലെന്നും സെബാസ്റ്റ്യൻ മൊഴി നൽകി. ഒളിവിൽ താമസിക്കാൻ സഹായിച്ച ബന്ധു അറസ്റ്റിൽ ചേർത്തല: ബിന്ദുപത്മനാഭൻ കേസിലെ ഒന്നാം പ്രതി സെബാസ്റ്റ്യനെ ഒളിവിൽ താമസിപ്പിച്ചതിന് ബന്ധു എം.ബോണിയെ പൊലീസ് അറസ്റ്റ് ചെയ്തു. സെബാസ്റ്റ്യെൻറ ഭാര്യയുടെ ബന്ധുവാണ് ഏറ്റുമാനൂർ സ്വദേശിയായ ബോണി. ഒളിവിൽ കഴിയാൻ കർണാടകയിലെ ഷിമോഗയിൽ താവളം ഒരുക്കിയത് ഇയാളാണെന്ന് ചേർത്തല ഡിവൈ.എസ്.പി എ.ജി.ലാൽ പറഞ്ഞു. പിടിക്കപ്പെടുമെന്ന ഘട്ടത്തിൽ എറണാകുളത്തെ അഭിഭാഷകനുമായി ബന്ധപ്പെട്ടാണ് കീഴടങ്ങാൻ തീരുമാനിച്ചതും പിന്നീട് പൊലീസ് പിടിയിലായതും. വ്യാജ മുക്ത്യാർ ഉപയോഗിച്ച് വസ്തു തട്ടിപ്പ് നടത്തിയതുമായി ബന്ധപ്പെട്ട് കൂടുതൽ പ്രതികൾ കുടുങ്ങിയേക്കും. ഇടപ്പള്ളിയിലെ വസ്തു ഇടപാടിൽ സെബാസ്റ്റ്യനൊപ്പമുണ്ടായിരുന്ന ബന്ധു കൂടിയായ ഷാജി ഉൾപ്പെടെയുള്ളവരെ ഉടൻ അറസ്റ്റ് ചെയ്യുമെന്നാണ് വിവരം. വ്യാജ മുക്ത്യാർ തയാറാക്കാൻ ഇടപ്പള്ളിയിലെ ആധാമെഴുത്തുകാരന് 10,000 രൂപ നൽകിയതായും സെബാസ്റ്റ്യൻ മൊഴി നൽകിയെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.