കരാറുകാരന്​ നാലേകാൽ കോടി നൽകണമെന്ന ഉത്തരവ്​: അപ്പീൽ ഹരജി വീണ്ടും​ ഹൈകോടതിയിലേക്ക്​

കൊച്ചി: കരാറുകാരന് 4.17 കോടി രൂപ അധികം അനുവദിക്കാനുള്ള കോടതി ഉത്തരവിനെതിരായ അപ്പീൽ ഹരജി വീണ്ടും ഹൈകോടതിയിേലക്ക്. തൃപ്പൂണിത്തുറ ആയുർവേദ ആശുപത്രി കെട്ടിടം നിർമിച്ച കരാറുകാരന് ഇത്രയും തുക നൽകാനുള്ള സബ് കോടതി ഉത്തരവിനെതിരായ അപ്പീൽ നേരേത്ത ഹൈകോടതി തള്ളിയതാണ്. അപ്പീൽ കാലാവധി കഴിഞ്ഞതിനാൽ പ്രാഥമിക ഘട്ടത്തിൽതന്നെ വാദം കേൾക്കാതെ ഹരജി തള്ളുകയായിരുന്നു. വീണ്ടും വാദം കേട്ട് തീർപ്പാക്കാൻ സുപ്രീംകോടതി ഉത്തരവുണ്ടായ സാഹചര്യത്തിലാണ് കേസ് ഹൈകോടതിയിലെത്തുന്നത്. ആശുപത്രിക്ക് 350 കിടക്കകളുള്ള കെട്ടിടം നിർമിക്കാൻ പി.കെ. രാമചന്ദ്രൻ എന്ന കരാറുകാരന് 5.79 കോടിക്കാണ് സർക്കാർ കരാർ നൽകിയത്. അധിക തുക അനുവദിക്കില്ലെന്നും രണ്ട് വർഷത്തിനകം നിർമാണം പൂർത്തിയാക്കണമെന്നുമുള്ള നിബന്ധനകളോടെ 1997 സെപ്റ്റംബറിലാണ് കരാർ ഉറപ്പിച്ചത്. എന്നാൽ, എട്ട് വർഷത്തിന് ശേഷം 2005 ഡിസംബറിലാണ് പണി പൂർത്തിയായത്. നിർമാണച്ചെലവ് കൂടിയെന്നും ഇത് അനുവദിക്കുന്നില്ലെന്നും ചൂണ്ടിക്കാട്ടി ഹരജിക്കാരൻ സബ് കോടതിയെ സമീപിച്ചു. നിർമാണത്തിന് 9.29 കോടി ചെലവായെന്ന് കണ്ടെത്തിയ കോടതി 4.17 കോടി അധികം നൽകാൻ ഉത്തരവിട്ടു. ഇതിനുശേഷം കരാറുകാരൻ നൽകിയ മറ്റൊരു ഹരജിയിൽ ആറ് ശതമാനം വീതം പലിശകൂടി നൽകാനും ഉത്തരവുണ്ടായി. ഇതിനെതിരെയാണ് ഹൈകോടതിയിൽ സർക്കാർ അപ്പീൽ നൽകിയത്. എന്നാൽ, രണ്ട് ഉത്തരവുകളുമുണ്ടായ ശേഷം യഥാക്രമം 445 ഉം 234ഉം ദിവസം വീതം കഴിഞ്ഞാണ് അപ്പീൽ നൽകിയത്. കാലതാമസം വകവെച്ചുനൽകാൻ സർക്കാർ ആവശ്യപ്പെെട്ടങ്കിലും അനുവദിക്കാതെ ഹരജി കോടതി തള്ളുകയായിരുന്നു. സബ് കോടതി ഉത്തരവിട്ട തുക കരാറുകാരന് നൽകാനും നിർദേശിച്ചു. കരാർ വ്യവസ്ഥകൾ ലംഘിച്ചത് കണക്കിലെടുക്കാതെ ഏകപക്ഷീയ ഉത്തരവാണ് സബ് കോടതി പുറപ്പെടുവിച്ചതെന്ന് ചൂണ്ടിക്കാട്ടിയാണ് സർക്കാർ സുപ്രീംകോടതിയെ സമീപിച്ചത്. അപ്പീൽ ഹരജി പ്രാഥമിക ഘട്ടത്തിൽതന്നെ തള്ളിയതിനാൽ ഇൗ വാദങ്ങൾ ഹൈകോടതിയിൽ ഉന്നയിക്കാനുമായില്ലെന്നും ചൂണ്ടിക്കാട്ടി. ഇൗ സാഹചര്യത്തിലാണ് അപ്പീൽ ഹരജി ഹൈകോടതി വീണ്ടും കേട്ട് തീർപ്പാക്കാൻ ഉത്തരവുണ്ടായത്. നടപടിക്രമങ്ങൾ പൂർത്തിയായാൽ ഉടനെ ഹരജി ഹൈകോടതിയുടെ പരിഗണനക്കെത്തും. നേരേത്ത കേസ് പരിഗണിച്ച ബെഞ്ചാവും വീണ്ടും വാദം കേൾക്കുക.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.