21 ബ്രാൻഡ്​​ വെളിച്ചെണ്ണകളിൽ മായം; നടപടിക്കൊരുങ്ങി ഭക്ഷ്യസുരക്ഷ വകുപ്പ്​

കൊച്ചി: സംസ്ഥാനത്ത് വിറ്റഴിയുന്ന 21 ബ്രാൻഡ് വെളിച്ചെണ്ണകളിൽ മായം കണ്ടെത്തി. കൊച്ചിൻ ഒായിൽ മർച്ചൻറ് അസോസിയേഷൻ അംഗീകൃത ലബോറട്ടറിയിൽ നടത്തിയ പരിശോധനയിലാണ് 31 ബ്രാൻഡുകളിൽ 21 എണ്ണവും മായം കലർന്നതാണെന്ന് കണ്ടെത്തിയത്. പരിശോധന റിപ്പോർട്ടും കമ്പനികളെക്കുറിച്ച വിശദ വിവരങ്ങളും എറണാകുളം അസിസ്റ്റൻറ് ഫുഡ്സേഫ്റ്റി കമീഷണർക്ക് നൽകിയതായി അസോസിയേഷൻ സെക്രട്ടറി പോൾ ആൻറണി പറഞ്ഞു. നിയോജൻ ഫുഡ് ആൻഡ് അനിമൽ സെക്യൂരിറ്റി ഒാഫ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡി​െൻറ അംഗീകൃത ലാബിലാണ് പരിശോധന നടത്തിയത്. സാധാരണ വെളിച്ചെണ്ണയിൽ ഫ്രീ ഫാറ്റി ആസിഡ് (എഫ്.എഫ്.എ) മൂന്നിൽ താഴെയും അയഡിൻ വാല്യു 7.5നും 10നും മേധ്യയുമാണ് വേണ്ടത്. എന്നാൽ, പരിശോധനയിൽ പരാജയപ്പെട്ട വെളിച്ചെണ്ണകളിൽ പലതിലും അയഡിൻ വാല്യു അമ്പതിൽ കൂടുതലും എഫ്.എഫ്.എ 10ൽ കൂടുതലുമാണ്. ആദ്യ ഘട്ടത്തിൽ അസോസിയേഷ​െൻറ ലാബിൽ പരിശോധിച്ച ഇരുപതോളം ബ്രാൻഡുകളിൽ 17ഉം മായം കലർന്നതാണെന്ന് കണ്ടെത്തിയതിെനത്തുടർന്ന് അസോസിയേഷൻ ഹൈകോടതിയെ സമീപിക്കുകയായിരുന്നു. ഒരുമാസത്തിനകം നടപടിയെടുക്കണമെന്ന് ഭക്ഷ്യസുരക്ഷ കമീഷണറോട് കോടതി നിർദേശിച്ചു. ജനുവരി മൂന്നിന് കോടതി ഉത്തരവി​െൻറ അടിസ്ഥാനത്തിലാണ് വെളിച്ചെണ്ണ പരിശോധനക്കയച്ചത്. പരിശോധന റിപ്പോർട്ട് ജനുവരി 29ന് ഫുഡ് സേഫ്റ്റി കമീഷണർ കെ.വി. ഷിബുവിന് സമർപ്പിച്ചു. തമിഴ്നാട്ടിൽനിന്നാണ് ഇത്തരം വെളിച്ചെണ്ണകൾ കേരളത്തിലെത്തുന്നതെന്നാണ് അസോസിയേഷൻ പരാതിയിൽ പറയുന്നത്. മായം കലർന്നതായി പരാതിയുള്ള ബ്രാൻഡുകളടക്കം പരിശോധിച്ച് റിേപ്പാർട്ട് ഹൈകോടതിയിൽ സമർപ്പിച്ചിട്ടുണ്ടെന്ന് ഭക്ഷ്യസുരക്ഷ ജോയൻറ് കമീഷണർ അനിൽകുമാർ 'മാധ്യമ'ത്തോട് പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.