കാക്കനാട്: ജില്ലയിലെ എല്ലാ സാമൂഹ്യാരോഗ്യ കേന്ദ്രങ്ങളെയും നാഷനല്‍ ക്വാളിറ്റി അഷ്വറന്‍സ് സ്റ്റാന്‍ഡേര്‍ഡ് (എന്‍.എ.ക്യു.എസ്) നിലവാരത്തിലേക്കുയര്‍ത്താനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ കലക്ടര്‍ മുഹമ്മദ് വൈ. സഫീറുല്ല നിര്‍ദേശം നല്‍കി. ദേശീയ ആരോഗ്യദൗത്യത്തിെൻറ എക്‌സിക്യൂട്ടിവ് യോഗത്തില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. പണ്ടപ്പിള്ളി സാമൂഹിക ആരോഗ്യ കേന്ദ്രം എന്‍.എ.ക്യു.എസ് റീഅസസ്മെൻറ് പൂര്‍ത്തിയാക്കി. അക്രഡിറ്റേഷന്‍ ലഭിച്ചാല്‍ ഓരോ കിടക്കക്കും 10,000 രൂപ വീതം കേന്ദ്രസര്‍ക്കാറില്‍ നിന്ന് ലഭിക്കും. ജില്ലയിലെ 23 സാമൂഹിക ആരോഗ്യ കേന്ദ്രങ്ങളിലും ഫിസിയോതെറാപ്പി യൂനിറ്റുകള്‍ സജ്ജമായിട്ടുണ്ട്. ഒരു സ്റ്റാഫ് നഴ്‌സും ഒരു ഫിസിയോ തെറാപ്പിസ്റ്റുമടങ്ങുന്ന സംഘം പതിവായി വീടുകളിലെത്തി സേവനം നല്‍കും. നിർമാണം പൂര്‍ത്തിയായ നായരമ്പലം, തിരുമാറാടി, ചെല്ലാനം, ചൊവ്വര, എന്നീ കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ 15നകം പ്രവര്‍ത്തനമാരംഭിക്കും. മഴുവന്നൂര്‍, വാഴക്കുളം, കോടനാട്, പായിപ്ര, കുട്ടമ്പുഴ, ചേരാനല്ലൂര്‍ കേന്ദ്രങ്ങള്‍ നേരത്തേ പ്രവര്‍ത്തനമാരംഭിച്ചു. തൃക്കാക്കരയിലെ കേന്ദ്രം താൽക്കാലികമായി കാക്കനാട് പി.എച്ച്.സിയില്‍ പ്രവര്‍ത്തിക്കാന്‍ അനുമതി ലഭിക്കാനുണ്ട്. മറ്റുള്ളവ അവസാനഘട്ടത്തിലാണ്. വേതനം ഉയര്‍ത്തിയ സാഹചര്യത്തില്‍ കൂടുതല്‍ ആശ വര്‍ക്കര്‍മാര്‍ സേവനത്തിന് തയാറാകുന്നുണ്ട്. 2048 ആശ വര്‍ക്കര്‍മാരാണ് ജില്ലയില്‍ പ്രവര്‍ത്തിക്കുന്നത്. ഇവരെ വാര്‍ഡ് തല ശുചിത്വ സമിതിയുടെ കോ-ഓഡിനേറ്റര്‍മാരായി നിയമിക്കാൻ പദ്ധതി തയാറാക്കി വരികയാണ്. ദേശീയ ആരോഗ്യദൗത്യത്തിെൻറ വിവിധ പദ്ധതികളെക്കുറിച്ചുള്ള അവലോകനവും നടന്നു. ഡി.എം.ഒ ഡോ. എന്‍.കെ. കുട്ടപ്പന്‍, ജനറല്‍ ആശുപത്രി സൂപ്രണ്ട് ഡോ. അനിത, എന്‍.എച്ച്.എം ജില്ല പ്രോഗ്രാം മാനേജര്‍ ഡോ. മാത്യൂസ് നുമ്പേലി, ഹെല്‍ത്ത് ഓഫിസര്‍ ശ്രീനിവാസന്‍ എന്നിവര്‍ പങ്കെടുത്തു. ലാറി ബേക്കര്‍ ജന്മശതാബ്ദി ആഘോഷം കാക്കനാട്: പരിസ്ഥിതി സൗഹൃദ വീട് നിർമാണത്തിലൂടെ പ്രശസ്തനായ ഡോ. ലാറി ബേക്കറുടെ ജന്മശതാബ്ദി ആഘോഷിക്കുന്നു. സംഘാടക സമിതി രൂപവത്കരണ യോഗം ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ് അബ്ദുൽ മുത്തലിബ് ഉദ്ഘാടനം ചെയ്തു. എ.ഡി.എം എം.കെ. കബീര്‍ അധ്യക്ഷത വഹിച്ചു. മൂന്നു ദിവസങ്ങളിലായാണ് ആഘോഷം. സെമിനാര്‍, കെട്ടിട നിർമാണത്തിലെ ബേക്കര്‍ പൈതൃകം എന്ന ദേശീയ പ്രദര്‍ശനം, സ്മാരക പ്രഭാഷണം, ബഹുജന വിദ്യാഭ്യാസ പ്രചാരണ പരിപാടികള്‍ തുടങ്ങിയവ നടക്കും. കലക്ടര്‍ മുഹമ്മദ് വൈ. സഫീറുല്ല ചെയര്‍മാനും സാമൂഹ്യ പ്രവര്‍ത്തക ശോഭാ മേനോന്‍ ജനറല്‍ കണ്‍വീനറുമായി സംഘാടക സമിതി രൂപവത്കരിച്ചു. ലാറി ബേക്കര്‍ ജന്മശതാബ്ദി ദേശീയ സംഘാടക സമിതി, കോസ്റ്റ് ഫോര്‍ഡ്, ലാറി ബേക്കര്‍ സെൻറര്‍ ഫോര്‍ ഹാബിറ്റാറ്റ് സ്റ്റഡീസ് എന്നിവയുടെ നേതൃത്വത്തിലാണ് പരിപാടികള്‍ നടത്തുന്നത്. അസി. െഡവലപ്മെൻറ് കമീഷണര്‍ എസ്. ശ്യാമലക്ഷ്മി, േകാസ്റ്റ് ഫോര്‍ഡ് ഭരണ സമിതിയംഗം സി. ചന്ദ്രബാബു, ജില്ല കോ-ഓഡിനേറ്റര്‍മാരായ ഏണസ്റ്റ് തോമസ്, ശശികുമാര്‍ പ്രിയന്‍ എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.