ആലുവ: റെയിൽവേ സ്‌റ്റേഷനിൽനിന്ന് ബ്രൗൺഷുഗർ പിടികൂടി. റൂറൽ ജില്ല നാർകോട്ടിക് വിഭാഗം നടത്തിയ പരിശോധനയിലാണ് അസം സ്വദേശിയിൽനിന്ന് 693 പാക്കറ്റ് ബ്രൗൺഷുഗർ പിടികൂടിയത്. ചൊവ്വാഴ്ച രാത്രിയായിരുന്നു പരിശോധന. റീജനൽ കെമിക്കൽ ലാബിൽ വിദഗ്ധ പരിശോധന നടത്തിയാണ് ബ്രൗൺഷുഗർ ആണെന്ന് ഉറപ്പാക്കിയത്. നാർകോട്ടിക് എ.എസ്.പി സുജിത്ത് ദാസിെൻറ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്. പ്രതി സ്‌ഥിരമായി അസമിൽനിന്ന് കേരളത്തിലേക്ക് മയക്കുമരുന്ന് കടത്തുന്ന സംഘത്തിലെ കണ്ണിയാണെന്നാണ് സൂചന. മൂക്കിൽ വലിക്കുന്ന പൊടിയെന്ന വ്യാജേന പ്രതി പൊലീസിൽനിന്ന് രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും നടന്നില്ല. ആറുമാസം മുമ്പ് സമാനമായ രീതിയിൽ മറ്റൊരാളിൽനിന്ന് പിടിച്ചെടുത്ത പൊടി എക്സൈസ് ബ്രൗൺഷുഗർ ആണെന്ന് അറിയിച്ചതിനെ തുടർന്ന് പൊലീസ് കേസ് രജിസ്‌റ്റർ ചെയ്തിരുന്നു. എന്നാൽ, ലാബിൽ വിദഗ്ധ പരിശോധന നടത്തിയപ്പോൾ ബ്രൗൺഷുഗർ അല്ലെന്ന് തെളിഞ്ഞിരുന്നു. ഇതേ തുടർന്നാണ് ഇക്കുറി വിദഗ്ധ പരിശോധന നടത്തി ബ്രൗൺഷുഗർ ആണെന്ന് ഉറപ്പാക്കിയത്. ട്രെയിനിൽ െവച്ച് പരിചയപ്പെട്ടയാൾ 200 രൂപ നൽകി പൊതി ഏൽപിച്ചതാണെന്നും ആലുവയിൽ എത്തുമ്പോൾ ആളെത്തി കൈപ്പറ്റുമെന്നും അറിയിച്ചതായാണ് ഇയാൾ പൊലീസിനോട് പറഞ്ഞത്. ട്രെയിനിൽനിന്ന് ഇറങ്ങിവന്ന പ്രതിയുടെ കൈവശം രണ്ട് മൊബൈൽ സിം കാർഡ് ഉണ്ടായിരുന്നു. എന്നാൽ, ഫോൺ ഉണ്ടായിരുന്നില്ല. ഒരുജോഡി വസ്ത്രം മാത്രമാണ് കൈവശം ഉണ്ടായിരുന്നത്. കേസിൽ രണ്ട് പേരെകൂടി പിടികൂടാനുണ്ടെന്നാണ് അറിയുന്നത്. പ്രതിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല. ചെറിയ പൊതികളാണ് പിടികൂടിയത്. ഒരുപൊതിക്ക് 500 രൂപയോളം ഈടാക്കുന്നുണ്ടെന്നാണ് അറിയുന്നത്. ഏകദേശം മൂന്നരലക്ഷം രൂപയുടെ ബ്രൗൺഷുഗറാണ് പിടിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.