കൊച്ചി: വിശാല കൊച്ചി മേഖലയിൽ സർവിസ് നടത്തുന്ന സ്വകാര്യമേഖലയിലെ ആയിരവും സർക്കാർ മേഖലയിലെ 600ഉം ഉൾപ്പെടെ 1600ഒാളം ബസുകളുടെ സമ്പൂർണ വിവരങ്ങൾ മൊബൈൽ ആപ്ലിക്കേഷൻ വഴി യാത്രക്കാരിലെത്തിക്കാൻ നടപടി പുരോഗമിക്കുന്നു. പദ്ധതി നടപ്പാക്കുന്ന അർബൻ മാസ് ട്രാൻസിറ്റ് കമ്പനി (യു.എം.ടി.സി) ഇതുസംബന്ധിച്ച് ഏഴ് സ്വകാര്യ ബസ് കമ്പനികളുമായി കരാർ ഒപ്പിട്ടു. ഇൗ വർഷം ഏപ്രിൽ ആദ്യവാരത്തിന് മുമ്പ് പദ്ധതി പൂർത്തിയാക്കുകയാണ് ലക്ഷ്യം. പൊതുജനങ്ങളെ പരമാവധി പൊതുഗതാഗത സംവിധാനത്തിലേക്ക് ആകർഷിക്കാൻ ലക്ഷ്യമിട്ട് സർക്കാർ പ്രഖ്യാപിച്ച സംയോജിത പൊതുഗതാഗതനയം ആദ്യഘട്ടത്തിൽ കൊച്ചിയിൽ നടപ്പാക്കുന്നതിെൻറ ഭാഗമാണ് പദ്ധതി. കൊച്ചി വൺ എന്ന ആപ്ലിക്കേഷൻ വഴി ബസ് ഒാടുന്ന റൂട്ടുകൾ, ലക്ഷ്യസ്ഥാനം, ഒാരോ സ്റ്റോപ്പിലും എത്തുന്ന സമയം, റൂട്ട് നമ്പർ, നിലവിൽ ബസ് എവിടെയെത്തി തുടങ്ങിയ വിവരങ്ങൾ യാത്രക്കാർക്ക് അറിയാൻ സഹായിക്കുന്നതാണ് കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് വഴി നടപ്പാക്കുന്ന പദ്ധതി. ഇതിന് ബസുകളിൽ ജി.പി.എസ്, ജി.പി.ആർ.എസ് സംവിധാനങ്ങൾ ഘടിപ്പിക്കാൻ കെ.എം.ആർ.എൽ നേരത്തേ യു.എം.ടി.സിയുമായി ധാരണപത്രം ഒപ്പിട്ടിരുന്നു. ഇത്തരമൊരു സംവിധാനം രാജ്യത്ത് ആദ്യമാണ്. കൊച്ചിയെ പൊതുഗതാഗത സൗഹൃദ നഗരമാക്കാൻ പദ്ധതി സഹായിക്കുമെന്ന് കെ.എം.ആർ.എൽ എം.ഡി എ.പി.എം. മുഹമ്മദ് ഹനീഷ് പറഞ്ഞു. യു.എം.ടി.സി സീനിയർ വൈസ് പ്രസിഡൻറ് കിഷോർ നതാനിയും ചടങ്ങിൽ സംബന്ധിച്ചു. ഗതാഗത വകുപ്പ്, മോേട്ടാർ വാഹന വകുപ്പ് എന്നിവയുടെ പിന്തുണ പദ്ധതിക്കുണ്ട്. കൊച്ചി വീൽസ് യുനൈറ്റഡ്, പെർഫെക്ട് ബസ് മെട്രോ സർവിസസ്, മുസ്രിസ് ബസ്, മൈ മെട്രോ ബസ് സർവിസസ്, ഗ്രേറ്റർ കൊച്ചിൻ ബസ് ട്രാൻസ്പോർട്ട് അസോസിയേഷൻ, പ്രതീക്ഷ ബസ് ട്രാൻസ്പോർട്ട് ഒാപേററ്റേഴ്സ് ഒാർഗനൈസേഷൻ, കൊച്ചി മെട്രോപോളിറ്റൻ ട്രാൻസ്പോർട്ട് സഹകരണ സംഘം എന്നീ സ്വകാര്യ ബസ് കമ്പനികളുമായാണ് കരാർ ഒപ്പിട്ടത്. രണ്ടാംഘട്ടത്തിൽ മുഴുവൻ കെ.എസ്.ആർ.ടി.സി, കെ.യു.ആർ.ടി.സി ബസുകളിലും പദ്ധതി നടപ്പാക്കും. കമ്പനികൾ ബസ് ഒന്നിന് സർവിസ് ചാർജായി പ്രതിദിനം അഞ്ചുരൂപ യു.എം.ടി.സിക്ക് നൽകും. ജി.പി.എസ് സംവിധാനത്തിെൻറ പരിപാലനം ബസുടമകളുടെ ചുമതലയാണ്. ഭാവിയിൽ ട്രെയിൻ ഗതാഗതത്തിെൻറ വിവരങ്ങളും കൊച്ചി വൺ ആപ് വഴി ലഭ്യമാക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.