പെരുന്നാൾ രാവിൽ മുത്തശ്ശിമാരും അണിഞ്ഞു മൈലാഞ്ചി

വടുതല: തക്ബീർ ധ്വനികൾ മുഴങ്ങിയ പെരുന്നാൾ രാവിൽ മൈലാഞ്ചി മൊഞ്ചിൽ തിളങ്ങി ദുരിതാശ്വാസ ക്യാമ്പുകൾ. പ്രളയ ഇരകളായി ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്നവർക്ക് സന്തോഷ മണിക്കൂറുകളായിരുന്നു പെരുന്നാൾ രാവ്. സ്വരുക്കൂട്ടി വെച്ചതെല്ലാം വെള്ളത്തിന് നൽകി കുട്ടനാട് ചമ്പക്കുളത്തുനിന്ന് വടുതല ജമാഅത്ത് ഹയർ സെക്കൻഡറി സ്കൂളിലേക്ക് രക്ഷതേടിയവർക്ക് പുത്തൻ അനുഭവമായി പെരുന്നാൾ. മൈലാഞ്ചി അണിഞ്ഞ കുഞ്ഞുകൈകൾ ക്യാമ്പിനെ പെരുന്നാൾ പൊലിമയിലേക്ക് ഉയർത്തി. മൈലാഞ്ചി അണിഞ്ഞുനൽകാൻ എത്തിയ വിദ്യാർഥികളെ വലയം വെക്കാൻ ചുറ്റുംകൂടിയ കൂട്ടത്തിൽ കുട്ടികളെ കൂടാതെ മുത്തശ്ശിമാരുമുണ്ടായി. ആരെയും നിരാശരാക്കാതെ എല്ലാവരുടെയും കൈകളിൽ മൈലാഞ്ചി ചാർത്തി. പാട്ടും ഡാൻസും വിശേഷം പങ്കുവെക്കലുമൊക്കെയായി രാത്രിമുഴുവൻ ആഘോഷ നിറവിലായിരുന്നു ക്യാമ്പ്. പെരുന്നാൾ നമസ്കാരം കഴിഞ്ഞു പള്ളികളിൽനിന്ന് നേരെ ക്യാമ്പിലെത്തിയ വിശ്വാസികൾ ക്യാമ്പ് അംഗങ്ങൾക്കൊപ്പം ചേർന്നു. രാവിലെ പത്തിരിയും ഇറച്ചിയും ഉച്ചക്ക് ബിരിയാണിയും ഒക്കെയായി ഭക്ഷണം. എ.എം.ആരിഫ് എം.എൽ.എ ക്യാമ്പ് സന്ദർശിച്ച് ഇവർക്കൊപ്പം ഭക്ഷണം കഴിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.