കൊച്ചി: അബ്കാരി കരാറുകാരൻ മിഥില മോഹനെ വെടിെവച്ചുകൊന്ന കേസിൽ സി.ബി.െഎ അന്വേഷണത്തിന് ഹൈകോടതി ഉത്തരവ്. 11 വർഷം മുമ്പാണ് െകാലപാതകം നടന്നത്. പൊലീസ്, ക്രൈംബ്രാഞ്ച് അന്വേഷണങ്ങൾ ഫലം കാണാത്തതിനെ തുടർന്നാണ് സി.ബി.ഐക്ക് വിട്ടത്. പ്രതികൾക്ക് വിദേശബന്ധമുണ്ടെന്ന അന്വേഷണസംഘത്തിെൻറ വിശദീകരണവും കോടതി പരിഗണിച്ചു. ക്രൈംബ്രാഞ്ച് അന്വേഷണം തൃപ്‌തികരമല്ലെന്നും സി.ബി.ഐ അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് മിഥില മോഹെൻറ മകൻ മനേഷ് നൽകിയ ഹരജിയിലാണ് ഉത്തരവ്. കേസിൽ ഇനിയും പിടികൂടാനുള്ള മതിവണ്ണൻ, ഉപ്പാളി എന്നിവർ ശ്രീലങ്കൻ സ്വദേശികളാണെന്ന് സംശയമുണ്ടെന്നും എൽ.ടി.ടി.ഇ ബന്ധമുണ്ടാകാമെന്നും ക്രൈംബ്രാഞ്ച് എസ്.പി കഴിഞ്ഞ ദിവസം കോടതിയിൽ സത്യവാങ്മൂലം നൽകിയിരുന്നു. പ്രതികൾക്ക് രാജ്യാന്തര ബന്ധമുണ്ടെന്ന് സംശയമുള്ള സാഹചര്യത്തിൽ പൊലീസിെൻറ അന്വേഷണ പരിധിക്ക് പുറത്തുള്ള വിഷയമാണിതെന്ന് കോടതി വിലയിരുത്തി. തുടർന്നാണ് സി.ബി.ഐക്ക് കൈമാറിയത്. അന്വേഷണത്തിന് എത്രയും വേഗം സി.ബി.ഐ പ്രത്യേക സംഘത്തെ നിയോഗിക്കണം. അന്വേഷണത്തെ സഹായിക്കാൻ ഉദ്യോഗസ്ഥരെയും അടിസ്ഥാന സൗകര്യങ്ങളും സർക്കാർ ഒരുക്കി നൽകണം. 2006 ഏപ്രിൽ അഞ്ചിന് രാത്രി 8.50 നാണ് വെണ്ണലയിലെ വസതിയിൽ അജ്ഞാതസംഘം മിഥില മോഹനെ വെടിവെച്ചു കൊന്നത്. പ്രതികളെ കണ്ടെത്താൻ കഴിയാത്തതിനെത്തുടർന്ന് 2006 ജൂൺ 19ന് അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടു. സ്പിരിറ്റ് കടത്തുമായി ബന്ധപ്പെട്ട തർക്കത്തെത്തുടർന്നുള്ള പകയാണ് കൊലക്ക് കാരണമെന്ന് പിന്നീട് കണ്ടെത്തിയിരുന്നു. സ്പിരിറ്റ് കടത്തിൽ പങ്കാളിയായിരുന്ന തൃശൂർ പൂങ്കുന്നം സ്വദേശി കണ്ണൻ എന്ന സന്തോഷ് കുമാറാണ് മിഥില മോഹനെ വധിക്കാൻ ക്വട്ടേഷൻ നൽകിയതെന്ന് കണ്ടെത്തി ഇയാളെ അറസ്റ്റ് ചെയ്തു. ദിണ്ടിഗൽ പാണ്ഡ്യൻ എന്ന മദ്രാസ് പാണ്ഡ്യനാണ് പത്ത് ലക്ഷം രൂപക്ക് ക്വട്ടേഷൻ നൽകിയത്. ഇയാൾ തമിഴ്നാട്ടിലെ വേദാരണ്യത്തിൽനിന്ന് മതിവണ്ണൻ, ഉപ്പാളി എന്നിവരെ കൊല നടത്താൻ എത്തിച്ചു കൊടുത്തു. ഇവരാണ് മിഥില മോഹനെ കൊലപ്പെടുത്തിയതെന്നും അന്വേഷണ സംഘം കണ്ടെത്തി. എന്നാൽ, ദിണ്ടിഗൽ പാണ്ഡ്യൻ 2010 ഫെബ്രുവരി എട്ടിന് തമിഴ്നാട് പൊലീസുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. മതിവണ്ണൻ, ഉപ്പാളി എന്നിവർക്ക് വേണ്ടി അേന്വഷണം നടത്തിയെങ്കിലും പിടികൂടാനായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.