സമൂഹമാധ്യമത്തിലൂടെ ശത്രുക്കളായി; മാധ്യമപ്രവർത്തകർക്ക്​ മുന്നിൽ മിത്രങ്ങളായി

ആലപ്പുഴ: ഫേസ് ബുക്കും വാട്സ്ആപ്പുമൊക്കെ സൗഹൃദകേന്ദ്രങ്ങളാണെങ്കിലും പലപ്പോഴും ഇത് വിതക്കുന്ന വിദ്വേഷത്തി​െൻറ വിത്തുകൾ ചെറുതൊന്നുമല്ല. ഒരു നിമിഷത്തെ വൈരാഗ്യം കൊണ്ട് സമൂഹമാധ്യമത്തിൽ പ്രചരിപ്പിച്ച വ്യാജവാർത്ത രണ്ട് കുടുംബങ്ങളുടെ സ്വസ്ഥതയാണ് കുറച്ചുകാലം ഇല്ലാതാക്കിയത്. ഒടുക്കം വാദിയും പ്രതിയും സമൂഹമാധ്യമങ്ങളിൽനിന്നിറങ്ങി യഥാർഥ മാധ്യമങ്ങൾക്ക് മുന്നിലെത്തിയതോടെ വൈരാഗ്യം അലിഞ്ഞില്ലാതായി. വർഷങ്ങൾക്കുമുമ്പാണ് വിദേശത്തുവെച്ച് രണ്ട് രാജേഷുമാർ കണ്ടുമുട്ടിയത്. കൈനകരി സ്വദേശി രാജേഷ് ആർ. നായർ സീനിയർ റിക്രൂട്ടിങ് ഒാഫിസറായി ജോലി ചെയ്തിരുന്ന കുവൈത്തിലെ കെ.ആർ.എച്ച് കമ്പനിയിൽ 2014ൽ ചേർത്തല പള്ളിപ്പുറം സ്വദേശി കെ.രാജേഷ് ചേർന്നതോടെയാണ് ഇരുവരും പരിചയപ്പെടുന്നത്. ഇംഗ്ലീഷ് പരിജ്ഞാനം കുറവാണെന്ന പേരിൽ കമ്പനിയിൽനിന്ന് പുറത്താക്കപ്പെട്ട കെ.രാജേഷ് വീണ്ടും ജോലിക്ക് കയറാൻ രാജേഷ് ആർ. നായരെ സമീപിച്ചു. ഒരിക്കൽ പുറത്താക്കപ്പെട്ടയാളെ വീണ്ടും റിക്രൂട്ട് ചെയ്യാനാകില്ലെന്ന കമ്പനി തീരുമാനം രാജേഷ് ആർ. നായർ അറിയിച്ചു. കുറച്ചുനാളിനുശേഷം രാജേഷ് ആർ. നായർ വെക്‌ട്രസ് എന്ന അമേരിക്കൻ കമ്പനിയുടെ ചെന്നൈ ഒാഫിസിലേക്ക് മാറി. ജോലി നഷ്ടപ്പെടുത്തിയത് രാജേഷ് ആർ. നായരാണെന്ന് തെറ്റിദ്ധരിച്ച കെ. രാജേഷ് റിക്രൂട്ടിങ് തട്ടിപ്പി‍​െൻറ പേരിൽ രാജേഷ് ആർ. നായർക്കെതിരെ വ്യാജവാർത്ത സമൂഹമാധ്യമങ്ങൾ വഴി പ്രചരിപ്പിച്ചു. വ്യാജസന്ദേശം ശ്രദ്ധയിൽെപട്ട രാജേഷ് ആർ. നായർ പുളിങ്കുന്ന് പൊലീസിലും സൈബർ സെല്ലിലും പരാതി നൽകി. 10 ലക്ഷം രൂപ ആവശ്യപ്പെട്ട് മാനനഷ്ടക്കേസും ഫയൽ ചെയ്തു. വ്യാജ വാർത്തയുടെ ഉറവിടം കെ.രാജേഷാണെന്ന് മനസ്സിലാക്കിയ പൊലീസ് ചോദ്യം ചെയ്തതോടെ ഇയാൾ കുറ്റം സമ്മതിച്ചു. തനിക്കുണ്ടായ മാനഹാനിക്ക് പരസ്യമായി മാപ്പുപറഞ്ഞാൽ പരാതി പിൻവലിക്കാമെന്ന് രാജേഷ് ആർ. നായർ നിലപാടെടുത്തു. തുടർന്ന് വാർത്തസമ്മേളനം വിളിച്ച കെ.രാജേഷ്, രാജേഷ് ആർ. നായരെയും മാധ്യമപ്രവർത്തകരെയും സാക്ഷിയാക്കി പരസ്യമായി മാപ്പു പറഞ്ഞു. മാപ്പപേക്ഷ സ്വീകരിച്ച രാജേഷ് ആർ. നായർ കേസുകൾ പിൻവലിക്കുമെന്നും രാജേഷ് ആവശ്യപ്പെട്ടാൽ ജോലി തരപ്പെടുത്തി നൽകാൻ തയാറാണെന്നും അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.