വൈപ്പിന്‍: നിയോജക മണ്ഡലത്തിലെ പൊതുവിദ്യാലയങ്ങളില്‍ എസ്. ശര്‍മ എം.എല്‍.എ യുടെ നേതൃത്വത്തില്‍ നടപ്പാക്കുന്ന വെളിച്ചം പദ്ധതിയുടെ ഭാഗമായി പ്രഭാതഭക്ഷണം നൽകുന്ന അമൃതം പദ്ധതിക്ക് തിങ്കളാഴ്ച തുടക്കമാകും. മണ്ഡലത്തിലെ കാല്‍ലക്ഷത്തോളം വരുന്ന വിദ്യാര്‍ഥികള്‍ക്ക് പ്രഭാതഭക്ഷണം ഉറപ്പാക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം തിങ്കളാഴ്ച ഉച്ചക്ക് 2.30ന് കുഴുപ്പിള്ളി സെൻറ് അഗസ്റ്റിന്‍സ് ഓസ്റ്റിൻ ഹാളില്‍ നിയമസഭാ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ നിര്‍വഹിക്കും. എസ്. ശര്‍മ എം.എല്‍.എ അധ്യക്ഷത വഹിക്കും. ബി.പി.സി.എല്‍ കൊച്ചി റിഫൈനറിയുടെ സി.എസ്.ആര്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് അമൃതം പദ്ധതി നടപ്പാക്കുന്നതെന്ന് എം.എല്‍.എ അറിയിച്ചു. അതത് ഗ്രാമപഞ്ചായത്തുകള്‍, ബന്ധപ്പെട്ട പഞ്ചായത്തംഗങ്ങള്‍, കുടുംബശ്രീ, അധ്യാപക -രക്ഷാകര്‍തൃ സംഘടനകള്‍ എന്നിവരുടെ ഉത്തരവാദിത്തത്തിലും സഹകരണത്തോടെയുമാണ് പദ്ധതി നടപ്പാക്കുന്നത്. ഗ്രാമപഞ്ചായത്തുകളിലെ സെക്രട്ടറിമാരാണ് പദ്ധതിയുടെ നോഡല്‍ ഓഫിസര്‍മാര്‍. ഗ്രാമപഞ്ചായത്ത് തലത്തില്‍ പ്രസിഡൻറ്, സെക്രട്ടറി എന്നിവരുടെ പേരില്‍ സംയുക്ത അക്കൗണ്ട് ആരംഭിച്ചതായി എം.എല്‍.എ പറഞ്ഞു. പദ്ധതി നടത്തിപ്പ്, ദൈനംദിനം നല്‍കുന്ന ഭക്ഷണം എന്നിവ സംബന്ധിച്ച കാര്യങ്ങളുടെ വിലയിരുത്തൽ ചുമതല പഞ്ചായത്ത് തല നോഡല്‍ ഓഫിസറായ പഞ്ചായത്ത് സെക്രട്ടറിക്കാണ്. പ്രധാനാധ്യാപകന്‍, ആരോഗ്യവിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍മാന്‍, വാര്‍ഡ് അംഗം, പി.ടി.എ പ്രസിഡൻറ് എന്നിവരടങ്ങുന്ന മോണിറ്ററിങ് കമ്മിറ്റിയുമുണ്ടായിരിക്കും. പൊതുവിദ്യാഭ്യാസരംഗത്ത് വൈപ്പിന്‍ മോഡല്‍ എന്ന പേരില്‍ അറിയപ്പെടുന്ന വെളിച്ചം പദ്ധതിയുടെ ഭാഗമായി നിരവധി പദ്ധതികളാണ് ഏഴുവര്‍ഷക്കാലമായി നടന്നുവരുന്നത്. പോഷക സമൃദ്ധമായ ഉച്ചഭക്ഷണം ഉറപ്പാക്കുന്ന അമ്മതന്‍ഭക്ഷണം, പ്രത്യാശ കൗണ്‍സലിങ്, നിര്‍ധന വിദ്യാര്‍ഥികള്‍ക്കായി നടപ്പാക്കുന്ന സൗജന്യ മെഡിക്കല്‍ എൻജിനീയറിങ്ങ് എന്‍ട്രന്‍സ് കോച്ചിങ്, ലഹരി വിമുക്ത വിദ്യാലയം, ഗതാഗത ബോധവത്കരണത്തിനായുള്ള ഇ-യാത്ര, സൗജന്യ പി.എസ്.സി പരിശീലനം, വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കുമുള്ള സൗജന്യ അപകട ഇന്‍ഷുറന്‍സായ വെളിച്ചം ജീവന്‍ സുരക്ഷ എന്നീ പദ്ധതികളാണ് നടപ്പാക്കുന്നത്. പ്രഫ. കെ.വി. തോമസ് എം.പി, കോട്ടപ്പുറം രൂപത മെത്രാന്‍ ഡോ. ജോസഫ് കാരിക്കശ്ശേരി എന്നിവര്‍ വിശിഷ്്ടാതിഥികളായെത്തും. ബി.പി.സി.എല്‍ കൊച്ചി റിഫൈനറി എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ പ്രസാദ് കെ. പണിക്കര്‍ മുഖ്യപ്രഭാഷണം നടത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.