ലൈഫ് ഗാർഡുമാരുടെ അപര്യാപ്തത ആലപ്പുഴ ബീച്ചി​െൻറ സുരക്ഷക്ക് പോരായ്മയാകുന്നു

ആലപ്പുഴ: സാഹസിക- ടൂറിസത്തി​െൻറ കേന്ദ്രമായി മാറുന്ന ആലപ്പുഴ ബീച്ചിൽ സുരക്ഷക്ക് ആവശ്യത്തിന് ലൈഫ് ഗാർഡുകളില്ല. പൊതു അവധി ദിവസങ്ങളില്‍ ആയിരക്കണക്കിന് വിനോദസഞ്ചാരികൾ എത്തുന്ന ബീച്ചില്‍ ലൈഫ് ഗാര്‍ഡുകളുടെ എണ്ണം വർധിപ്പിക്കണമെന്ന ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. ടൂറിസം വകുപ്പ് വിനോദസഞ്ചാര വികസനത്തിനായി കോടികള്‍ ചെലവഴിക്കുമ്പോഴാണ് കുറ്റകരമായ അനാസ്ഥ. രണ്ട് കിലോമീറ്ററോളം നീളമുള്ള ബീച്ചില്‍ കുറഞ്ഞത് ഒരു ഷിഫ്റ്റില്‍ 15 ലൈഫ് ഗാര്‍ഡുകളെങ്കിലും സുരക്ഷക്ക് ആവശ്യമാണ്. എന്നാല്‍, നിലവില്‍ ആകെ രണ്ട് ഷിഫ്റ്റുകളിൽ 10 ലൈഫ് ഗാര്‍ഡുകള്‍ മാത്രമാണുള്ളത്. എഴുത്തുപരീക്ഷയും ശാരീരിക ക്ഷമതയും മെഡിക്കല്‍ ടെസ്റ്റും പരിശീലനവും കഴിഞ്ഞശേഷമാണ് ഇവർ ജോലിയില്‍ പ്രവേശിച്ചതെങ്കിലും കരാര്‍ അടിസ്ഥാനത്തിലാണ് ഇവർ ജോലി നോക്കുന്നത്. കടലില്‍ കുളിക്കാനിറങ്ങുന്നവര്‍ പലപ്പോഴും തിരയില്‍പെടുക പതിവാണ്. ഇവരെ ജീവന്‍ പണയംവെച്ചാണ് പലപ്പോഴും ലൈഫ് ഗാര്‍ഡുകള്‍ കരക്കെത്തിക്കുന്നത്. മദ്യപിച്ചെത്തുന്നവര്‍ പലപ്പോഴും ലൈഫ് ഗാര്‍ഡുകള്‍ പറയുന്ന നിര്‍ദേശങ്ങള്‍ അനുസരിക്കാതെയും അപകടത്തില്‍പെടുന്നു. തിരക്കുള്ള സമയങ്ങളില്‍ ജീവനക്കാരുടെ കുറവ് പ്രധാനമായും ബീച്ചിലെ സുരക്ഷയെ ബാധിക്കുന്നുണ്ട്. അസൗകര്യങ്ങളുടെ നടുവിൽ ടൂറിസം പൊലീസ് ആലപ്പുഴ: വിനോദസഞ്ചാര മേഖലയിലെ ക്രമസമാധാനം ഉറപ്പാക്കാൻ നിയോഗിതരായ ടൂറിസം പൊലീസ് അസൗകര്യങ്ങളുടെ നടുവിലാണ്. സ്വന്തം നിലക്ക് കേസ് എടുക്കാനുള്ള അധികാരം ഇല്ലാത്ത ഈ സംവിധാനം പലപ്പോഴും പരാജയമാണ്. കേസ് രജിസ്റ്റർ ചെയ്യാൻ കഴിയാത്തതിനാൽ പ്രതികളെ ലോക്കൽ പൊലീസിന് കൈമാറുകയാണ് പതിവ്. നിലവിൽ പുന്നമടയിലും ആലപ്പുഴ ബീച്ചിലുമാണ് രണ്ട് ടൂറിസം ഔട്ട് പോസ്റ്റുകൾ പ്രവർത്തിക്കുന്നത്. സഞ്ചാരികൾക്ക് ഏതുസമയവും സേവനം ലഭ്യമാക്കി അവരുടെ സുരക്ഷ ഉറപ്പാക്കുക എന്നതാണ് പ്രധാന കടമ. ജീവനക്കാരുടെ കുറവ് കാരണം ഡ്യൂട്ടിസമയം പോലും ക്രമീകരിക്കാൻ കഴിയാതെ വട്ടം ചുറ്റുകയാണ്. രണ്ടിടങ്ങളിലായി നാല് എസ്.ഐമാർ, രണ്ട് എ.എസ്.ഐമാർ, രണ്ട് സിവിൽ പൊലീസ് ഉദ്യോഗസ്ഥർ എന്നിങ്ങനെ എട്ടുപേരാണുള്ളത്. പുന്നമടയിലെ ഔട്ട് പോസ്റ്റിൽ അത്യാവശ്യഘട്ടങ്ങളിൽ കായൽ യാത്രക്കായി സ്പീഡ് ബോട്ട് നൽകിയിട്ടുണ്ടെങ്കിലും വർഷം ഒന്ന് കഴിഞ്ഞിട്ടും ഇതുവരെ ഡ്രൈവറെ നിയമിച്ചിട്ടില്ല. സ്ത്രീകൾ അടക്കമുള്ള വിനോദസഞ്ചാരികൾക്ക് സുരക്ഷ പ്രശ്നം വെല്ലുവിളി ഉയർത്തുമ്പോൾ, ടൂറിസം പൊലീസി​െൻറ പരിമിതമായ ഇടപെടൽ വിഷയം സങ്കീർണമാക്കുന്നു. അതേസമയം, ടൂറിസം പൊലീസിന് കൂടുതൽ അധികാരങ്ങൾ നൽകുമെന്ന കേന്ദ്ര ടൂറിസം മന്ത്രി അൽഫോൻസ് കണ്ണന്താനത്തി​െൻറ വാക്കുകളിൽ വിശ്വാസമർപ്പിച്ചിരിക്കുകയാണ് സേന.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.