ജില്ല പഞ്ചായത്ത് അമ്പലപ്പുഴ ഡിവിഷൻ അംഗത്തെ സർക്കാർ പരിപാടികളിൽ ഉൾപ്പെടുത്തില്ല ^മന്ത്രി ജി. സുധാകരൻ

ജില്ല പഞ്ചായത്ത് അമ്പലപ്പുഴ ഡിവിഷൻ അംഗത്തെ സർക്കാർ പരിപാടികളിൽ ഉൾപ്പെടുത്തില്ല -മന്ത്രി ജി. സുധാകരൻ അമ്പലപ്പുഴ: അമ്പലപ്പുഴ ഗവ. മോഡൽ ഹയർ സെക്കൻഡറി സ്കൂളിൽ പുതിയ ഓഡിറ്റോറിയം നിർമാണത്തെക്കുറിച്ച് അടിസ്ഥാനരഹിതമായ അഴിമതി ആരോപണം ഉന്നയിച്ച അമ്പലപ്പുഴ ഡിവിഷനിലെ ജില്ല പഞ്ചായത്ത് അംഗം എ.ആർ. കണ്ണനെ ഇനി സർക്കാറി​െൻറ ഒരു പരിപാടിയിലും പങ്കെടുപ്പിക്കില്ലെന്ന് മന്ത്രി ജി. സുധാകരൻ. സ്കൂളിൽ 1.20 കോടി മുടക്കി നിർമിച്ച ഓഡിറ്റോറിയം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അഴിമതി ആരോപിച്ചയാളെ ഉദ്ഘാടനത്തിന് വിളിക്കുന്നത് ശരിയല്ല. വന്നാൽ പ്രശ്നം ഉണ്ടാകും. ഒരു ജനപ്രതിനിധിക്ക് ചേർന്ന സ്വഭാവമല്ല ഉണ്ടായത്. അഴിമതി ഉണ്ടെങ്കിൽ രേഖാമൂലം സർക്കാറിനെ അറിയിക്കണം. അല്ലെങ്കിൽ ബന്ധപ്പെട്ട എജൻസികൾ ഉണ്ട്. ഇതൊന്നും ചെയ്യാതെ യോഗം നടത്തുകയല്ല വേണ്ടത്. ഓഡിറ്റോറിയത്തിൽ അഴിമതിയുണ്ടെങ്കിൽ താനാണ് അന്വേഷിക്കേണ്ടത്. ഇതിൽ ഒരു അഴിമതിയും കാണുന്നില്ല. അഴിമതി യോഗം ഉദ്ഘാടനം ചെയ്യാൻ മുൻ ഡി.സി.സി പ്രസിഡൻറ് അമ്പലപ്പുഴയിൽ എത്തിയത് എന്തിനാണെന്ന് മനസ്സിലാകുന്നില്ല. നല്ല കാര്യങ്ങൾ ചെയ്യുന്നവരെ അപമാനിക്കരുത്. അഴിമതിയെ കുറിച്ച് പറയുവാൻ യോഗം സംഘടിപ്പിച്ച അമ്പലപ്പുഴ ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻറ് ഏറ്റവും വലിയ അഴിമതിക്കാരനാണ് -മന്ത്രി ആരോപിച്ചു. അഴിമതി നടത്തിയതിനാണ് പുന്നപ്ര സൊസൈറ്റി പിരിച്ചുവിട്ടത്. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് സർക്കാർ മുന്തിയ പരിഗണനയാണ് നൽകുന്നത്. അമ്പലപ്പുഴ മണ്ഡലത്തിൽ മാത്രം കഴിഞ്ഞ 12 വർഷത്തിൽ 47 കോടി രൂപ ചെലവഴിച്ചു. ഉദ്ഘാടനം ചെയ്ത ഓഡിറ്റോറിയത്തി​െൻറ വികസനത്തിനായി 35 ലക്ഷം കൂടി അനുവദിച്ചതായി മന്ത്രി പറഞ്ഞു. ജില്ല പഞ്ചായത്ത് പ്രസിഡൻറ് ജി. വേണുഗോപാൽ അധ്യക്ഷത വഹിച്ചു. കെ.ടി. മാത്യു, കെ.പി. കൃഷ്ണദാസ്, പ്രജിത്ത് കാരിക്കൽ, ജി. വേണുലാൽ, ശ്രീകുമാർ, ശ്രീജ രതീഷ്, മായാദേവി, ബി. രവികുമാർ, േഷർളി, നിസ, അജിത്കുമാർ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.