അമ്പലപ്പുഴ: ആലപ്പുഴ- വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രസവത്തെത്തുടർന്ന് യുവതി മരിക്കാനിടയായ സംഭവത്തിൽ ആരോഗ്യമന്ത്രി കെ.കെ. ശൈലജയുടെ നിർദേശപ്രകാരം മെഡിക്കൽ എജുക്കേഷൻ ഡയറക്ടർ നിയമിച്ച പ്രത്യേക അന്വേഷണസംഘം തെളിവെടുത്തു. കോളജ് കോൺഫറൻസ് ഹാളിൽ വ്യാഴാഴ്ച നടന്ന തെളിവെടുപ്പിൽ വിവിധ വിഭാഗങ്ങളിൽനിന്നായി നൂറോളം പേരിൽനിന്ന് സംഘം മൊഴിയെടുത്തു. വിദഗ്ധ ഡോക്ടർമാരുൾപ്പെട്ട നാലുപേരാണ് സംഘത്തിലുണ്ടായിരുന്നത്. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെ ഗൈനക്കോളജി വിഭാഗം മേധാവി ഡോ. സി.പി. വിജയെൻറ നേതൃത്വത്തിലുള്ള സംഘത്തിൽ മെഡിസിൻവിഭാഗം മേധാവി ഡോ. രാജകുമാരി, ഫോറൻസിക് വിഭാഗം മേധാവി ഡോ. രൺജു രവീന്ദ്രൻ, നെഫ്രോളജി വിഭാഗം മേധാവി ഡോ. ഉണ്ണികൃഷ്ണൻ എന്നിവരാണ് തെളിവെടുപ്പിന് എത്തിയത്. മരിച്ച യുവതിയുടെ ബന്ധുക്കൾ, വിവിധ വിഭാഗത്തിൽെപട്ട ഗൈനക്കോളജി, കാർഡിയോളജി, നെഫ്രോളജി, ഗ്യാസ്ട്രോളജി, അനസ്തേഷ്യോളജി തുടങ്ങിയ വിഭാഗങ്ങളിലെ മുപ്പത്തിയഞ്ചോളം ഡോക്ടർമാർ, പതിനഞ്ചോളം സ്റ്റാഫ് എന്നിവരിൽനിന്ന് അന്വേഷണസംഘം വിവരങ്ങൾ ആരാഞ്ഞു. യുവതിയുടെ മരണത്തിനിടയാക്കിയ ചികിത്സകളും തുടർന്നുണ്ടായ സംഭവങ്ങൾ, ബന്ധുക്കളുടെ പ്രശ്നങ്ങൾ എന്നിവ അന്വേഷണ സംഘത്തിെൻറ പരിധിയിലുണ്ട്. ബന്ധുക്കളിൽനിന്ന് മൊഴിയെടുത്തപ്പോൾ മതിയായ ചികിത്സ ലഭ്യമായില്ലെന്ന് പറഞ്ഞു. തളർച്ചയും ക്ഷീണവും ഉണ്ടായപ്പോൾ ഗ്യാസിനുള്ള ഗുളികയാണ് നൽകിയത് എന്നും പറഞ്ഞു. അതേസമയം, ഡ്യൂട്ടിയിലുണ്ടായിരുന്ന പ്രധാന ഡോക്ടർക്കൊപ്പമുള്ള പി.ജി ഡോക്ടർമാർ മരിച്ച യുവതിക്ക് പല അസുഖങ്ങൾ ഉണ്ടായിരുന്നതിനാൽ മരുന്നുകൾ നൽകിയത് ഫലിച്ചില്ലെന്ന മൊഴി അന്വേഷണ സംഘത്തോട് പറഞ്ഞതായാണ് വിവരം. അന്വേഷണസംഘം യുവതിയുടെ കേസ് ഷീറ്റ് പരിശോധിച്ചു. പിന്നീട് ആശുപത്രി സൂപ്രണ്ടുമായും സംഘം ചർച്ച നടത്തി. അന്വേഷണം നടത്തി അടിയന്തരമായി റിപ്പോർട്ട് നൽകാനാണ് ആരോഗ്യമന്ത്രി സംഘത്തോട് നിർേദശിച്ചിട്ടുള്ളത്. അമ്പലപ്പുഴ വടക്ക് ഗ്രാമപഞ്ചായത്ത് വണ്ടാനം പടിഞ്ഞാറ് പുതുവൽ സിബിച്ചെൻറ ഭാര്യ ബാർബറയാണ് (ജിനി- 36) പ്രസവത്തെത്തുടർന്ന് മരിച്ചത്. ആശുപത്രി സൂപ്രണ്ട് ചുമതലപ്പെടുത്തിയതനുസരിച്ച് ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. അബ്ദുൽ സലാമിെൻറ നേതൃത്വത്തിലുള്ള ഡോക്ടർമാരുടെ സംഘവും അന്വേഷണം തുടങ്ങിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.