ഭൂമി ഇടപാട്​: ബിഷപ്പുമാർ അടക്കം അഞ്ചു​പേർക്ക്​ സമൻസ്​

കൊച്ചി: സീറോ മലബാർ സഭയിലെ വിവാദ ഭൂമി ഇടപാടിൽ കേസ് എടുക്കണമെന്ന ഹരജിയിൽ അഞ്ചുപേർക്ക് സമൻസ്. കർദിനാൾ ജോർജ് ആലേഞ്ചരി, ഫാ. ജോഷി പുതുവ, മോൺ. സെബാസ്റ്റ്യൻ വടക്കുംപാടൻ എന്നിവരെ എതിർകക്ഷികളാക്കി കാത്തലിക് അസോസിയേഷൻ ഫോർ ജസ്റ്റിസ് പ്രസിഡൻറ് പോളച്ചൻ പുതുപ്പാറ നൽകിയ ഹരജിയിലാണ് എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി നടപടി. കേസിലെ സാക്ഷികളായ ബിഷപ് സെബാസ്റ്റ്യൻ ഇടയന്ത്രത്ത്, ബിഷപ് ജോസഫ് പുത്തൻവീട്ടിൽ, ഫാ. കുര്യാക്കോസ് മുണ്ടാടൻ, ഫാ. അഗസ്റ്റിൻ വേട്ടാളി, ഫാ. ജോസഫ് പാറേക്കാട്ടിൽ എന്നിവർക്കാണ് ജനുവരി 31ന് ഹാജരാവാൻ സമൻസിന് ഉത്തരവായത്. പരാതിക്കാരനായ പോളച്ചൻ പുതുപ്പാറയുടെ മൊഴി രേഖപ്പെടുത്തിയ ശേഷമാണ് സാക്ഷികൾക്ക് സമൻസ് അയക്കാൻ കോടതി തീരുമാനിച്ചത്. അങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രിയോട് ചേർന്ന് മെഡിക്കൽ കോളജ് തുടങ്ങാൻ 23.22 ഏക്കർ ഭൂമി വാങ്ങിയതിലും ഇതിലെ ബാങ്ക് വായ്പ ഇടപാട് അവസാനിപ്പിക്കാൻ കൊച്ചി നഗരത്തിലെ അഞ്ചിടങ്ങളിലെ വസ്തുക്കൾ വിൽപന നടത്തിയതിലും ക്രമക്കേട് നടന്നതായാണ് ഹരജിയിലെ ആരോപണം. ഭൂമി വിൽപനയിലൂടെ സഭക്ക് 18 കോടിയിലേറെ രൂപയുടെ നഷ്ടം സംഭവിച്ചു. കോതമംഗലം കോട്ടപ്പടിയിലും ഇടുക്കി ദേവികുളത്തും സഭ വാങ്ങിയ ഏക്കർ കണക്കിന് ഭൂമി ഉപയോഗശൂന്യമാണെന്നും വിവിധ ഇടപാടുകളിലൂടെ സഭക്ക് 84 കോടിയുടെ നഷ്ടം സംഭവിച്ചതായും ഹരജിയിൽ പറയുന്നു. എറണാകുളം സെൻട്രൽ പൊലീസിനും റേഞ്ച് െഎ.ജിക്കും പരാതി നൽകിെയങ്കിലും നടപടി എടുത്തില്ലെന്നും ഹരജിക്കാരൻ ആരോപിക്കുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.