കൊച്ചി: സംസ്ഥാനത്തെ ഹയർ സെക്കൻഡറി പ്രിൻസിപ്പൽമാർ ജോലിഭാരത്താൽ വലയുകയാണെന്ന് ആക്ഷേപം. ജോലിസമ്മർദം രോഗങ്ങളിലേക്കും ആത്മഹത്യയിലേക്കും വരെ നയിക്കുന്നതായും ഇവർ പറയുന്നു. ജോലിഭാരവും സമ്മർദവുംമൂലം രണ്ട് പ്രിൻസിപ്പൽമാർ ഇൗ വർഷം ആത്മഹത്യ ചെയ്തതായി കേരള ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽസ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി എൻ. സക്കീർ പറഞ്ഞു. ഹയർ സെക്കൻഡറി വിഭാഗത്തിൽ ക്ലർക്ക്, പ്യൂൺ തസ്തികകളില്ല. ഓഫിസ് ജീവനക്കാർ ആരും ഇല്ലാതെ നടത്തുന്ന സങ്കീർണമായ ഏകജാലക പ്രവേശന നടപടികൾ, പരീക്ഷ ക്രമീകരണങ്ങൾ തുടങ്ങി വിവിധ പ്രവർത്തനങ്ങൾക്കൊപ്പം ആഴ്ചയിൽ 21 പിരിയഡും മുഴുസമയ അധ്യാപകെൻറ റോളും വഹിക്കണം. പല പ്രിൻസിപ്പൽമാർക്കും കൃത്യസമയത്തിന് ക്ലാസിൽ പോകാനോ നല്ല രീതിയിൽ പഠിപ്പിക്കാനോ കഴിയുന്നില്ല. ജോലിഭാരം കാരണം നിത്യരോഗികളായവരും ധാരാളം. ഹയർ സെക്കൻഡറി സ്കൂളുകളിലെ പ്രിൻസിപ്പൽമാരുടെ പരാതികളോട് മാറിമാറി വരുന്ന സർക്കാറുകൾ മുഖം തിരിക്കുകയാണ്. 2013ൽ ഇൗ വിഷയത്തിൽ പരിഹാരം ആവശ്യപ്പെട്ട് ക്ലിഫ് ഹൗസിലേക്ക് നടത്തിയ മാർച്ച് ലാത്തിച്ചാർജിലാണ് അവസാനിച്ചത്. അന്നത്തെ സംഭവത്തിൽ പ്രിൻസിപ്പൽമാർ ഇന്നും കോടതി കയറിയിറങ്ങുകയാണ്. കൊല്ലം ജില്ലയിലെ ഒരു സർക്കാർ ഹയർ സെക്കൻഡറി സ്കൂളിലെ പ്രിൻസിപ്പൽ ആത്മഹത്യ ചെയ്തതിനുപിന്നാലെ ആ സ്കൂളിലെ വിദ്യാർഥിയുടെ ഫേസ്ബുക്ക് പോസ്റ്റ് ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. സ്കൂളിലെ രണ്ട് വിദ്യാർഥികൾ ക്ലാസിലിരുന്ന് മദ്യപിച്ചത് രക്ഷിതാക്കളുടെ ശ്രദ്ധയിൽപെടുത്തിയ അധ്യാപികക്കെതിരെ രക്ഷിതാക്കൾ കേസ് കൊടുത്തതിനെ തുടർന്ന് അവർക്ക് പൊലീസ് സ്റ്റേഷനിൽ ഇരിക്കേണ്ടിവന്നതായും അന്നാണ് അവർ ആത്മഹത്യ ചെയ്തതെന്നുമാണ് പോസ്റ്റ്. 2017 ആഗസ്റ്റിൽ കാസർകോട് ജില്ലയിലെ പ്രിൻസിപ്പലും ആത്മഹത്യ ചെയ്തിരുന്നു. ഇൗ രണ്ട് സംഭവങ്ങളിലും പൊലീസ് കാര്യമായ അന്വേഷണം നടത്തിയിട്ടില്ല. -അവിനാഷ് കാവാട്ട്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.