ഉപ്പുവെള്ളം തടയാന്‍ ബണ്ടുകള്‍: നിര്‍മാണം അന്തിമഘട്ടത്തില്‍

കൊച്ചി: ചാലക്കുടിപ്പുഴയ്ക്കും പെരിയാറിനും കൈവഴികള്‍ക്കും കുറുകെ ഉപ്പുവെള്ളം തടയാനുള്ള ബണ്ടുകളുടെ നിര്‍മാണം പൂര്‍ത്തിയാവുന്നു. കുന്നുകരയില്‍ ചെറിയതേക്കാനം, കോരന്‍കടവ്, പുത്തന്‍വേലിക്കരയില്‍ കണക്കന്‍കടവ് എന്നിവിടങ്ങളിലെ ബണ്ട് നിര്‍മാണം ജില്ല കലക്ടര്‍ കെ. മുഹമ്മദ്.വൈ.സഫീറുള്ള സന്ദര്‍ശിച്ച് വിലയിരുത്തി. ജലസേചനത്തിനും കുടിവെള്ളത്തിനും പെരിയാറിനെയും ചാലക്കുടിപ്പുഴയെയും ആശ്രയിക്കുന്നവര്‍ക്ക് ഉപകാരപ്രദമാവും ഈ ബണ്ടുകളുടെ നിര്‍മാണമെന്ന് ജില്ല കലക്ടര്‍ പറഞ്ഞു. മേജര്‍ ഇറിഗേഷന്‍ വകുപ്പി​െൻറ നേതൃത്വത്തില്‍ നടക്കുന്ന കണക്കന്‍ കടവിലെ മണല്‍ബണ്ട് നിര്‍മാണം പൂര്‍ത്തിയായി. ബണ്ടി​െൻറ ഉയരം കൂട്ടലാണ് ഇപ്പോള്‍ നടക്കുന്നത്. പുത്തന്‍വേലിക്കര പഞ്ചായത്തിന് പുറമെ തൃശൂര്‍ ജില്ലയിലെ പഞ്ചായത്തുകളും ഈ പദ്ധതിയുടെ ഗുണഭോക്താക്കളാണ്. 25 ലക്ഷം രൂപയാണ് കണക്കന്‍കടവ് ബണ്ടിന് ചെലവായത്. മൈനര്‍ ഇറിഗേഷന്‍ വകുപ്പി​െൻറ കീഴിലുള്ള കുന്നുകരയില്‍ ചെറിയതേക്കാനം താൽക്കാലിക ബണ്ടി‍​െൻറ നിര്‍മാണം ഇന്നലെ വൈകീട്ടോടെ പൂര്‍ത്തിയായി. ഏഴര ലക്ഷം രൂപയാണ് നിര്‍മാണച്ചെലവ്. പത്തുലക്ഷം രൂപ ചെലവിൽ നിർമിക്കുന്ന കോരന്‍കടവില്‍ ബണ്ടി​െൻറ ജോലി മൂന്നു ദിവസത്തിനുള്ളില്‍ പൂര്‍ത്തിയാകും. കുന്നുകര, കരുമാലൂര്‍ പഞ്ചായത്തു നിവാസികള്‍ക്ക് പുറമെ പെരിയാറിനെ കുടിവെള്ളത്തിനും കൃഷിക്കുമായി ആശ്രയിക്കുന്നവര്‍ക്കും ഗുണകരമാണ് ഈ ബണ്ടുകള്‍. ഇവക്കു പുറമെ കഴിഞ്ഞവര്‍ഷം കമീഷന്‍ ചെയ്ത പുറപ്പിള്ളിക്കാവ് റെഗുലേറ്ററും ഉപ്പുവെള്ളം പെരിയാറിലേക്ക് കയറുന്നത് തടയും. ഉപ്പുവെള്ളം കയറിയത് കഴിഞ്ഞവര്‍ഷം കുടിവെള്ള- കൃഷി മേഖലകളെ പ്രതികൂലമായി ബാധിച്ചിരുന്നു. ഈ അനുഭവം മുന്‍നിര്‍ത്തി ജില്ല കലക്ടര്‍ ഇടപെട്ട് ഈ വര്‍ഷം നേരേത്ത തന്നെ ബണ്ട് നിര്‍മാണം തുടങ്ങുകയായിരുന്നു. ദുരന്തനിവാരണവിഭാഗം ഡെപ്യൂട്ടി കലക്ടര്‍ ഷീലാദേവി, കുന്നുകര പഞ്ചായത്ത് പ്രസിഡൻറ് ഫ്രാന്‍സിസ് തറയില്‍, പുത്തന്‍വേലിക്കര പഞ്ചായത്ത് പ്രസിഡൻറ് പി.വി. ലാജു, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ പ്രതിനിധികള്‍, മൈനര്‍ ഇറിഗേഷന്‍ വകുപ്പിലെ പി.എം. വില്‍സൻ തുടങ്ങിയവര്‍ ജില്ല കലക്ടറോടൊപ്പമുണ്ടായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.