ലൈഫ് പദ്ധതി നടത്തിപ്പിനെച്ചൊല്ലി കോർപറേഷൻ കൗൺസിൽ യോഗത്തിൽ ഭരണ-പ്രതിപക്ഷ വാക്പോര് കൊച്ചി: മുഴുവൻ ഭവനരഹിതർക്കും വീട് ലഭ്യമാക്കാനുള്ള സർക്കാറിെൻറ ലൈഫ് പദ്ധതി നടത്തിപ്പിനെ ചൊല്ലി കോർപറേഷൻ കൗൺസിൽ യോഗത്തിൽ ഭരണ-പ്രതിപക്ഷ വാക്പോര്. പാവപ്പെട്ടവരുടെ വലിയ പ്രതീക്ഷയായ പദ്ധതി അട്ടിമറിക്കാനാണ് ഭരണപക്ഷം ശ്രമിക്കുന്നതെന്നും ഗുരുതര വീഴ്ചയാണ് നടപടികളിൽ ഉണ്ടായിക്കൊണ്ടിരിക്കുന്നതെന്നും പ്രതിപക്ഷം ആരോപിച്ചു. എന്നാൽ, സർക്കാർ ഉത്തരവുകളിലെ അവ്യക്തതയും ആശയക്കുഴപ്പവും ഉത്തരവുകൾ ലഭിക്കുന്നതിലെ കാലതാമസവുമാണ് പ്രശ്നമെന്നും ബോധപൂർവമായ ഒരു വീഴ്ചയും ഉണ്ടായിട്ടില്ലെന്നും ഭരണപക്ഷവും പറഞ്ഞു. മറ്റ് ഭവന പദ്ധതികളിൽ ഉൾപ്പെട്ട് വായ്പ ലഭിക്കുകയും എന്നാൽ, വീടുനിർമാണം ഇതുവരെ പൂർത്തിയാക്കാൻ കഴിയാതിരിക്കുകയും ചെയ്യുന്നവർക്കാണ് ലൈഫിെൻറ ആദ്യഘട്ടത്തിൽ പരിഗണന. ഇവരുടെ വീട് നിർമാണം മാർച്ച് 31ന് മുമ്പ് പൂർത്തിയാക്കേണ്ടതാണ്. എന്നാൽ, സമയപരിധി കഴിഞ്ഞിട്ടും ലിസ്റ്റ് തയാറായിട്ടില്ല. ഇതാണ് പ്രതിപക്ഷത്തിെൻറ പ്രതിഷേധത്തിന് കാരണം. 30 പേരുടെ പേര് മാത്രമാണ് ഇതുവരെ പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്നതെന്ന് വിഷയം അവതരിപ്പിച്ച എൽ.ഡി.എഫ് പാർലമെൻററി പാർട്ടി നേതാവ് വി.പി. ചന്ദ്രൻ പറഞ്ഞു. ഇത് യു.പി.ഡി.എ പദ്ധതിയിൽ സഹായം ലഭിച്ച് വീട് നിർമാണം മുടങ്ങിയവരാണ്. ഇതുകൂടാതെ, മത്സ്യത്തൊഴിലാളി ക്ഷേമനിധി, പട്ടികജാതി വികസന വകുപ്പ് തുടങ്ങിയ മറ്റ് വകുപ്പുകളിൽനിന്ന് സഹായം ലഭിച്ചവരൊക്കെയായി അർഹതപ്പെട്ട ആയിരക്കണക്കിനാളുകൾ വേറെയുമുണ്ടെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടി. എന്നാൽ, ഇത്തരത്തിലുള്ളവരുടെ ലിസ്റ്റ് കൈമാറേണ്ടത് ബന്ധപ്പെട്ട വകുപ്പുകളാണെന്നും ഇതാണ് കാലതാമസത്തിന് ഇടയാക്കുന്നതെന്നും ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എ.ബി. സാബുവും ഡെപ്യൂട്ടി മേയർ ടി.ജെ. വിനോദും ചൂണ്ടിക്കാട്ടി. പി.എം.എ.വൈ പദ്ധതിയും ഇതേസമയംതന്നെ നടക്കുന്നതിനാൽ അപേക്ഷകർക്കിടയിലെ ആശയക്കുഴപ്പവും കാലതാമസത്തിന് ഇടവരുത്തുന്നുണ്ട്. പദ്ധതി നടപ്പാക്കുന്നതിൽ ബോധപൂർവമായ ഒരു വീഴ്ചയും ഉണ്ടായിട്ടില്ലെന്നും അവർ വ്യക്തമാക്കി. അപേക്ഷകർ കൂടുതലുള്ള തിരുവനന്തപുരം, കൊച്ചി കോർപറേഷനുകളിൽ സമയപരിധി ഇൗ മാസം 10 വരെ നീട്ടി ലഭിക്കാൻ സാധ്യതയുണ്ടെന്നും ഇതിനുള്ളിൽ ലിസ്റ്റ് തയാറാക്കാൻ കഴിയുമെന്നും സെക്രട്ടറി എ.എസ്. അനുജ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.