സി.പി.െഎ ദുർബലമായാൽ ഇടതുമുന്നണി ശക്തിപ്പെടുമെന്ന ധാരണ വേണ്ട -കാനം മുഹമ്മ: സി.പി.ഐ ദുർബലമായാൽ ഇടതുമുന്നണി ശക്തിപ്പെടുമെന്ന ധാരണ സി.പി.എമ്മിനുണ്ടാകരുതെന്ന് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. സി.പി.എം ദുർബലമായാൽ മുന്നണി ശക്തമാകുമെന്ന ധാരണ സി.പി.ഐക്കുമില്ല. സി.പി.ഐയിലേക്കുള്ള ജനപ്രവാഹത്തെ ചിറകെട്ടി തടസ്സപ്പെടുത്താൻ ശ്രമിക്കരുത്. അഴിമതിക്കാരെ തൈലം പൂശി മുന്നണിയെ ശക്തിപ്പെടുത്താമെന്ന് ആരും വിചാരിക്കേണ്ട. സി.പി.ഐ കഞ്ഞിക്കുഴി ലോക്കൽ സമ്മേളനത്തിെൻറ ഭാഗമായുള്ള പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സി.പി.എമ്മും സി.പി.ഐയും വ്യത്യസ്ത തലത്തിൽ പോയാൽ എത്രദൂരം മുന്നോട്ട് പോകാനാകുമെന്ന തിരിച്ചറിവ് വേണം. ഫാഷിസത്തിനെതിരെ മതനിരപേക്ഷ കക്ഷികൾ ഒന്നിക്കണമെന്ന് സി.പി.ഐ പറയുമ്പോൾ കോൺഗ്രസുമായി കൂട്ടുകൂടാനാണെന്നാണ് ചിലരുടെ ധാരണ. മതനിരപേക്ഷതയുടെ മൊത്ത വിതരണ ഏജൻസിയായി ആരെയും നിശ്ചയിച്ചിട്ടില്ല. കോൺഗ്രസുമായി കൂട്ടുകൂടാത്തവരാണ് വിമർശിക്കുന്നതെങ്കിൽ സി.പി.ഐയെ കല്ലെറിയാം. എന്നാൽ, യാഥാർഥ്യം പരിശോധിച്ചാൽ എറിയാൻ ൈക ഉയരില്ല, കല്ലും ഉണ്ടാവില്ല. സി.പി.ഐയിലേക്ക് ആളുകൾ വരുന്നതിനെ സി.പി.എം എതിർക്കേണ്ട കാര്യമില്ല. സി.പി.ഐയിൽനിന്ന് സി.പി.എമ്മിലേക്ക് പോകുന്നവരോട് തങ്ങൾക്ക് ശത്രുതയില്ല. ബി.ജെ.പിയിലേക്ക് പോയില്ലല്ലോ എന്ന സന്തോഷമേയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. ജില്ല സെക്രട്ടറി ടി.ജെ. ആഞ്ചലോസ്, മന്ത്രി പി. തിലോത്തമൻ, എസ്. പ്രകാശൻ, പി.വി. സത്യനേശൻ, എൻ. ബാലചന്ദ്രൻ, എം.ഡി. അനിൽകുമാർ തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.