തൊഴിലാളികൾ കടലിലിറങ്ങി; മത്സ്യത്തിന്​ വിലയിടിക്കാൻ വ്യാപാരികളുടെ സംഘടിത ശ്രമം​

അമ്പലപ്പുഴ: മത്സ്യവ്യാപാരികളും ഇടനിലക്കാരും അമിതലാഭം ഈടാക്കുന്നതിനെതിരെ പ്രതിഷേധവുമായി രംഗത്തുനിന്ന മത്സ്യത്തൊഴിലാളികളിൽ ഒരു വിഭാഗം വെള്ളിയാഴ്ച കടലിലിറങ്ങി. എന്നാൽ, മത്സ്യവ്യാപാരികളും ഇടനിലക്കാരുമായവരിൽ ഭൂരിഭാഗംപേരും വിട്ടുനിന്നതിനാൽ മീൻ വിലയിടിഞ്ഞു. ഒരുകുട്ട മത്തിക്ക് 5000 രൂപ വരെ ലഭിച്ചിരുന്ന സ്ഥാനത്ത് ഇടനിലക്കാരുടെ ചൂഷണംമൂലം 1500 രൂപയായിരുന്നു കഴിഞ്ഞ ദിവസത്തെ വില. വെള്ളിയാഴ്ച അത് 700 മുതൽ 1000 രൂപ വരെയായി താഴ്ന്നു. കടപ്പുറത്തുനിന്ന് അഞ്ച് കുട്ട മീൻ എടുക്കുമ്പോൾ ഒരു കുട്ട മീൻ സൗജന്യമായി നൽകണമെന്ന വ്യാപാരികളുടെ നിലപാടിനെതിരെയാണ് തൊഴിലാളികൾ പ്രതിഷേധിച്ചത്. ജില്ലയുടെ തീരപ്രദേശങ്ങളിൽ കഴിഞ്ഞ രണ്ട് ദിവസമായി ശക്തമായ പ്രതിഷേധസ്വരം ഉയർന്നത് മത്സ്യമേഖലയെ സ്തംഭനത്തിലേക്ക് എത്തിച്ചു. ഭൂരിഭാഗം തൊഴിലാളികളും കടലിൽ പോകാതെ മത്സ്യ ബന്ദ് ആചരിച്ചും പ്രതിഷേധ യോഗം ചേർന്നുമാണ് തങ്ങളുടെ നിലപാട് വ്യക്തമാക്കിയത്. കലക്ടറുടെ മുന്നിലും വ്യാപാരികളുെടയും ഇടനിലക്കാരുടെയും ചൂഷണവിഷയം എത്തിക്കാനും തൊഴിലാളികൾക്ക് കഴിഞ്ഞു. കലക്ടറുടെ ചേംബറിൽ മത്സ്യത്തൊഴിലാളികളുടെയും ഓൾ കേരള ഫിഷ് മർച്ചൻറ്സ് ആൻഡ് കമീഷൻ ഏജൻറ് പ്രതിനിധികളുടെയും യോഗം വിളിച്ച് ചർച്ച നടത്തിയെങ്കിലും തീരുമാനമായില്ല. ഒാരോ അഞ്ച് കുട്ട മീൻ എടുക്കുമ്പോഴും ഒരു കുട്ട സൗജന്യത്തിന് പുറമെ പത്ത് കുട്ട മീൻ എടുക്കുമ്പോൾ വീണ്ടും മറ്റൊരു കുട്ട മീൻ കൂടി നൽകണമെന്ന വ്യാപാരികളുടെ കടുംപിടിത്തമാണ് ചർച്ച പരാജയമാകാൻ കാരണം. 10 കുട്ട മീനി​െൻറ വിലയ്ക്ക് തൊഴിലാളികൾ നൽകേണ്ടത് മൂന്ന് കുട്ട അധികം മീൻ. തന്നെയുമല്ല മീൻ വിലയുടെ 10 ശതമാനം കുറച്ചേ തൊഴിലാളികൾക്ക് നൽകുകയുള്ളു. ഇടനിലക്കാർ വഴിയാണ് ഇത്തരം ചൂഷണങ്ങൾ മത്സ്യത്തൊഴിലാളികൾക്ക് മേൽ അടിച്ചേൽപ്പിക്കുന്നത്. എന്നാൽ, കുട്ടകളിലെ മീനി​െൻറ ഭാരക്കുറവ് പരിഹരിക്കുവാനാണ് ഇങ്ങനെ അധികം വാങ്ങുന്നതെന്നാണ് വ്യാപാരികളുടെ നിലപാട്. മത്സ്യത്തൊഴിലാളികളെ ചൂഷണം ചെയ്യുന്നത് തങ്ങൾ അല്ലെന്നും കടപ്പുറത്തെ ഇടനിലക്കാരും ലേലക്കാരും യൂനിയൻകാരുമാണെന്നുമാണ് വ്യാപാരികൾ പറയുന്നത്. ഒരു കുട്ട മീനിന് ലേലക്കാർക്ക് 25 രൂപ കമീഷൻ, യൂനിയനുകൾക്ക് വണ്ടിയിൽ മീൻ കയറ്റുന്നതിന് 35 രൂപ എന്നതാണ് നിരക്കെന്നും വ്യാപാരികൾ പറയുന്നു. അധിക മീൻ നൽകില്ലെന്ന നിലപാടിൽ മത്സ്യത്തൊഴിലാളികളും ഉറച്ച് നിന്നതോടെ വെള്ളിയാഴ്ചയും ഭൂരിഭാഗം വ്യാപാരികളും മീൻ എടുത്തില്ല. അതാണ് വിലയിടിയാൻ കാരണം. വള്ളങ്ങളിൽ കൊണ്ടുവന്ന മത്സ്യം പറഞ്ഞ വിലയ്ക്ക് കൊടുക്കേണ്ടി വന്നു. ഐസ് ഇല്ലാത്തതും ചീത്തയാകാൻ ഇടയുള്ളതിനാലുമാണ് മീൻ വിറ്റഴിച്ചത്. പ്രധാന മീൻപിടിത്ത മേഖലയായ പുന്നപ്ര ഫിഷ്ലാൻഡിങ് സ​െൻറർ, തോട്ടപ്പള്ളി ഹാർബർ എന്നിവിടങ്ങളിലാണ് മത്സ്യമേഖലയിൽ കാര്യമായ ഉണർവില്ല. മറ്റ് സംസ്ഥാനങ്ങളിൽനിന്നും ബോട്ടുകളിൽനിന്നും കൊണ്ടുവരുന്ന മീനാണ് ഇപ്പോൾ വ്യാപാരികൾ വാങ്ങുന്നത്. പൊന്തുവള്ളക്കാരുടെ വഴിയോര വിപണിയിൽ ചെറുമീനുകൾ വിൽക്കുന്നുണ്ട്. അയ്യായിരത്തിലധികം പേരാണ് പുന്നപ്രയിലും തോട്ടപ്പള്ളിയിലുമായി മത്സ്യമേഖലയിൽ പണിയെടുക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.