ചെങ്ങന്നൂർ: പരിസ്ഥിതി മലിനീകരണം ഒഴിവാക്കി ആധുനിക ശ്മശാനം ചെങ്ങന്നൂരിൽ യാഥാർഥ്യമായി. ചെറിയനാട് പഞ്ചായത്തിെൻറ ഉടമസ്ഥതയിൽ 12ാം വാർഡിൽ കടയിക്കാടാണ് ഗ്യാസ് ശ്മശാനം വെള്ളിയാഴ്ച ആരംഭിച്ചത്. പൊതുശ്മശാനം ഇല്ലാത്തതിനാൽ മൃതദേഹം നടുറോഡിൽ സംസ്കരിച്ചതും മെഡിക്കൽ കോളജുകൾക്ക് കൈമാറിയതുമായ സംഭവങ്ങൾ അടുത്തിടെ ഉണ്ടായിട്ടുണ്ട്. അനാഥശവങ്ങൾ പൊലീസും നഗരസഭയും ആലപ്പുഴയിലെ ശ്മശാനത്തിൽ എത്തിച്ചാണ് സംസ്കരിച്ചിരുന്നത്. ഇതിന് പരിഹാരമെന്ന നിലയിലാണ് 2003ൽ ചെറിയനാട് പഞ്ചായത്ത് ആധുനിക ഗ്യാസ് ശ്മശാനം നിർമാണം ആരംഭിച്ചത്. കടയിക്കാട് 43 സെൻറ് ഭൂമി കണ്ടെത്തി. 1500 ചതുരശ്ര അടിയിൽ കെട്ടിടം നിർമിച്ച് ഗ്യാസ് ശ്മശാനം സ്ഥാപിച്ചു. എന്നാൽ, സാങ്കേതിക കാരണങ്ങളാൽ പ്രവർത്തനം തുടങ്ങിയില്ല. 2016ൽ പുതിയ ഭരണസമിതി കെട്ടിടം നവീകരിച്ച് പുതിയ ഗ്യാസ് ശ്മശാനം നിർമിക്കാൻ തീരുമാനമെടുത്തു. ഇതിെൻറ പ്രോജക്ട് സമർപ്പിച്ചതിനെത്തുടർന്ന് 20 ലക്ഷം രൂപ ലോകബാങ്ക് ഫണ്ട് അനുവദിച്ചു. 2017-18 വർഷത്തെ ജനകീയാസൂത്രണ ഫണ്ടിൽ മൂന്നര ലക്ഷം വകയിരുത്തി. കഴിഞ്ഞ മാർച്ച് 24ന് മന്ത്രി ജി. സുധാകരൻ ഗ്യാസ് ശ്മശാനം ഉദ്ഘാടനം ചെയ്തു. ശ്മശാനത്തിലെ ഗ്യാസ് ചേംബർ കേന്ദ്രസർക്കാർ ഏജൻസിയായ കോസ്റ്റ് ഫോർഡാണ് നിർമിച്ചത്. എട്ട് സിലിണ്ടർ ഗ്യാസിെൻറ മർദം ഒരേ സമയത്ത് ആവശ്യമാണെങ്കിലും ഒന്നര സിലിണ്ടർ ഗ്യാസ് മാത്രമേ ഒരു മൃതദേഹം ദഹിപ്പിക്കുന്നതിന് ആവശ്യമായിവരൂ. രണ്ട് മണിക്കൂർ മതിയാകും ഒരു മൃതദേഹം ദഹിക്കുന്നതിന്. ശ്മശാനം പ്രവർത്തിക്കുമ്പോഴുണ്ടായ ചൂടുവായു 5000 ലിറ്റർ സംഭരണശേഷിയുള്ള ജലസംഭരണിയിലൂടെ കടത്തിവിട്ട് നൂറടി ഉയരത്തിലുള്ള പുകക്കുഴലിലൂടെ പുറന്തള്ളുന്നതിനാൽ സമീപവാസികൾക്ക് ബുദ്ധിമുട്ട് ഉണ്ടാകുന്നില്ല. കെട്ടിടത്തിനുചുറ്റും പൂന്തോട്ടം നിർമാണം ആരംഭിച്ചിട്ടുണ്ട്. ഗ്യാസ് ചേംബർ പ്രവർത്തിപ്പിക്കുന്നതിന് താൽക്കാലിക ജീവനക്കാരനെയാണ് നിലവിൽ നിയോഗിച്ചത്. ചെങ്ങന്നൂർ മരുപ്പച്ച ഓൾഡ് ഏജ് ഹോമിലെ അന്തേവാസിയായിരുന്ന രാമചന്ദ്രെൻറ (76) മൃതദേഹമാണ് വെള്ളിയാഴ്ച രാവിലെ 11ന് ദഹിപ്പിച്ചത്. ഗ്യാസ് ചേംബറിെൻറ പ്രവർത്തനം വിലയിരുത്താൻ പഞ്ചായത്ത് പ്രസിഡൻറ് കെ.കെ. രാധമ്മ, സെക്രട്ടറി യു.വി. മോഹനൻ, പഞ്ചായത്ത് അംഗങ്ങളായ ബഹദൂർ ഖാൻ, ടി.എ. ഷാജി, ദീപ സ്റ്റെനറ്റ്, ജയലക്ഷ്മി, ചെങ്ങന്നൂർ നഗരസഭ ആരോഗ്യ സ്ഥിരം സമിതി ചെയർപേഴ്സൻ ശോഭ വർഗീസ്, കെ. കൃഷ്ണേഷ് കുമാർ, നിഷാദ് തുടങ്ങിയവർ എത്തിയിരുന്നു. മറ്റു തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽനിന്ന് എത്തുന്ന മൃതദേഹങ്ങളുടെ സംസ്കാരത്തെ സംബന്ധിച്ച നിർദേശങ്ങൾ തയാറാക്കിയെന്നും പഞ്ചായത്ത് യോഗത്തിെൻറ തീരുമാനത്തിനുശേഷം നടപ്പാക്കുമെന്നും സെക്രട്ടറി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.