മുദ്രപ്പത്രം കിട്ടാനില്ല; സബ്‌സിഡി വാട്ടർ കണക്​ഷൻ അവതാളത്തിൽ

പറവൂർ: ചെറിയ തുകകൾക്കുള്ള മുദ്രപ്പത്രങ്ങൾ ലഭ്യമല്ലാതായതോടെ സബ്‌സിഡി ഇനത്തിൽ വാട്ടർ കണക്ഷന് കാത്തിരിക്കുന്നവർ ആശങ്കയിലായി. മുദ്രപ്പത്ര ക്ഷാമം രൂക്ഷമായതോടെ വാട്ടർ കണക്ഷൻ എടുക്കാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ നൽകുന്ന സബ്‌സിഡി ലഭിക്കേണ്ട ഗുണഭോക്താക്കളാണ് വലയുന്നത്. നടപടിക്രമങ്ങളുടെ ഭാഗമായി വാട്ടർ അതോറിറ്റിയും ഉപഭോക്താവും തമ്മിൽ കാരാറിലേർപ്പെടേണ്ടതുണ്ട്. ഇതിനായി 200 രൂപക്കുള്ള മുദ്രപ്പത്രം വേണം. ഇത് ലഭ്യമല്ലാതായതോടെ വാട്ടർ അതോറിറ്റിയിൽ സമ്മതപത്രം വെക്കാൻ കഴിയാത്ത സാഹചര്യമാണ്. നിർധനർക്ക് ശുദ്ധജല കണക്ഷൻ എടുക്കാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽനിന്ന് ഗ്രാമസഭകൾ മുഖാന്തരം പേര് ഉൾപ്പെടുത്തിയാൽ െചലവാകുന്ന തുകയുടെ ചെറിയ ശതമാനം സബ്‌സിഡി നൽകുന്നുണ്ട്. ഇത്തരം സബ്‌സിഡി ലഭിക്കേണ്ട ഗുണഭോക്താക്കൾ വിവിധ പഞ്ചായത്തുകളിലും നഗരസഭയിലുമായി നിരവധിയുണ്ട്. കണ്ഷൻ ലഭിച്ച ശേഷം വാട്ടർ അതോറിറ്റിയിൽനിന്ന് സാക്ഷ്യപത്രവും പഞ്ചായത്തിന് നൽകിയാലേ സബ്‌സിഡി ലഭ്യമാകൂ. എന്നാൽ, 2016-17 വർഷത്തെ സബ്‌സിഡി പട്ടികയിൽ ഉൾപ്പെട്ടവർക്ക് മാർച്ച് 28ന് മുമ്പ് കണക്ഷൻ ലഭിച്ചതായി സാക്ഷ്യപത്രം സമർപ്പിച്ചില്ലെങ്കിൽ സബ്‌സിഡി നഷ്ടമാകും. വാട്ടർ കണക്ഷൻ പണി പൂർത്തികരിച്ചാൽ മാത്രമേ പ്ലംബർക്ക് പണിക്കൂലി എസ്റ്റിമേറ്റും മെറ്റീരിയൽസ് ബില്ലും ഉൾപ്പെടുന്ന സാക്ഷ്യപത്രം നൽകാനാവൂ. മുദ്രപ്പത്രം കിട്ടാതായതോടെ കരാർ പ്രക്രിയ നിലച്ചു. ചില ഗുണഭോക്താക്കൾ സബ്‌സിഡി നഷ്ടമാകാതിരിക്കാൻ ലഭ്യമായ 500 രൂപ മുതലുള്ള വലിയ തുകക്കുള്ള മുദ്രപ്പത്രങ്ങളെ ആശ്രയിക്കേണ്ട ഗതികേടിലാണ്. സബ്‌സിഡി ഇനത്തിൽ കിട്ടുന്ന ചെറിയ തുകയിൽനിന്ന് വലിയ തുകക്കുള്ള മുദ്രപ്പത്രം വാങ്ങാനും നെട്ടോട്ടത്തിലാണ് സാധാരണക്കാർ. അതേസമയം, ജനകീയാസൂത്രണ പദ്ധതി പ്രകാരം അനുവദിച്ച വ്യക്തിഗത ആനുകൂല്യങ്ങൾക്കും 200 രൂപയുടെ മുദ്രപ്പത്രങ്ങൾ ആവശ്യമാണ്. ലൈഫ് പദ്ധതി പ്രകാരം വീട് നിർമാണം, വീടുകളുടെ അറ്റകുറ്റപ്പണി, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ കരാർ പ്രവൃത്തി എന്നിവ നടത്തുന്നതിന് മുന്നോടിയായി കരാർ വെക്കണം. മിക്ക വെണ്ടർമാരുടെ പക്കലും 500‍​െൻറ മുദ്രപ്പത്രം മാത്രമാണുള്ളത്. ഇതുമൂലം സാധാരണക്കാർ ആവശ്യത്തിന് മുദ്രപ്പത്രം ലഭിക്കാതെ വലയുകയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.