കൊച്ചി: പകർച്ചവ്യാധികളുടെ പ്രതിരോധവും നിയന്ത്രണവും ലക്ഷ്യമാക്കി സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന ആരോഗ്യ ജാഗ്രതയുടെ ജില്ലാതല ഉദ്ഘാടനം ശനിയാഴ്ച വിദ്യാഭ്യാസ മന്ത്രി പ്രഫ. സി. രവീന്ദ്രനാഥ് നിർവഹിക്കും. വൈകീട്ട് മൂന്നിന് പെരുമ്പാവൂർ മുനിസിപ്പൽ ഗ്രൗണ്ടിലാണ് ചടങ്ങ്. എൽദോസ് കുന്നപ്പിള്ളി എം.എൽ.എ അധ്യക്ഷത വഹിക്കും. ചടങ്ങിൽ ജില്ല പഞ്ചായത്ത് പ്രസിഡൻറ് ആശ സനിൽ, കലക്ടർ കെ. മുഹമ്മദ് വൈ. സഫീറുല്ല, പെരുമ്പാവൂർ നഗരസഭ അധ്യക്ഷ സതി ജയകൃഷ്ണൻ, ജനപ്രതിനിധികൾ, ജില്ലാതല ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുക്കും. പകർച്ചവ്യാധികൾക്കെതിരെ നിതാന്തജാഗ്രത ലക്ഷ്യമിട്ട് ഈ വർഷം ജനുവരി മുതൽ ഡിസംബർ വരെ നടത്തുന്ന ആരോഗ്യബോധവത്കരണ പരിപാടിയാണ് ആരോഗ്യ ജാഗ്രത. ജനങ്ങൾക്ക് ആവശ്യമായ ബോധവത്കരണം നൽകി ആരോഗ്യശീലങ്ങൾ ജീവിതരീതിയുടെ ഭാഗമാക്കി രോഗപ്രതിരോധവും നിയന്ത്രണവും കാര്യക്ഷമമാക്കുകയാണ് ബഹുജന പങ്കാളിത്തത്തോടെ ആരോഗ്യ ജാഗ്രതയിലൂടെ ലക്ഷ്യമിടുന്നത്. മുൻ കാലങ്ങളിൽ പകർച്ചവ്യാധികൾ റിപ്പോർട്ട് ചെയ്ത സ്ഥലങ്ങളിൽ പ്രത്യേക ശ്രദ്ധ നൽകിക്കൊണ്ടുള്ള പ്രവർത്തനമാണ് നടത്തുക, ജനപങ്കാളിത്തത്തോെട വീടുകൾ, പൊതുസ്ഥലങ്ങൾ, വ്യാപാരസ്ഥാപനങ്ങൾ, സർക്കാർ ഓഫിസുകൾ, തോട്ടങ്ങൾ തുടങ്ങിയ ഇടങ്ങളിൽ കൊതുകിെൻറ ഉറവിട നശീകരണം സമയബന്ധിതമായി നടപ്പിലാക്കുക, വാർഡുതല ശുചിത്വപോഷണ സമിതികൾ ശക്തമാക്കുക, ആരോഗ്യസേന രൂപവത്കരിച്ച് പ്രത്യേക പരിശീലനം നൽകുക തുടങ്ങിയവയാണ് പ്രധാന പ്രവർത്തനങ്ങൾ. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, ഹരിതകേരളം, ശുചിത്വമിഷൻ, റവന്യൂ വകുപ്പ്, ജല വിഭവവകുപ്പ്, കേരള വാട്ടർ അതോറിറ്റി, തൊഴിൽ വകുപ്പ്, സാമൂഹികനീതി വകുപ്പ്, വിദ്യാഭ്യാസ വകുപ്പ്, കൃഷി വകുപ്പ്, മൃഗസംരക്ഷണ വകുപ്പ്, പൊതുമരാമത്ത് വകുപ്പ്, ഫിഷറീസ്, പട്ടികവർഗ വികസന വകുപ്പ്, ഭക്ഷ്യസുരക്ഷ കമീഷൻ, റെയിൽവേ, പബ്ലിക് റിലേഷൻസ് വകുപ്പ്, ആഭ്യന്തര വകുപ്പ്, നിയമ വകുപ്പ്, ദേശീയ ആരോഗ്യദൗത്യം, കുടുംബശ്രീ, െറസിഡൻറ്സ് അസോസിയേഷനുകൾ, സന്നദ്ധസംഘടനകൾ തുടങ്ങിയവയുടെ കൂട്ടായ പ്രവർത്തനമാണ് നടക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.