തൊഴിലുറപ്പ്​ മേഖലയിലും ഇതര സംസ്​ഥാന തൊഴിലാളികൾ

മുഹമ്മ: കഞ്ഞിക്കുഴി പഞ്ചായത്തിൽ തൊഴിലുറപ്പ് ജോലി ചെയ്യാൻ ഇതര സംസ്ഥാന തൊഴിലാളികൾ. പദ്ധതിയുടെ ഭാഗമായുള്ള മാലിന്യ കമ്പോസ്റ്റ് പിറ്റുകളുടെ നിർമാണ ജോലികൾക്കാണ് അവരെ നിയോഗിച്ചത്. സംഭവം വിവാദമായതോടെ നിർമാണ ജോലികൾ നിർത്തിവെപ്പിച്ചു. തൊഴിലുറപ്പ് തൊഴിലാളികളെ ഉപയോഗിച്ച് കമ്പോസ്റ്റ് പിറ്റ് നിർമിക്കണമെന്നാണ് പദ്ധതി നിർദേശിച്ചിരുന്നത്. ഇതിനുള്ള മണൽ ഇഷ്ടിക നിർമിച്ചത് തൊഴിലുറപ്പ് തൊഴിലാളികളാണ്. വിദഗ്ധ നിർമാണ തൊഴിലാളികളുടെ പരിശീലനത്തിൽ തൊഴിലുറപ്പ് ജോലി ചെയ്യുന്ന സ്ത്രീകൾ കമ്പോസ്റ്റ് പിറ്റുകൾ നിർമിക്കണമെന്നായിരുന്നു നിർദേശം. എന്നാൽ, പരിശീലനം നൽകാൻ നിർമാണ തൊഴിലാളികളെ കിട്ടാതായതോടെ കമ്പോസ്റ്റ് പിറ്റ് നിർമാണത്തിന് കരാർ ഏൽപിക്കുകയായിരുന്നു. കരാർ അനുസരിച്ച് നിർമാണ ജോലികൾക്ക് ഇതര സംസ്ഥാന തൊഴിലാളികളെ നിയോഗിച്ചു. പഞ്ചായത്തിലെ പത്ത്, 11 വാർഡുകളിലെ ഓരോ വീടുകളിലും കമ്പോസ്റ്റ് പിറ്റ് ഇതര സംസ്ഥാനക്കാരാണ് നിർമിച്ചത്. തൊഴിലുറപ്പ് തൊഴിലാളികളെ നിർമാണ സഹായികളാക്കുക മാത്രമാണ് ചെയ്തത്. ഇതുസംബന്ധിച്ച് പരാതികൾ ഉയർന്നപ്പോൾ പഞ്ചായത്ത് ഇടപെട്ട് നിർമാണം നിർത്തി. അതേസമയം, നിർമാണ പരിശീലനത്തിന് വിദഗ്ധ തൊഴിലാളികളെ കിട്ടാത്തതുകൊണ്ടാണ് കരാർ നൽകേണ്ടി വന്നതെന്നാണ് പഞ്ചായത്തി​െൻറ വിശദീകരണം. പരിശീലനം നൽകുന്നവർക്ക് ബില്ല് മാറിക്കിട്ടുന്നതുവരെ കൂലി നൽകാനാകില്ല. ഈ വ്യവസ്ഥ അംഗീകരിക്കാൻ ആരും തയാറായില്ലെന്നും അധികൃതർ പറയുന്നു. മാസങ്ങൾക്ക് മുമ്പാണ് പലയിടത്തും കമ്പോസ്റ്റ് പിറ്റുകൾക്കുള്ള ഇഷ്ടിക നിർമിച്ചത്. കമ്പോസ്റ്റ് പിറ്റ് നിർമാണം സമയബന്ധിതമായി ആരംഭിക്കാൻ കഴിഞ്ഞിരുന്നില്ല. സംഭവത്തിൽ സി.പി.ഐക്ക് കീഴിലുള്ള തൊഴിലുറപ്പ് തൊഴിലാളി സംഘടന പ്രതിഷേധവുമായി രംഗത്തെത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.