ദുരിതപ്പെയ്​ത്തിൽ കൂട്ടായി 'എ​െൻറ ഗ്രാമം' വാട്സ്ആപ്പ്​ കൂട്ടായ്‌മ

മണ്ണഞ്ചേരി: ദുരിതപ്പെയ്ത്തിൽ അകപ്പെട്ടുപോയ നാടിന് കൈത്താങ്ങായി മണ്ണഞ്ചേരി 'എ​െൻറ ഗ്രാമം' വാട്സ്ആപ്പ് കൂട്ടായ്‌മ. കുട്ടനാട്ടിലെ പ്രളയംമൂലം ദുരിതക്കയത്തിലായ സഹോദരങ്ങളെ സഹായിക്കാൻ ഊണും ഉറക്കവും വെടിഞ്ഞ് കക്ഷിരാഷ്ട്രീയത്തിനും ജാതിമത ചിന്തകൾക്കും അതീതമായി അക്ഷീണ പ്രയത്നത്തിലാണിവർ. 300 പേരാണ് വാട്സ്ആപ്പ് കൂട്ടായ്മയിലുള്ളത്. കുട്ടനാട്ടുകാർക്കും മണ്ണഞ്ചേരി, ആര്യാട്, ആലപ്പുഴ നഗരസഭ പരിധിയിലെ ജനങ്ങളടക്കം പതിനായിരങ്ങൾക്കുമാണ് കൂട്ടായ്മയുടെ സഹായം ലഭ്യമാക്കിയിരിക്കുന്നത്. പ്രളയത്തിലകപ്പെട്ടവരെ മൂന്ന് വലിയ ബോട്ടുകളിലാണ് പ്രവർത്തകർ രക്ഷിച്ചത്. കൂടാതെ ലോറിയടക്കം നിരവധി വാഹനങ്ങളാണ് മണ്ണഞ്ചേരി ഗ്രാമത്തിൽനിന്ന് ദുരിതബാധിത പ്രദേശങ്ങളിൽ രക്ഷാപ്രവർത്തനങ്ങളിലേർപെട്ടിട്ടുള്ളത്. കണിച്ചുകുളങ്ങര, ആലപ്പുഴ ലിയോതേർട്ടീന്ത്, കൊറ്റൻകുളങ്ങര, എസ്.ഡി.വി, കലവൂർ, പൊള്ളേത്തൈ, മുഹമ്മ കെ.ഇ കാർമൽ, ആര്യക്കര, കായിപ്പുറം, ചേർത്തല നൈപുണ്യ, കണ്ടമംഗലം, വെച്ചൂർ, എടത്വ പ്രദേശങ്ങളിലെ സ്കൂളുകളിലെ ക്യാമ്പുകളിലും മണ്ണഞ്ചേരിയിലെ സ്‌കൂളുകളിലേക്കും 15,000 പേർക്കുള്ള വസ്ത്രങ്ങൾ, ആയിരത്തിലധികം പായ, പുതപ്പ്, പച്ചക്കറി, പലവ്യഞ്ജന സാധനങ്ങൾ, ബേക്കറി ഉൽപന്നങ്ങൾ, സാനിറ്ററി നാപ്കിൻ, മരുന്നുകൾ, കുടിവെള്ളം തുടങ്ങി ഒട്ടനവധി സാധനങ്ങളാണ് പ്രവർത്തകരുടെ വാഹനങ്ങളിൽ എത്തിച്ച് നൽകിക്കൊണ്ടിരിക്കുന്നത്. ബി. അൻസിൽ, പി.എസ്‌. അജ്മൽ, അസ്‌ലം കോരിയമ്പള്ളി, നവാസ് തുരുത്തി തുടങ്ങിയവരാണ് നേതൃത്വം നൽകുന്നത്. ദുരിതാശ്വാസ പ്രവർത്തനങ്ങൾ വിലയിരുത്താൻ മന്ത്രിയുടെ നേതൃത്വത്തിൽ യോഗം ചേര്‍ത്തല: താലൂക്കിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും യോഗം ഭക്ഷ്യമന്ത്രി വിളിച്ചുചേര്‍ത്തു. ചേര്‍ത്തല ടൗണ്‍ഹാളില്‍ തിങ്കളാഴ്ച രാവിലെ ചേർന്ന യോഗത്തില്‍ വിവിധ വകുപ്പുകളുടെ ഏകോപനവും പോരായ്മയും വിലയിരുത്തി. കുറച്ച് ആളുകളെ മാത്രം ഉള്‍പ്പെടുത്തി ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നത് ഏകോപിപ്പിക്കുകയും ക്രമീകരിക്കുകയും ചെയ്യണമെന്ന് നിര്‍ദേശമുണ്ടായി. ക്യാമ്പുകളില്‍ ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിന് അര്‍ഹതയില്ലാത്ത പ്രദേശവാസികള്‍ കടന്നുകൂടിയിട്ടുള്ളതായി ജനപ്രതിനിധികള്‍ യോഗത്തില്‍ പറഞ്ഞു. ക്യാമ്പുകളിലുള്ളവര്‍ക്ക് പ്രാഥമികകര്‍മങ്ങള്‍ നിര്‍വഹിക്കാനുള്ള സ്ഥലസൗകര്യമില്ലാത്തതാണ് പ്രധാന പോരായ്മ. പല മേഖലകളിലും ശൗചാലയങ്ങൾ ക്യാമ്പ് അംഗങ്ങള്‍ക്ക് തുറന്നുകൊടുക്കുന്നില്ലെന്നും ആരോപണമുണ്ടായി. ക്യാമ്പുകളില്‍ ഇ-ടോയ്െലറ്റുകള്‍ നിർമിച്ചുനല്‍കണമെന്നും പകര്‍ച്ചവ്യാധികള്‍ തടയാന്‍ നടപടിയുണ്ടാകണമെന്നും ആവശ്യമുയര്‍ന്നു. ക്യാമ്പിലുള്ള പ്രദേശവാസികളില്‍ ചിലര്‍ മദ്യപിച്ച് പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നതായും ഇങ്ങനെയുള്ളവര്‍ക്കെതിരെ നടപടി സ്വീകരിക്കാനും തീരുമാനമുണ്ടായി. ഇ-ടോയ്ലറ്റ് മാലിന്യം സംസ്കരിക്കാനുള്ള നടപടിക്ക് ധാരണയായി. താലൂക്കില്‍ 102 ക്യാമ്പുകളിലായി 60,000 പേരുണ്ടെന്ന് വിവിധ ക്യാമ്പുകളുടെ അവലോകന റിപ്പോര്‍ട്ട് അവതരിപ്പിച്ച തഹസില്‍ദാര്‍ എ. അബ്ദുൽ റഷിദ് പറഞ്ഞു. എ.എം. ആരിഫ് എം.എല്‍.എ, നഗരസഭ ചെയര്‍മാന്‍ പി. ഉണ്ണികൃഷ്ണന്‍, ജില്ല പഞ്ചായത്ത് അംഗങ്ങള്‍, ബ്ലോക്ക് പ്രസിഡൻറുമാര്‍, പഞ്ചായത്ത് പ്രസിഡൻറുമാര്‍, വിവിധ ഉദ്യോഗസ്ഥ പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.