ഡോക്​ടറെ മർദിച്ച സംഭവം; രണ്ടുപേർ അറസ്​റ്റിൽ

അമ്പലപ്പുഴ: വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന സർജറി വിഭാഗത്തിലെ ഹൗസ് സർജൻ വൈകാന്ത് ചന്ദ്രനെ മർദിച്ച സംഭവത്തിൽ രണ്ടുപേരെ അമ്പലപ്പുഴ പൊലീസ് അറസ്റ്റ് ചെയ്തു. ആലപ്പുഴ വട്ടയാൽ പുതുക്കാട്ട് ചിറയിൽ റിജോ (23), ആലപ്പുഴ മുല്ലാത്ത് വളപ്പിൽ തെന്മന പള്ളി ചിറയിൽ അനീഷ് (31) എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞദിവസം ആലപ്പുഴ തിരുവമ്പാടിക്ക് സമീപം ബൈക്കും കാറും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ പുന്നപ്ര സ്വദേശി മനോജ് ( 22) എന്ന യുവാവ് മരിച്ച സംഭവത്തിലും ഗുരുതര പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന അജ്മലിന് മതിയായ ചികിത്സ നൽകിയില്ലെന്നും ആരോപിച്ചാണ് ഡോക്ടറെ മർദിച്ചത്. ഇതേതുടർന്ന് കഴിഞ്ഞ രണ്ടുദിവസമായി ഹൗസ് സർജൻമാർ സമരത്തിലാണ്. ഡോക്ടറെ മർദിച്ച പ്രതികളെ അറസ്റ്റ് ചെയ്യണമെന്നും ആശുപത്രിയിൽ മതിയായ സുരക്ഷിതത്വം ഉറപ്പാക്കണമെന്നുമായിരുന്നു ഡോക്ടർമാരുടെ ആവശ്യം. മറ്റൊരു പ്രതിയെയും ഉടൻ അറസ്റ്റ് ചെയ്യുമെന്ന് പൊലീസ് പറഞ്ഞു. ഇതോടെ ഡോക്ടർമാർ ഭാഗികമായി സമരം പിൻവലിച്ചു. തിങ്കളാഴ്ച മുതൽ എമർജൻസി കേസുകളിൽ രോഗികളെ പരിശോധിക്കും. ബൈക്കിലെത്തിയ സംഘം വീട്ടമ്മയുടെ ബാഗ് കവർന്നു ചാരുംമൂട്: ഹെൽമറ്റ് ധരിച്ച് ബൈക്കിലെത്തിയ സംഘം വീട്ടമ്മയുടെ ബാഗ് കവർന്നു. ക്ഷേത്രദർശനം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ പുതുപള്ളികുന്നം വടക്ക് വല്യത്ത് ജഗദമ്മയുടെ (60) ബാഗാണ് നഷ്ടമായത്. പാലമൂട്-ഇടപ്പോൺ റോഡിൽ ഞായറാഴ്ച രാവിലെ 10.30ഒാടെയാണ് സംഭവം. ബാഗിലുണ്ടായിരുന്ന 7000 രൂപയും മൊബൈൽ ഫോണും ആധാർ അടക്കമുള്ള തിരിച്ചറിയൽ കാർഡുകളും നഷ്ടപ്പെട്ടു. ബൈക്കിലെത്തിയ സംഘം നടന്നുപോയ വീട്ടമ്മയുടെ പിന്നാലെ എത്തിയാണ് ബാഗ് പിടിച്ചുപറിച്ചത്. ബഹളംകേട്ട് നാട്ടുകാർ ഓടിക്കൂടിയെങ്കിലും മോഷ്ടാക്കൾ രക്ഷപ്പെട്ടു. നൂറനാട് പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ഒരാഴ്ച മുമ്പ് ചുനക്കര ഭാഗത്ത് ബൈക്കിലെത്തിയ സംഘം വീട്ടമ്മയുടെ ബാഗ്‌ കവർന്നിരുന്നു. 5000 രൂപയും മൊബൈൽ ഫോണുകളും എ.ടി.എം കാർഡും നഷ്ടപ്പെട്ടിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.