ആർ.എസ്.ബി.വൈ പത്താം വർഷത്തിൽ; അംഗങ്ങളിൽ മുന്നിൽ ആലപ്പുഴ

ആലപ്പുഴ: സാധാരണക്കാർക്ക് ചികിത്സ സഹായം എത്തിക്കുന്ന രാജ്യത്തി​െൻറ തന്നെ പതാകവാഹക ആരോഗ്യ ഇൻഷുറൻസ് പദ്ധതിയായ രാഷ്ട്രീയ സ്വാസ്ഥ്യ ഭീമ യോജന (ആർ.എസ്.ബി.വൈ) പത്താം വർഷത്തിലേക്ക് കടക്കുന്നു. ഈ കാലയളവിൽ പദ്ധതിയിൽ സഹകരിക്കുന്ന ആശുപത്രികളിലൂടെ കേരളത്തിൽ മാത്രം 51.29 ലക്ഷം രോഗികളാണ് ചികിത്സ തേടിയത്. 2100 കോടി രൂപയാണ് വിവിധ ആശുപത്രികൾക്ക് കൈമാറിയത്. ആർ.എസ്.ബി.വൈ 2008ൽ തുടങ്ങിയശേഷം അംഗങ്ങളെ ചേർക്കുന്നതിൽ മുൻപന്തിയിൽ ആലപ്പുഴയാണ്. കഴിഞ്ഞ വർഷം ലക്ഷ്യമിട്ടിരുന്നതിൽ 96 ശതമാനം പേരും പദ്ധതിയിൽ അംഗങ്ങളായി. നിലവിൽ സംസ്ഥാനത്താകെ 35.85 ലക്ഷം കുടുംബങ്ങളാണ് പദ്ധതി അംഗങ്ങളായുള്ളത്. ആർ.എസ്.ബി.വൈ, ചിസ് (കോംപ്രിഹെൻസിവ് ഹെൽത്ത് ഇൻഷുറൻസ് സ്‌കീം), എസ് ചിസ് (സീനിയർ സിറ്റിസൺ ഹെൽത്ത് ഇൻഷുറൻസ് സ്‌കീം) ചിസ് പ്ലസ് എന്നിങ്ങനെ നാല് പദ്ധതികളാണ് ഈ ആരോഗ്യ ഇൻഷുറൻസിലുള്ളത്. ആർ.എസ്.ബി.വൈയിൽ 35.85 ലക്ഷം കുടുംബങ്ങളുള്ളപ്പോൾ ചിസ് പദ്ധതിയിൽ 1.2 കോടി പരമദരിദ്രരാണ് അംഗങ്ങളായുള്ളത്. ഇവരുടെ പ്രീമിയം സംസ്ഥാന സർക്കാർ നേരിട്ടടക്കും. ജില്ലയിൽ 10 സർക്കാർ ആശുപത്രികളും 15 സ്വകാര്യ ആശുപത്രികളുമാണ് ആർ.എസ്.ബി.വൈ പദ്ധതിയുമായി സഹകരിക്കുന്നത്. സാമൂഹികാരോഗ്യ കേന്ദ്രങ്ങളെ കൂടി പദ്ധതിയിൽ ഉൾപ്പെടുത്താൻ ആലോചന നടക്കുന്നുണ്ട്. ഇതിനുള്ള ഉത്തരവ് വരുന്നതോടെ കൂടുതൽ ആശുപത്രികളിൽ സേവനം ലഭ്യമായി തിരക്കും കുറയും. പദ്ധതിയുടെ അടുത്ത സാമ്പത്തിക വർഷത്തെ (2018-19) അംഗങ്ങളെ ചേർക്കുന്നതിന് പദ്ധതി താമസിയാതെ തുടങ്ങാൻ നടപടികൾ പൂർത്തിയായിവരുകയാണ്. ജില്ലയിൽ നിലവിൽ 3,29,811 കാർഡുടമകളാണ് ഉള്ളത്. പുതുതായി 26,108 കുടുംബങ്ങളെക്കൂടി പദ്ധതിയിൽ ചേർക്കുമെന്നാണ് കണക്ക്. 2016-17, 17-18 വർഷങ്ങളിലായി വിട്ടുപോയ 43,202 കുടുംബങ്ങളെ കൂടി ചേർക്കുന്നതോടെ 3,99,421 കാർഡുടമകൾ ഉണ്ടാകും. നിലവിൽ കാർഡുള്ള കുടുംബങ്ങളിൽ ആരെങ്കിലും ഒരാൾ എത്തിയാലും പുതുക്കാം. പുതിയവക്ക് അപേക്ഷിക്കുന്ന കുടുംബങ്ങളിലെ മുഴുവനാളുകളും അതത് കേന്ദ്രങ്ങളിലെത്തി ഫോട്ടോ എടുക്കേണ്ടിവരും. പുതുതായി അംഗങ്ങളെ ചേർക്കുന്നതിന് എല്ലാ പഞ്ചായത്തിലും കേന്ദ്രം തുടങ്ങും. പുതുതായി അംഗത്വമെടുക്കുന്നവർക്ക് റേഷൻ കാർഡ് ഉണ്ടാകണമെന്ന നിബന്ധനയുമുണ്ട്. 2016-18 കാലയളവിൽ പദ്ധതിയിൽനിന്ന് വിട്ടുപോയവർക്ക് അംഗത്വം പുതുക്കാനും അവസരമുണ്ടാകും. യോഗത്തിൽ കലക്ടർ ടി.വി. അനുപമ അധ്യക്ഷത വഹിച്ചു. ജില്ല ലേബർ ഓഫിസർ ഹരികുമാർ, ചിയാക് ജില്ല പ്രോഗ്രാം മാനേജർ മനേഷ്, ട്രൈബൽ എക്സ്റ്റൻഷൻ ഓഫിസർ ആർ. അനൂപ്, ആരോഗ്യകേരളം പ്രതിനിധി വി.ജെ. വർഗീസ്, പഞ്ചായത്ത് വകുപ്പ് പ്രതിനിധി എസ്. ജനിമോൻ തുടങ്ങിയവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.