ചാരുംമൂട്: നൂറനാട് റേഞ്ച് എക്സൈസ് ഓഫിസ് കെട്ടിടം പണിയുന്നതിന് സ്ഥലം കിട്ടാത്തതിനെത്തുടർന്ന് വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ഓഫിസ് ചാരുംമൂട്ടിലേക്ക് മാറുന്നു. വർഷങ്ങളായി നൂറനാട്ട് വാടക കെട്ടിടത്തിൽ പ്രവർത്തിച്ചുവരുന്ന എക്സൈസ് നൂറനാട് റേഞ്ച് ഓഫിസാണ് പുതിയ കെട്ടിടം നിർമിക്കാൻ സ്ഥലം ലഭിക്കാത്തതിനാൽ ചാരുംമൂട്ടിലെ പഴയ കെ.ഐ.പി കെട്ടിടത്തിലേക്ക് മാറ്റുന്നത്. ഒന്നോരണ്ടോ മാസത്തിനകം എക്സൈസ് ഓഫിസിെൻറ പ്രവർത്തനം ചാരുംമൂട്ടിൽ തുടങ്ങും. പത്തുവർഷം മുമ്പ് ഈ മേഖലയിൽ ചാരായ വാറ്റും സ്പിരിറ്റ് കടത്തും വർധിച്ച സാഹചര്യത്തിലായിരുന്നു അന്നത്തെ സർക്കാർ ഇവിടെ റേഞ്ച് ഓഫിസ് അനുവദിച്ചത്. റേഞ്ച് ഓഫിസ് നിലവിൽ വന്നതോടെ വ്യാജമദ്യ വിൽപനക്കും നിർമാണത്തിനും തടയിടാൻ കഴിഞ്ഞിരുന്നു. എന്നാൽ, തകർച്ചയിലായ കെട്ടിടത്തിൽ ഓഫിസിെൻറ പ്രവർത്തനം അവതാളത്തിലായതോടെ പുതിയ കെട്ടിടം നിർമിക്കുന്നതിന് സ്ഥലം കണ്ടെത്തുന്നതിനായി നടപടികൾ ആരംഭിച്ചു. 40 ലക്ഷത്തോളം രൂപ ഇതിനായി വകുപ്പ് നീക്കിവെക്കുകയും ചെയ്തിരുന്നു. മാസങ്ങൾ കഴിഞ്ഞിട്ടും അനുയോജ്യമായ സ്ഥലം കണ്ടെത്താൻ കഴിഞ്ഞില്ല. ഇതിനിടെ കെട്ടിട ഉടമ എക്സൈസ് ഓഫിസ് ഒഴിഞ്ഞുകിട്ടാൻ കോടതിയെ സമീപിച്ചു. പാലമേൽ ഗ്രാമപഞ്ചായത്ത് സ്ഥലം ഉടൻ കണ്ടെത്തി കൊടുക്കുമെന്ന പ്രതീക്ഷയിൽ കാലതാമസം ആവശ്യപ്പെട്ടെങ്കിലും നടന്നില്ല. തുടർന്നാണ് ഓഫിസ് ചാരുംമൂട്ടിലേക്ക് മാറ്റുന്നതിന് തീരുമാനിച്ചത്. ജില്ലയുടെ അതിർത്തിയിൽ പ്രവർത്തിച്ചുവരുന്ന എക്സൈസ് സംഘത്തിന് കിഴക്കൻ മേഖലകളിൽ വേഗത്തിൽ എത്താൻ കഴിയുന്ന തരത്തിൽ കെ.പി റോഡിനോട് ചേർന്നാണ് നിലവിലെ ഒാഫിസ് സ്ഥിതി ചെയ്യുന്നത്. കെ.പി റോഡുവഴി രാത്രികാലങ്ങളിൽ പോകുന്ന വാഹനങ്ങളെ നിരീക്ഷിക്കാൻ പാകത്തിലാണ് ഓഫിസ്. നൂറനാട്ടുനിന്നും റേഞ്ച് ഓഫിസ് മാറുന്നതോടെ പൂർവാധികം ശക്തിയായി സ്പിരിറ്റ് മാഫിയ സംഘങ്ങൾ ഇവിടെ പിടിമുറുക്കുമെന്ന് നാട്ടുകാർ പറയുന്നു. ജനഹിത യാത്രക്ക് തുടക്കം ചെങ്ങന്നൂർ:- നിയമസഭ ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കണോ വേണ്ടയോ എന്ന് ജനങ്ങളോട് നേരിട്ട് അഭിപ്രായം ആരായാൻ എ.എ.പി മണ്ഡലം കൺവീനർ രാജീവ് പള്ളത്തിെൻറ നേതൃത്വത്തിൽ നടത്തുന്ന ജനഹിത യാത്രക്ക് തുടക്കമായി. മാന്നാർ പരുമലക്കടവിൽനിന്ന് ആരംഭിച്ച യാത്രയുടെ പതാക സംസ്ഥാന കൺവീനർ സി.ആർ. നീലകണ്ഠൻ ജാഥ ക്യാപ്റ്റന് കൈമാറി ഉദ്ഘാടനം ചെയ്തു. വൈസ് ക്യാപ്റ്റൻമാരായ റോയ് മുട്ടാർ, എബ്രഹാം ജോസ്, ജോസ് തെക്കേക്കര, ജാഥ മാനേജർമാരായ അശോക് ജോർജ്, സോമനാഥൻ പിള്ള, വിവിധ പാർലമെൻറ് മണ്ഡലം ഒബ്സർവർമാർ, മറ്റ് പ്രാദേശിക നേതാക്കൾ എന്നിവർ സംസാരിച്ചു. വിചാർ വിഭാഗ് പ്രവർത്തക ക്യാമ്പ് ചെങ്ങന്നൂർ: കെ.പി.സി.സി വിചാർ വിഭാഗ് ചെങ്ങന്നൂർ നിയോജക മണ്ഡലം പ്രവർത്തക ക്യാമ്പ് സാംസ്കാരിക സായാഹ്നത്തോടെ തുടങ്ങി. സംസ്ഥാന പ്രസിഡൻറ് ഡോ. നെടുമുടി ഹരികുമാർ ഉദ്ഘാടനം ചെയ്തു. ജില്ല ചെയർമാൻ സജീവ് അമ്പലപ്പാട്ട് അധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ ഡോ. പി. രാജേന്ദ്രൻ നായർ, ജനറൽ സെക്രട്ടറിമാരായ എം. രാജ്നാഥ്, ആർ. രാജേഷ് കുമാർ, ഡി. വിജയകുമാർ, സുനിൽ പി. ഉമ്മൻ, സണ്ണി കോവിലകം, സജീവൻ, ഷാജി പഴയകാല, കെ. ഷിബുരാജൻ, മുരളീധരൻ, നാരായണൻ നായർ, രഞ്ജു കൃഷ്ണൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.