പുഞ്ചകൃഷി: വിളനാശ ഇൻഷുറൻസ് പരിരക്ഷ വെട്ടിക്കുറ​െച്ചന്ന്​ കർഷകർ

കുട്ടനാട്: 2016-17 കാലയളവിലെ പുഞ്ചകൃഷി വിളനാശത്തിനുള്ള ഇൻഷുറൻസ് പരിരക്ഷ വെട്ടിക്കുറച്ചതായി കൈനകരിയിലെ കർഷകർ. സീസണിൽ കുട്ടനാട്ടിൽ ഏറ്റവുമധികം വിളനാശം നേരിട്ട തങ്ങൾക്ക് നാമമാത്ര നഷ്ടപരിഹാരം നൽകാൻ നീക്കമെന്നാണ് പരാതി. കടുത്ത വരൾച്ചയെ തുടർന്ന് നൂറുശതമാനംവരെ കൃഷിനാശമുണ്ടായവരെപ്പോലും തുച്ഛമായ നഷ്ടപരിഹാരം നൽകി ഒഴിവാക്കാനാണ് നീക്കം. കൈനകരി കൃഷിഭവൻ പരിധിയിൽ വരുന്ന കൂലിപ്പുരക്കൽ, ഉദിമട പുനാന്തുരം, പള്ളിപ്പാടം, വാവക്കാട് തെക്ക്, പഴൂർപാടം, ഇരുമ്പനം ഉൾപ്പെടെ മിക്ക പാടശേഖരങ്ങളിലെയും കൃഷി വൻ പരാജയവും കർഷകർക്ക് സാമ്പത്തിക ബാധ്യതയുമുണ്ടാക്കി. ബാങ്കുകളിൽനിന്ന് വായ്പയെടുത്തും കടം വാങ്ങിയുമാണ് ഭൂരിഭാഗം കർഷകരും കൃഷിയിറക്കിയത്. കൃഷിനാശം വിലയിരുത്താനെത്തിയ ഇക്കണോമിക്‌സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്‌സ് വിഭാഗം ഉദ്യോഗസ്ഥർക്ക് കർഷകർക്കുണ്ടായ നഷ്ടം ബോധ്യപ്പെട്ടിരുന്നു. 40 ശതമാനമെങ്കിലും നഷ്ടപരിഹാം ലഭിക്കുമെന്ന് ഇവർ തങ്ങൾക്ക് ഉറപ്പുനൽകിയതായി കർഷകർ പറയുന്നു. തിരുവനന്തപുരത്തുള്ള ദേശീയ വിള ഇൻഷുറൻസ് ഓഫിസുമായി ബന്ധപ്പെട്ടപ്പോൾ 40 ശതമാനം നഷ്ടപരിഹാരം കൈനകരിക്ക് ലഭിക്കുമെന്നും അറിയിച്ചിരുന്നു. എന്നാൽ, കഴിഞ്ഞ ദിവസം ഇതുസംബന്ധിച്ച്് ഇതേ ഓഫിസുമായി ഫോണിൽ ബന്ധപ്പെട്ട കർഷകരോട് നഷ്ടപരിഹാരം 10 ശതമാനം മാത്രമേയുള്ളൂ എന്നാണ് അധികൃതർ പറഞ്ഞത്. ഈ തുകയും എന്ന് കർഷകരുടെ കൈകളിലെത്തുമെന്നത് സംബന്ധിച്ച് ഒരു വിവരവുമില്ല. കുട്ടനാട്ടിലെ മറ്റ് പ്രദേശങ്ങളിൽനിന്ന് വ്യത്യസ്തമായി ഏറ്റവുമധികം പ്രദേശങ്ങളിൽ രണ്ട് കൃഷിയിറക്കുന്ന സ്ഥലമാണ് കൈനകരി. രണ്ട് കൃഷിയിറക്കുമ്പോൾ സ്വാഭാവികമായി പുഞ്ചകൃഷിക്ക് വിളവും കുറവായിരിക്കും. ഇവിടെ കൃഷിയിറക്കിയിരുന്ന 65 ശതമാനം കർഷകർക്കും ഏക്കറൊന്നിന് 10 ക്വിൻറലിൽ താഴെ മാത്രമായിരുന്നു വിളവെന്ന് ഉദിമട പുനാന്തുരം പാടശേഖര സമിതി സെക്രട്ടറി വി.ആർ. ഉത്തമൻ പറഞ്ഞു. ഇൻഷുറൻസി​െൻറ പേരിൽ ബാങ്കുകളും ഇൻഷുറൻസ് കമ്പനികളും തങ്ങളെ ചൂഷണം ചെയ്യുകയാണെന്ന് കർഷകർ പറയുന്നു. ഒരു ലക്ഷം രൂപ വായ്പയെടുക്കുന്ന കർഷകൻ പ്രീമിയം തുകയായി 1800 രൂപ പുഞ്ചകൃഷിക്കും 2250 രൂപ രണ്ടാംകൃഷിക്കും നൽകാറുണ്ട്. സംസ്ഥാന സർക്കാർ വിഹിതമായി ലക്ഷങ്ങൾ ലഭിക്കാനുണ്ടെന്നാണ് ഇൻഷുറൻസ് കമ്പനിക്കാർ കർഷകരെ അറിയിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.