നിക്ഷേപ തട്ടിപ്പിന് പത്തുവർഷം; പോരാട്ടവഴിയിൽ അനിൽകുമാർ

അമ്പലപ്പുഴ: ഏറെ കോളിളക്കം സൃഷ്‌ടിച്ച കാക്കാഴം, -നീർക്കുന്നം എസ്.എൻ.ഡി.പി നിക്ഷേപ തട്ടിപ്പിന് 10 വർഷം പൂർത്തിയാകുമ്പോഴും പ്രതീക്ഷ കൈവിടാതെ നിയമ പോരാട്ടത്തിലാണ് നിക്ഷേപക സംഘാടകസമിതി. 2008ലാണ് ആയിരങ്ങളെ പെരുവഴിയിലാക്കിയ തട്ടിപ്പിന് കളമൊരുങ്ങിയത്. നിക്ഷേപകരുടെ കൂട്ടായ്മയായ സംഘാടകസമിതി കൺവീനർ പുന്നപ്ര സ്വദേശി അനിൽകുമാർ കല്ലുപറമ്പ​െൻറ നേതൃത്വത്തിൽ അന്ന് തുടങ്ങിയ നിയമയുദ്ധമാണ് കീഴ്കോടതിയിൽനിന്ന് മേൽകോടതി വരെ എത്തി നിൽക്കുന്നത്. എസ്.എൻ.ഡി.പി അമ്പലപ്പുഴ താലൂക്ക് യൂനിയൻ, യോഗം ജനറൽ സെക്രട്ടറി തുടങ്ങിയവരെ പ്രതി ചേർത്താണ് ഏറെ പ്രതിസന്ധികൾ അതിജീവിച്ചും ഇപ്പോഴും കേസ് തുടരുന്നത്. റിസർവ് ബാങ്കി​െൻറ അംഗീകാരം ഇല്ലാതെ കാക്കാഴം, -നീർക്കുന്നം എസ്.എൻ.ഡി.പി ശാഖയിൽ ആരംഭിച്ച ചതയദിന നിക്ഷേപ ഫണ്ടിൽ ആയിരങ്ങളായിരുന്നു പണം നിക്ഷേപിച്ചത്. കർഷകർ, മത്സ്യത്തൊഴിലാളികൾ, കൂലിപ്പണിക്കാർ, വ്യാപാരികൾ, ഗൾഫിലെ ജോലിക്കാർ എന്നിവരായിരുന്നു പണം നിക്ഷേപിച്ചത്. പെൺമക്കളുടെ വിവാഹം, വിദ്യാഭ്യാസം, സ്വന്തമായൊരു കിടപ്പാടം, ചികിത്സച്ചെലവ് ഇങ്ങനെ വിവിധ പ്രതീക്ഷയിൽ പണം നിക്ഷേപിച്ചവരാണ് ശാഖ പൊട്ടിയതോടെ കഷ്ടത്തിലായത്. പൊലീസും അധികൃതരും കൈയൊഴിഞ്ഞതോടെ ഇവരിൽ ചിലർ ആത്മഹത്യ ചെയ്തു. മറ്റു ചിലർ ഹൃദയാഘാതം മൂലം മരിച്ചു. പ്രതീക്ഷ നശിച്ച ചിലർ മനോരോഗികളായി. 19 കോടിയോളം രൂപ തട്ടിയെടുത്തെന്നാണ്‌ നിയമ നടപടികളുമായി മുന്നോട്ടുപോകുന്ന സംഘാടകസമിതി ആരോപിക്കുന്നത്. മാസങ്ങളോളം ഊണും ഉറക്കവും ഇല്ലാതെ എസ്.എൻ.ഡി.പി ശാഖക്ക് മുന്നിൽ സംഘാടകസമിതി സത്യഗ്രഹം നടത്തി. പുന്നപ്രയിൽ ചെറിയൊരു കട നടത്തി കിട്ടുന്ന തുച്ഛമായ വരുമാനവും സംഘടനയുടെ മറ്റ് പ്രവർത്തകരുടെയും സഹായത്താലുമാണ് അനിൽകുമാറി​െൻറ നേതൃത്വത്തിൽ പ്രതീക്ഷ കൈവിടാതെ ഇപ്പോഴും നിയമപോരാട്ടം നടത്തുന്നത്. ആണ്ടുനേർച്ച നാളെ തുടങ്ങും മണ്ണഞ്ചേരി: ശൈഖ് അഹമ്മദുൽ കബീർ രിഫാഈയുടെ ആണ്ടുനേർച്ചക്ക് മണ്ണഞ്ചേരി പാപ്പാളി രിഫാഈ ജുമാമസ്ജിദിൽ വെള്ളിയാഴ്ച തുടക്കമാകും. വൈകീട്ട് സമൂഹ സിയാറത്തിന് ഇമ്പിച്ചി കോയ തങ്ങൾ ചേലാട് നേതൃത്വം നൽകും. ജൗഹർ കോയ തങ്ങൾ കൊടിയേറ്റ് നിർവഹിക്കും. മുഹമ്മദ്‌ കോയ തങ്ങൾ ചേലാട് ഉദ്‌ഘാടനം ചെയ്യും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.