പീഡനക്കേസ് പിന്‍വലിക്കാൻ ഭീഷണി: പരാതി വനിത കമീഷൻ അവഗണിക്കുന്നതായി ആക്ഷേപം

കൊച്ചി: നാലര വര്‍ഷം മുമ്പ് രജിസ്റ്റര്‍ ചെയ്ത പീഡനക്കേസ് പിന്‍വലിപ്പിക്കാന്‍ 10 അംഗസംഘം ഭീഷണിയുമായി പിന്തുടരുന്നതായി ഇടപ്പള്ളി സ്വദേശിനിയായ ഡോക്ടര്‍. അക്രമികളെ കണ്ടുപിടിക്കണമെന്ന് ആവശ്യപ്പെട്ട് വനിത കമീഷനെ സമീപിച്ചെങ്കിലും അവഗണിക്കുകയാണെന്നും യുവതി ആരോപിച്ചു. മെഡിസിന് പഠിച്ചുകൊണ്ടിരിക്കുമ്പോള്‍ കര്‍ണാടകയില്‍വെച്ച് ചങ്ങനാശ്ശേരി സ്വദേശിയായ 37കാര​െൻറ വിവാഹാലോചന വന്നു. പള്ളിക്കാരും വീട്ടുകാരും ചേര്‍ന്ന് വിവാഹം ഉറപ്പിച്ചു. ഒരുദിവസം താമസ സ്ഥലത്തെത്തിയ ഇയാള്‍ അനുവാദം കൂടാതെ മുറിക്കകത്ത് കയറി പീഡിപ്പിച്ചെന്നും നഗ്‌ന ചിത്രങ്ങളെടുത്തെന്നുമാണ് കേസ്. ചങ്ങനാശ്ശേരി പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പുരോഗതിയില്ല. അന്ന് ആഭ്യന്തരമന്ത്രിയായിരുന്ന രമേശ് ചെന്നിത്തലയുടെ നിര്‍ദേശമനുസരിച്ച് കേസ് ക്രൈംബ്രാഞ്ച് അന്വേഷിച്ചിരുന്നു. എന്നാല്‍, അന്വേഷണ റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍ പിന്നീട് കുറ്റപത്രത്തില്‍നിന്ന് ഒഴിവാക്കുകയായിരുന്നു. ഇതിനിടെ മുന്‍കൂര്‍ ജാമ്യം നേടിയ പ്രതി ഖത്തറിലേക്ക് പോയി. കേസുമായി താന്‍ മുന്നോട്ട് പോകുന്നത് തടയാന്‍ നാട്ടില്‍ ക്വട്ടേഷന്‍ സംഘത്തെ ഏര്‍പ്പെടുത്തിയിരിക്കുകയാണ്. വീടിന് പുറത്തിറങ്ങിയാലുടന്‍ കേസില്‍നിന്ന് പിന്മാറണമെന്ന ആവശ്യവുമായി സംഘമെത്തും. നടുറോഡില്‍ വെച്ച് ആക്ഷേപിക്കുകയും അടിക്കുകയും ചെയ്തു. കളമശ്ശേരിയില്‍ പരാതി നല്‍കിയിട്ടും ഫലമുണ്ടായില്ല. പ്രതികളെ മര്‍ദിച്ചെന്നാരോപിച്ച് കള്ളക്കേസുണ്ടാക്കി. രേഖകള്‍ പരിശോധിക്കാന്‍പോലും തയാറായില്ലെന്നും ഇവര്‍ പറയുന്നു. അതേസമയം, രണ്ടാഴ്ച മുമ്പ് മാത്രമാണ് ഡോക്ടറുടെ പരാതി ലഭിച്ചതെന്നും വിഷയം കൂടുതല്‍ പഠിക്കാന്‍ മാറ്റിെവക്കുകയായിരുന്നെന്നും കമീഷൻ അധ്യക്ഷ പ്രതികരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.