ആലപ്പുഴ: പുന്നപ്ര വടക്ക് പഞ്ചായത്തിലെ പറവൂർ വ്യവസായ മേഖലയിൽ പ്ലാസ്റ്റിക് റീസൈക്കിൾ ഫാക്ടറിയിൽ വൻ തീപിടിത്തം. ഏഷ്യൻ പ്ലാസ്റ്റിക് ഫാക്ടറിയിലാണ് തീപിടിത്തമുണ്ടായത്. പുന്നപ്രക്ക് പടിഞ്ഞാറ് വാടക്കലിന് സമീപം ശനിയാഴ്ച രാവിലെ 9.30നായിരുന്നു അപകടം. ഫാക്ടറി വളപ്പിൽ റീസൈക്ലിങ്ങിനായി 12 അടിയോളം ഉയരത്തിൽ 20 സെൻറ് സ്ഥലത്ത് സൂക്ഷിച്ചിരുന്ന പ്ലാസ്റ്റിക്, ഇ-മാലിന്യങ്ങൾക്കാണ് തീപിടിച്ചത്. സമീപത്തെ വൈദ്യുതി ലൈനിൽ കാക്ക കുടുങ്ങി ഉണ്ടായ ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണം. മതിൽക്കെട്ടിെൻറ പുറത്തുനിന്നാണ് തീ ഫാക്ടറി വളപ്പിലേക്ക് എത്തിയത്. നിമിഷങ്ങൾക്കകം തീ വ്യാപിക്കുകയും പ്ലാസ്റ്റിക് ശേഖരത്തിലേക്ക് പടരുകയുമായിരുന്നു. ഫാക്ടറി ജീവനക്കാർ തീ അണക്കാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. സംഭവം കണ്ട് സമീപവാസിയായ വേലു ഫയർഫോഴ്സിനെ അറിയിച്ചു. ആലപ്പുഴയിൽനിന്ന് മൂന്ന് യൂനിറ്റ് ഫയർഫോഴ്സ് വാഹനം എത്തി തീ നിയന്ത്രണ വിധേയമാക്കി. ശക്തമായ ചൂടിനെയും വിഷപ്പുകയെയും അവഗണിച്ച് ഫാക്ടറി വളപ്പിൽ പ്രവേശിച്ച് 10.30ഓടെ തീ പൂർണമായും അണച്ചു. പ്ലാസ്റ്റിക് കത്തിയുണ്ടായ വിഷപ്പുക ശ്വസിച്ചതിനാൽ അഗ്നിശമന ജീവനക്കാരിൽ പലർക്കും ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. തൊട്ടടുത്ത് ടിന്നർ നിർമാണ ശാല, കയർ പായ നിർമാണ ഫാക്ടറി ഉൾപ്പെടെ മറ്റ് വ്യവസായശാലകളിലേക്ക് തീപടരാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി. ലീഡിങ് ഫയർമാൻമാരായ സി. രാജൻ, പി.എസ്. ഷാജി, കൃഷ്ണദാസ്, സതീഷ് കുമാർ, ബിജു, പുഷ്പലാൽ, വിനീഷ്കുമാർ, വിഷ്ണു, ഡ്രൈവർമാരായ പുഷ്പരാജ്, രഞ്ജിത് കുമാർ, ഷിബു, സുരാജ് എന്നിവരാണ് രക്ഷാപ്രവർത്തനം നടത്തിയത്. വിദേശ തൊഴിൽ വായ്പ; അപേക്ഷ ക്ഷണിച്ചു ആലപ്പുഴ: സംസ്ഥാന പട്ടിക ജാതി-പട്ടികവർഗ വികസന കോർപറേഷൻ പട്ടികജാതി വികസന വകുപ്പുമായി ചേർന്ന് നടപ്പാക്കുന്ന വിദേശ തൊഴിൽ വായ്പ പദ്ധതിയിൽ വായ്പ നൽകുന്നതിന് യുവജനങ്ങളിൽനിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ പട്ടികജാതിക്കാരും അഭ്യസ്ത വിദ്യരായ തൊഴിൽരഹിതരും ഏതെങ്കിലും വിദേശരാജ്യത്തെ അംഗീകൃത തൊഴിൽ ദാതാവിൽനിന്ന് തൊഴിൽ നൽകുന്നതിന് ഓഫർ ലെറ്റർ ലഭിച്ചിട്ടുള്ളവരും ആകണം. സർക്കാറിെൻറ െപ്രാട്ടക്ടർ ജനറൽ ഓഫ് എമിഗ്രൻറ്സ്, പെർമിറ്റ് നൽകിയിട്ടുള്ള തൊഴിൽ ദാതാക്കളോ റിക്രൂട്ട്മെൻറ് ഏജൻറുമാരോ വഴി വിദേശത്ത് തൊഴിൽ ലഭിച്ച് പോകുന്നവരുടെ അപേക്ഷകൾ മാത്രമേ വായ്പക്കായി പരിഗണിക്കൂ. പ്രായം 18നും 55നും മധ്യേ. കുടുംബവാർഷിക വരുമനം 3,50,000 രൂപയിൽ കവിയരുത്. പരമാവധി വായ്പ തുക രണ്ടുലക്ഷം രൂപയും അതിൽ ഒരു ലക്ഷം രൂപ വരെ സബ്സിഡിയുമാണ്. വായ്പയുടെ പലിശനിരക്ക് ആറ് ശതമാനം. മൂന്നുവർഷം കൊണ്ട് തിരിച്ചടക്കണം. വായ്പത്തുകക്ക് കോർപറേഷൻ നിഷ്കർഷിക്കുന്ന ഉദ്യോഗസ്ഥ ജാമ്യമോ വസ്തുജാമ്യമോ ഹാജരാക്കണം. അപേക്ഷ ഫോറത്തിനും വിശദവിവരങ്ങൾക്കും ആലപ്പുഴ തിരുമല ജങ്ഷനിലെ ഹൗസിങ് ബോർഡ് ബിൽഡിങ്ങിലുള്ള കോർപറേഷെൻറ ജില്ല ഓഫിസുമായി ബന്ധപ്പെടണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.